എല്ലാ സ്പാം കോളുകളും തടയാം, വീണ്ടും കോൾ വന്നാൽ കേസും കൊടുക്കാം; ട്രായുടെ ഡിഎൻഡി ആപ്പിനെക്കുറിച്ച് അറിയാം
നിരന്തരം വരുന്ന അനാവശ്യ കോളുകൾ നിങ്ങൾക്ക് ശല്യമായി തോന്നുന്നുണ്ടോ? ബാങ്കിൽ നിന്നും കസ്റ്റമർ കെയറുകളിൽ നിന്നുമെല്ലാം വരുന്ന അനാവശ്യ കോളുകൾ ഉപയോക്താക്കൾ എത്രയൊക്കെ ബ്ലോക്ക് ചെയ്താലും വീണ്ടും വേറെ നമ്പറുകളിൽ നിന്ന് ഇവർ നമ്മളെ ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
ഡു നോട്ട് ഡിസ്റ്റർബ് (ഡിഎൻഡി) എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയാണ് ട്രായ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നത്. ഈ ആപ്പ് വഴി അനാവശ്യ കോളുകളും സന്ദേശങ്ങളും എല്ലാം ഉപയോക്താക്കൾക്ക് തടയാൻ സാധിക്കുന്നതായിരിക്കും. ഈ ആപ്പ് നേരത്തെ തന്നെ ട്രായ് അവതരിപ്പിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇതിലെ സാങ്കേതിക പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ഇപ്പോഴിതാ വീണ്ടും പുറത്തിറക്കിയിരിക്കുകയാണ്.

MOST READ: ഗെയിമിങ് പ്രൊഫഷൻ ആക്കുന്നുവോ? ഒരു മാസം തന്നെ ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ നേടാം
ആപ്പിന്റെ ബഗ് പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിച്ചതായി ട്രായുടെ സെക്രട്ടറി വി രഘുനന്ദൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും അനുഭവം മെച്ചപ്പെടുത്തുന്നതിനുമായാണ് ട്രായ് ഇത്തരത്തിൽ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾക്ക് എന്തുകൊണ്ടും വിശ്വസിച്ച് ഇൻസ്റ്റാൾ ചെയ്യാവുന്ന ആപ്പായിരിക്കും ഡിഎൻഡി എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഈ ആപ്പ് ആപ്പിൾ ഉത്പന്നങ്ങളിൽ പ്രവർത്തിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോൾ ലോഗുകൾ ആക്‌സസ് ചെയ്യുന്നതിന് ആപ്പിൾ ചില നിയന്ത്രങ്ങൾ കൊണ്ടു വന്നിരിക്കുന്നതിനാലാണ് ഈ തടസം നേരിടുന്നത്. എന്നാലും ഭാവിയിൽ ഇത് ആപ്പിൾ ഉത്പന്നത്തിലും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ രൂപകൽപന ചെയ്തുകൊണ്ട് ഇരിക്കുകയാണ്. അതേ സമയം ആൻഡ്രോയിഡ് ഫോണുകളിൽ ഈ ആപ്പ് മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നതാണ്. എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡിഎൻഡി ആപ്പ് സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

MOST READ: നിരക്ക് വെറും 23 രൂപ! പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് വിഐ
നിലവിൽ ഈ ആപ്പ് അവതരിപ്പിച്ചതിന് ശേഷം രാജ്യത്ത് അനാവശ്യ കോളുകൾ, മെസേജുകൾ എന്നിവയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായും രഘുനന്ദൻ പറഞ്ഞു. അതേ സമയം നിലവിൽ നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആപ്പ് ട്രൂക്കോളർ ആണെന്നാണ് ആപ്പിന്റെ സിഇഒ അലൻ മമെഡി അവകാശപ്പെടുന്നത്. ഇന്ത്യയിൽ മാത്രം ട്രൂക്കോളറിന് 270 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
പ്രതിദിനം 5 ദശലക്ഷം സ്പാം കോളുകൾ ട്രൂക്കോളർ വഴി ബ്ലോക്ക് ചെയ്യപ്പെടുന്നു എന്നും ഇവർ പറയുന്നു. എന്നരുന്നാലും ട്രൂക്കോളർ വഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് ഏറ്റവും സുരക്ഷിതമായ ആപ്പായിരിക്കും ഡിഎൻഡി. എങ്ങനെ ഡിഎൻഡി ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കാം എന്ന് പരിശോധിക്കാം.
ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ ഈ ആപ്പ് സർച്ച് ചെയ്യുക. TRAI DND 3.0 എന്നായിരിക്കണം സർച്ച് ചെയ്യേണ്ടത്. ശേഷം ഇത് ഇൻസ്റ്റാൾ ചെയ്യുക. ഇൻസ്റ്റാൾ ആയതിന് ശേഷം ഈ ആപ്പ് തുറന്ന് നിങ്ങളുടെ ഫോൺ നമ്പർ നൽകി സൈൻ അപ്പ് ചെയ്യുക ഇപ്പോൾ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി വരുന്നതായിരിക്കും ശേഷം ഇത് നൽകിയതിന് ശേഷം ലോഗ് ഇൻ ചെയ്യുക.
ഇത്തരത്തിൽ നിങ്ങൾ ലോഗ് ഇൻ ചെയ്തിന് ശേഷം നിങ്ങൾക്ക് ശല്യമാകുന്ന നമ്പർ ഈ ആപ്പ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പിന്നീട് ഈ നമ്പറിൽ നിന്ന് നിങ്ങൾക്ക് ഫോൺ കോളുകളോ എസ്എംഎസുകളോ ലഭിക്കുന്നതായിരിക്കില്ല. ഇതിന് ശേഷവും നിങ്ങൾക്ക് ഇങ്ങനെ കോളുകൾ വന്നാൽ നിങ്ങൾക്ക് ഇക്കാര്യം നിങ്ങളുടെ ടെലികോം സേവന ദാതാവിനോട് ഈ ആപ്പ് വഴി തന്നെ പരാതിപ്പെടാവുന്നതാണ്.


Click it and Unblock the Notifications








