വിപിഎൻ ഉപയോഗിക്കുന്നവരെല്ലാവരും ഒന്ന് സൂക്ഷിച്ചോ; ചിലപ്പോൾ മുട്ടൻ പണി തന്നെ കിട്ടിയേക്കാം
ഇന്ന് പല ഉപയോക്താക്കളുടെയും ഫോണിൽ ഉണ്ടായിരിക്കുന്ന പ്രധാനപ്പെട്ട ആപ്പുകളിൽ ഒന്നായിരിക്കും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) എന്നത്. ചില പ്രദേശങ്ങളിലെ നിയന്ത്രിത ഉള്ളടക്കങ്ങൾ ലോക്കേഷൻ മാറ്റി ആക്സസ് ചെയ്യാൻ സഹായിക്കുന്ന ആപ്പുകളിൽ ഒന്നാണ് വിപിഎൻ. ഉപയോക്താക്കളുടെ ഐപി അഡ്രസ് മറച്ചു വെയ്ച്ചുകൊണ്ടാണ് വിപിഎൻ പ്രവർത്തിക്കുന്നത്. ആയതിനാൽ തന്നെ നിരവധി വിവാദങ്ങൾക്കും വിപിഎൻ കാരണമായിട്ടുണ്ട്.
വിപിഎൻ ഉപയോഗം നല്ലതാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ഇത് അപകടകരമാണെന്ന് മറ്റൊരു വിഭാഗം പ്രസ്താവിക്കാറുണ്ട്. പ്രധാനമായും വിപിഎന്നിന്റെ സവിശേഷതകൾ എന്തെല്ലാമാണെന്ന് ഈ ലേഖനത്തിലൂടെ പരിചയപ്പെടാം. ഉപയോക്താക്കളുടെ ബ്രൗസിങ് അനുഭവത്തിന് വിപിഎൻ കൂടുതൽ സുരക്ഷകൾ നൽകുന്നുണ്ടെങ്കിലും നിരവധി ദോഷങ്ങളും വിപിഎനിന്റെ ഉപയോഗത്തിന്റെ ഫലമായി ഉണ്ടാകാറുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു ദോഷമാണ് ഇന്റർനെറ്റ് വേഗത കുറയുന്നത്.

വിപിഎൻ ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ ഇന്റർനെറ്റ് വേഗത കുറയ്ക്കാൻ കാരണമാക്കുന്നുണ്ട്. സാധാരണഗതിയിൽ വെബ്‌സൈറ്റിൻ്റെ സെർവറുമായി ഇൻ്റർനെറ്റ് സേവന ദാതാവിന് നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്നതാണ്. എന്നാൽ വിപിഎൻ ഉപയോഗിക്കുമ്പോൾ ഇതിൽ ഒരു എൻക്രിപ്റ്റ് കൂടി കൂടുതലായി ചേർക്കപ്പെടുന്നുണ്ട്. ഇക്കാരണത്താലാണ് വിപിഎൻ ബന്ധിപ്പിക്കുമ്പോൾ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് വേഗത കുറയുന്നതായി അനുഭവപ്പെടുന്നത്. എന്നാൽ പെയ്ഡ് വിപിഎൻ ഉപയോഗിക്കുന്നവർക്ക് ഈ പ്രശ്നം അനുഭവപ്പെടാൻ സാധ്യത ഉണ്ടാകില്ല. മികച്ച സേവനം ഇവർക്കായി കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേ സമയം മൊബൈൽ ഡാറ്റയ്ക്ക് പകരം വൈഫൈ നെറ്റ്വർക്കുകൾ ഉപയോഗിച്ചാലും ഇന്റർനെറ്റ് വേഗത ഭേദപ്പെട്ട രീതീയിൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്. ചില വിപിഎന്നുകൾ വഴി വ്യാപകമായ മാൽവെയർ ആക്രമണം നടക്കാറുണ്ടെന്നും മുൻപ് പല റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റകൾ അടക്കം ഇത്തരത്തിൽ മോഷണം പോകുകയും ചെയ്തിരുന്നു. സുരക്ഷ വാഗ്ദാനം ചെയ്യുന്നവയാണ് വിപിഎന്നുകൾ എങ്കിലും ഇത്തരം ചുരുക്കം ചില കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആയതിനാൽ തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോറുകൾ തുടങ്ങിയ സുരക്ഷിത ഉറവിടങ്ങളിൽ നിന്ന് മാത്രമേ ഉപയോക്താക്കൾ വിപിഎൻ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവു എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. വിപിഎൻ ഉപയോഗിക്കുമ്പോൾ ഫിഷിങ് സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണം എന്നും ഓർമ്മിപ്പിക്കുന്നു. പെയ്ഡ് സർവ്വീസുകൾ വാഗ്ദാനം ചെയ്യുന്ന വിപിഎൻ ആണ് കൂടുതൽ സുരക്ഷിതം എന്നാണ് ടെക് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
വിപിഎൻ ആപ്പുകൾക്ക് ഒപ്പം മികച്ച ഒരു ആന്റിവൈറസ് ആപ്പും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കേണ്ടതാണ്. കാരണം സാധാരണ ഗതിയിൽ ബ്രൗസ് ചെയ്യുമ്പോൾ വൈറസുകൾ കയറിപ്പറ്റാനുള്ള സാധ്യതയെക്കാൾ കൂടുതലാണ് വിപിഎൻ ഉപയോഗിച്ച് ബ്രൗസ് ചെയ്യുമ്പോൾ ഉണ്ടാകുന്നത്. ആയതിനാൽ തന്നെ ശക്തമായ പാസ്വേർഡുകൾ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ഉപകരണങ്ങൾക്കും നൽകുക. വിപിഎൻ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾക്ക് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് അമിതമായ ഡാറ്റാ ഉപയോഗം.
സാധാരണ ഗതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഡാറ്റ നഷ്ടപ്പെടുന്നതിന്റെ ഇരട്ടി വേഗത്തിൽ വിപിഎൻ ഉപയോഗിക്കുമ്പോൾ ഡാറ്റ നഷ്ടപ്പെടുന്നതായിരിക്കും. പരിമിതമായ അളവിൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് വിപിഎന്നിന്റെ ഉപയോഗം ചിലപ്പോൾ തലവേദന സൃഷ്ടിച്ചേക്കാം. വിപിഎൻ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നത് കാരണമാണ് ഇത്തരത്തിൽ അമിത ഡാറ്റ ഉപഭോഗം വരുന്നത്. അതേ സമയം ചില രാജ്യങ്ങൾ വിപിഎന്നിന്റെ പ്രവർത്തനം വളരെ അപകടകരമായി ആണ് കാണുന്നത്. ആയതിനാൽ തന്നെ ചില രാജ്യങ്ങൾ വിപിഎൻ നിരോധിച്ചിട്ടുമുണ്ട്.
തുർക്ക്മെനിസ്ഥാൻ, ബെലാറസ് ചില ഗൾഫ് രാജ്യങ്ങൾ തുടങ്ങിയവയാണ് വിപിഎൻ നിരോധിച്ചിരിക്കുന്നതിൽ മുൻപന്തിയിൽ. ചൈനയിൽ വിപിഎൻ ഉപയോഗത്തിന് ചില നിയന്ത്രണങ്ങളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഗവൺമെൻ്റ് അംഗീകൃത വിപിഎനുകൾ മാത്രമെ ചൈനയിൽ ഉപയോഗിക്കാൻ സാധിക്കു. അതേ സമയം എല്ലാ വെബ്സൈറ്റുകളിലേക്കുമുള്ള പ്രവേശനം വിപിഎൻ ഉറപ്പ് നൽകുന്നില്ല. ചില വെബ്സൈറ്റുകളിൽ നിരന്തര ബഫറിങ് പ്രശ്നങ്ങൾ വിപിഎനിൽ റിപ്പോർട്ട് ചെയ്യാറുണ്ട്. പ്രധാനമായും മുകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളെല്ലാമാണ് വിപിഎന്നിന്റെ പോരായ്മകളായി എടുത്തുപറയാൻ സാധിക്കുന്നത്.


Click it and Unblock the Notifications








