ഈ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരെ ഹാക്കർമാർ എളുപ്പത്തിൽ കെണിയിലാക്കും; രക്ഷപെടാൻ ഇതാണ് മാർഗം
ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന ഒരു ബ്രൗസർ ആണ് ഗൂഗിൾ ക്രോം. ലോകത്ത് ആകെമാനമായി കോടി കണക്കിന് ഉപയോക്താക്കളാണ് ഗൂഗിൾ ക്രോമിന് ഉള്ളത്. ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സെർട്ട്-ഇൻ)
കാലപ്പഴക്കമുള്ള ഗൂഗിൾ ക്രോം ഒഎസിൽ നിരവധി സുരക്ഷാ പിഴവുകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട് എന്നാണ് അറിയിപ്പിൽ സെർട്ട്-ഇൻ പറയുന്നത്. ഉപയോക്താക്കൾക്ക് വൻ ഭീഷണിയാണ് ഈ സുരക്ഷാ പിഴവുകൾ ഉയർത്തുന്നത്. ഫെബ്രുവരി 8ന് പുറത്തിറക്കിയ കുറിപ്പിലാണ് സെർട്ട്-ഇൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രോമിന്റെ 114.0.5735.350 (Platform Version: 15437.90.0) വേർഷനിലാണ് ഈ അപകടം കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ പിഴവ് മുതലെടുത്ത് വളരെ വേഗത്തിൽ തന്നെ സൈബർ ക്രിമിനലുകൾക്ക് മറ്റുള്ളവരുടെ ഉപകരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.

ഇതിലൂടെ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവയെല്ലാം വളരെ എളുപ്പത്തിൽ സൈബർ ക്രിമിനലുകൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ആയതിനാൽ തന്നെ ഗൂഗിൾ ക്രോമിന്റെ പഴയ വേർഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾ എത്രയും പെട്ടെന്ന് തങ്ങളുടെ ബ്രൗസർ അപ്ഡേറ്റ് ചെയ്യണം എന്നാണ് സെർട്ട്-ഇൻ അറിയിച്ചിരിക്കുന്നത്. വളരെ ആസൂത്രിതമായിട്ട് ആയിരിക്കും ഉപയോക്താക്കളെ സൈബർ ക്രിമിനലുകൾ കെണിയിൽ പെടുത്തുന്നത്.
ഇത്തരക്കാർക്ക് ചില ഫിഷിങ് സന്ദേശങ്ങൾ സൈബർ ക്രിമിനലുകൾ ആയയ്ക്കുന്നതാണ്. ഈ സന്ദേശത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ നൽകിയിരിക്കുന്ന എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്താലോ ചില മാൽവെയറുകൾ ഇവരുടെ ഉപകരണത്തിൽ പ്രവേശിക്കുന്നത് ആയിരിക്കും. ഈ മാൽവെയറുകളുടെ സഹായത്തോടെയാണ് ഹാക്കർമാർ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. വിദൂരമായി തന്നെ ഇവർക്ക് ഉപകരണങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ അപകടത്തിൽ നിന്ന് എങ്ങനെ രക്ഷപെടാം എന്ന് പരിശോധിക്കാം.

ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പായി ബ്രൗസറിനെ അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ക്രോമിന്റെ 114.0.5735.350 വേർഷന് ശേഷമുള്ള വേർഷൻ ആണ് ഇതിന് ഏറ്റവും അനുയോജ്യം. പല തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാൻ അപ്ഡേറ്റ് വേർഷനുകൾ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. പല തരത്തിലുള്ള സുരക്ഷാ പാച്ചുകൾ പുതിയ അപ്ഡേഷനിൽ ഉപയോഗിക്കാറുണ്ട്. ഇതിന് പുറമെ ഉപയോക്താക്കളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങൾക്ക് വരുന്ന സന്ദേശങ്ങളിൽ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കാൻ ശ്രമിക്കേണ്ടതാണ്. ഇതിന് പുറമെ എന്തെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതായി വന്നാൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രമെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവു. എപികെ ആപ്പുകളോ മറ്റ് വെബ്സൈറ്റുകളിൽ നിന്നുള്ള ആപ്പുകളോ ഇൻസ്റ്റാൾ ചെയ്താൽ ഇതിൽ മാൽവെയറുകളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
മികച്ച ആന്റി വൈറസുകൾ ഉപയോഗിക്കുന്നതും നിങ്ങളുടെ ഉപകരണത്തിന്റെ സുരക്ഷതത്വം വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. നിങ്ങളുടെ ഉപകരണങ്ങളും ഉപയോഗിക്കുന്ന ആപ്പുകളും കാലനുസൃതമായി അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കാനും ശ്രമിക്കേണ്ടതാണ്. അതേ സമയം നേരത്തെയും ഇത്തരത്തുള്ള മുന്നറിയിപ്പുമായി സെർട്ട്-ഇൻ രംഗത്ത് വന്നിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം ഐഫോൺ, ഐമാക്ക് ഉപയോക്താക്കൾക്ക് സമാനമായ മുന്നറിയിപ്പ് സെർട്ട്-ഇൻ നൽകിയിരുന്നു. ഏത് സമയവും ഹാക്ക് ചെയ്യപ്പെട്ടേക്കാവുന്ന രീതിയിലാണ് ഈ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് എന്നായിരുന്നു അറിയിപ്പിൽ പറഞ്ഞിരുന്നത്.
ഒഎസ് 17.3ന് മുമ്പുള്ള സോഫ്റ്റുവെയറിൽ പ്രവർത്തിക്കുന്ന ആപ്പിള്‍ ടിവി എച്ച്ഡി, ആപ്പിള്‍ ടിവി 4 കെ പോലുള്ള എല്ലാ ആപ്പിൾ ടിവികളും ഈ ഭീഷണി നേരിടുന്നതായിരിക്കും. ഒഎസ് 10.3 വേര്‍ഷന് മുമ്പുള്ള സോഫ്റ്റുവെയറിൽ പ്രവർത്തിക്കുന്ന ആപ്പിൾ വാച്ചുകളും ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ കൈയ്യടക്കാമെന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചില ആപ്പിൾ വാച്ചുകളും സമാനമായ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഈ അറിയിപ്പിൽ പറയുന്നു.


Click it and Unblock the Notifications








