കുട്ടികളുടെ ചിത്രം സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാറുണ്ടോ? വിളിച്ചു വരുത്തുന്നത് വലിയ അപകടം
ഈ ഡിജിറ്റൽ യുഗത്തിൽ എല്ലാവരും ഒഴിവ് സമയങ്ങൾ ചിലവഴിക്കുന്നത് സോഷ്യൽ മീഡിയകളിൽ ആണ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, എക്സ്, ഷെയർചാറ്റ് അങ്ങനെ നിരവധി സോഷ്യൽ മീഡിയകൾ ഇപ്പോൾ നമ്മുക്ക് സുലഭമാണ്. ലോകത്ത് എവിടെയുള്ള ആളുകളുമായി സോഷ്യൽ മീഡിയ വഴി നമ്മുക്ക് ബന്ധപ്പെടാം എന്നാതാണ് ഇതിന്റെ പ്രധാന ഗുണം.
അതേ സമയം സോഷ്യൽ മീഡിയകൾ കൊണ്ട് നമ്മുണ്ട് ഉണ്ടാകാൻ സാധ്യത ഉള്ള ദോഷങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ? പ്രത്യേകിച്ചും കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിലൂടെ നിങ്ങൾ എന്തെല്ലാം തരത്തിലുള്ള അപകടങ്ങൾ നേരിടേണ്ടി വന്നേക്കാം എന്ന് അറിയാമോ? നിരവധി ആളുകൾ തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് സർവ്വ സാധാരണമാണ്. എന്നാൽ ഇവർ അറിയുന്നില്ല ഇതിന് പിന്നിൽ നടക്കാൻ സാധ്യതയുള്ള അപകടങ്ങൾ എന്തെല്ലാമാണെന്ന്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കുട്ടികളുടെ സ്വകാര്യതയ്ക്ക് അദൃശ്യമായ അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല ഐഡന്റിറ്റി മോഷണം, ഓൺലൈൻ ഭീഷണിപ്പെടുത്തൽ പോലുള്ള പ്രവർത്തികളിലേക്കും ഇത് നയിച്ചേക്കാം. പലതരം സ്വഭാവമുള്ള ആളുകളാണ് സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നത് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ഇത്തരത്തിൽ നിങ്ങൾ പോസ്റ്റ് ചെയ്ത നിങ്ങളുടെ കുട്ടിയുടെ ചിത്രം വളരെ മോശപ്പെട്ട ഒരാളുടെ കൈയ്യിൽ ലഭിച്ചാൽ എന്തായിരിക്കും സ്ഥിതി?
സോഷ്യൽ മീഡിയകളിൽ നിങ്ങൾ ഒരിക്കൽ ഒരു ചിത്രം പങ്കുവെച്ചാൽ അത് ഡിലീറ്റ് ചെയാലും മായില്ല. ഇതിന്റെ ഡാറ്റകൾ ഡിജിറ്റലായി ഇവിടെ തന്നെ ശേഷിക്കും എന്ന കാര്യം ഓർക്കേണ്ടതാണ്. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. ഇതിനായി നിങ്ങൾ സ്വീകരിക്കേണ്ട ചില മുൻ കരുതലുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. നിങ്ങൾ കുട്ടികളുടെ ചിത്രം പങ്കുവെയ്ക്കുന്നുണ്ടെങ്കിൽ വ്യക്തിഗത വിവരങ്ങൾ ഇതിനൊപ്പം പങ്കുവെയ്ക്കരുത് എന്നാതാണ് ഒന്നാമത്തെ കാര്യം.

ലൊക്കേഷൻ അല്ലെങ്കിൽ സ്ക്കൂൾ, സ്ഥലം എന്നിവ ടാഗ് ചെയ്ത് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരിക്കുക. നിങ്ങളുടെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് മാത്രം കാണുന്ന വിധത്തിൽ സെറ്റിംഗ്സിൽ മാറ്റം വരുത്തുക. നിങ്ങൾക്ക് നേരിട്ട് പരിജയമുള്ള ആളുകൾക്ക് മാത്രമേ ഫോട്ടോകൾ ദൃശ്യമാകൂ എന്ന് ഉറപ്പാക്കണം. മാത്രമല്ല ഡിജിറ്റൽ ലോകത്തെ അപകടങ്ങളെ കുറിച്ച് കുട്ടികൾക്ക് ഒരു അവബോധം സൃഷ്ടിക്കാനും ശ്രമിക്കേണ്ടതാണ്.
കുട്ടികളുടെ കൂടെ ഇരുന്ന് സോഷ്യൽ മീഡിയകൾ ഉപയോഗിക്കാതെ ഇരിക്കാനും ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കുട്ടികൾക്കും ഇത് ഉപയോഗിക്കാനുള്ള പ്രവണത വർധിക്കും. ചില പ്രമുഖർ സോഷ്യൽ മീഡിയകളിൽ തങ്ങളുടെ കുടുംബ ചിത്രം പങ്ക് വെയ്ക്കുമ്പോൾ കുട്ടികളുടെ ചിത്രങ്ങൾ മറയ്ക്കാറുണ്ട്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നേരത്തെ ഇത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ചപ്പോൾ തന്റെ മക്കളുടെ മുഖം ഒരു ഇമോജി ഉപയോഗിച്ച് ഇയാൾ മറച്ചിരുന്നു.
അതുപോലെ തന്നെ തന്റെ കുട്ടിയുടെ മുഖം മറച്ച് വെച്ച ഫോട്ടോ ബോളിവുഡ് നടി അനുഷ്കാ ശർമ്മയും പങ്കുവെച്ചിരുന്നു. ഇത് മാതൃകാപരമായ നടപടി ആണ്. ഇവർ സെലിബ്രറ്റികൾ ആയതിനാൽ തന്നെ ഇവരുടെ കുട്ടികളുടെ ചിത്രങ്ങൾ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ട്. കുട്ടികൾ സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് തുടങ്ങാൻ പ്രായമാകുന്നതിന് മുമ്പ് തന്നെ ഇവർക്ക് ഡിജിറ്റൽ ലോകത്തെ അപകടങ്ങളെ കുറിച്ച് അറിവ് നൽകേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്.
പ്രത്യേകം ഓർക്കുക നിങ്ങൾ ഒരു ചിത്രം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇത് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെങ്കിലും ഇത് യഥാർത്ഥത്തിൽ ഇല്ലാതെ ആകുന്നില്ല. ഈ ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്ന് തന്നെ വീണ്ടും റിക്കവർ ചെയ്യാൻ സാധിക്കുന്നവയാണ്. ഇനി മുതൽ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ മനസിലാക്കി ഇരിക്കേണ്ടതിന്റെ പ്രധാന്യം വളരെ വലുതാണ്.


Click it and Unblock the Notifications








