ആകാശ് 2 സവിശേഷതകള്‍ ഈ മാസം



ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ആകാശ് ടാബ്‌ലറ്റിന്റെ രണ്ടാം പതിപ്പിന്റെ ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ സവിശേഷതകള്‍ ഈ മാസം അവസാനത്തോടെ തീരുമാനിക്കുമെന്ന് കേന്ദ്ര ടെലികോം, മാനവവിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ആകാശ് ടാബ്‌ലറ്റിന്റെ സവിശേഷതകളും ടെക്‌നോളജിയും ഈ മാസത്തിനുള്ളില്‍ അന്തിമമായി തീരുമാനിക്കുന്നതാണെന്നാണ് മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് സിബല്‍ പറഞ്ഞത്.

പൊതുസേവനമേഖലയിലെ വിവരങ്ങള്‍ ഈ ടാബ്‌ലറ്റ് വഴി ലഭ്യമാക്കുമെന്നും സിബല്‍ സൂചിപ്പിച്ചു. എന്നാല്‍ അത് എന്തെല്ലാമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Advertisement

''അടുത്ത അഞ്ച്-ഏഴ് വര്‍ഷത്തിനുള്ളില്‍ എല്ലാ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഈ ടാബ്‌ലറ്റ് ലഭ്യമാക്കാനാകും എന്ന് എനിക്ക് ഉറപ്പുണ്ട്.'' സിബല്‍ പറഞ്ഞു. 1,960 രൂപയ്‌ക്കോ അല്ലെങ്കില്‍ അതിലും താഴ്ന്ന വിലക്കോ ആകും ടാബ് ലറ്റ് എത്തുകയെന്നും മന്ത്രി അറിയിച്ചു.

Advertisement

ഇതിന് മുമ്പ് ആകാശ് 2 മെയ് മാസത്തില്‍ വില്പനക്കെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് പലതവണ ടാബ്‌ലറ്റ് അവതരണത്തിന് കാലതാമസം വരികയായിരുന്നു. ടാബ്‌ലറ്റ് ഉത്പാദനത്തിന് സഹായിക്കുന്ന കമ്പനികള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതും ഇതിന്റെ വരവ് വൈകാന്‍ കാരണമായി.

ഐടി, ടെലികോം, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് എന്നീ മേഖലകളില്‍ ഉയര്‍ന്ന നിക്ഷേപം ആവശ്യമാണെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സിബല്‍ വ്യക്തമാക്കി. ''ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലായി ഈ മേഖലകള്‍ വളര്‍ന്നുവരികയാണ്. ആ സാഹചര്യത്തില്‍ നിക്ഷേപവളര്‍ച്ച അത്യാവശ്യമാണ്.'' അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഓപ്റ്റിക്കല്‍ ഫൈബറിലൂടെ പരസ്പരം ബന്ധിപ്പിക്കാനാണ് ലക്ഷ്യമെന്നും സിബല്‍ അറിയിച്ചു.

Advertisement

അടുത്ത ആറ് മാസത്തിനകം ദേശീയ വിജ്ഞാനശൃംഖല(നാഷണല്‍ നോളജ് നെറ്റ്‌വര്‍ക്ക്)യില്‍ എല്ലാ യൂണിവേഴ്‌സിറ്റികളേയും കോളേജുകളേയും ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും സിബല്‍ പറഞ്ഞു. നിലവില്‍ 604 യൂണിവേഴ്‌സിറ്റികളില്‍ 400 എണ്ണം നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ 35,000 കോളേജുകളില്‍ 14,000 എണ്ണം മാത്രമാണ് ഈ നെറ്റ്‌വര്‍ക്കിന് കീഴില്‍ വരുന്നത്.

ഈ നെറ്റ്‌വര്‍ക്കിന് കീഴിലെ ഡാറ്റാ ഷെയറിംഗിന് 100 മെഗാബൈറ്റ് കണക്റ്റിവിറ്റി വേഗതയാണ് സെക്കന്റില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഏതൊരു കോളേജിലെയും ക്ലാസുകള്‍, നോട്ടുകള്‍ എന്നിവ എവിടെ വെച്ചും ആക്‌സസ് ചെയ്യാന്‍ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.

Best Mobiles in India

Advertisement