ചേട്ടൻ സൂപ്പർഹിറ്റായെങ്കിൽ അനിയൻ മെഗാഹിറ്റാകും; റെനോ 11 സീരീസിൽ കിടിലം ഫീച്ചറുകളോടെ പുതിയ ഫോൺ അവതരിപ്പിച്ചു
ജനുവരിയിൽ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ച ഓപ്പോ റെനോ 11 സീരീസിൽ ഒരു പുതിയ ഫോണിനെ ഓപ്പോ പുറത്തിറക്കി. ഓപ്പോ റെനോ 11 എഫ് എന്ന ഫോണിനെയാണ് ഓപ്പോ കഴിഞ്ഞ ദിവസം തായ്ലാന്റിൽ പുറത്തിറക്കിയത്. ജനുവരിയിൽ പുറത്തിറക്കിയ ഓപ്പോ റെനോ 11 സീരീസിന് ഇന്ത്യയിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.
ഇതിനെ തുടർന്നാണ് ഈ സീരീസിൽ മറ്റൊരു ഫോൺ കൂടി പുറത്തിറക്കാൻ ഓപ്പോ തീരുമാനിച്ചത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14ൽ ആയിരിക്കും ഓപ്പോയുടെ പുതിയ ഫോൺ പ്രവർത്തിക്കുക. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഓപ്പോ റെനോ 11 എഫിനായി കമ്പനി തയ്യാറാക്കിയിരിക്കുന്നു. MediaTek Dimensity 7050 ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത് എന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

കോറൽ പർപ്പിൾ, ഓഷ്യൻ ബ്ലൂ, പാം ഗ്രീൻ എന്നിവയാണ് ഈ നിറങ്ങൾ. ഫോണിന്റെ വില പരിശോധിക്കുമ്പോൾ 10,990 തായ് ബാറ്റ് ആണ് വില. അതായത് ഇന്ത്യൻ മാർക്കറ്റിലെ ഏകദേശം 25,540 രൂപ. 8ജിബി റാം 256ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഈ വേരിയന്റിൽ മാത്രമാണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തായ്ലാന്റിലെ ഇ കൊമേഴ്‌സ് പോർട്ടലായ ലസാഡ വഴിയാണ് ഫോൺ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്.
പുതിയ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കുമോ എന്ന കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ പുതിയ ഫോണായ ഓപ്പോ റെനോ 11 എഫ് ഓപ്പോ എഫ് 25 എന്ന പേരിൽ ഇന്ത്യയിൽ റീബ്രാൻഡ് പതിപ്പായി അവതരിപ്പിക്കും എന്ന് ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

120 Hz റിഫ്രഷ് റേറ്റ്, 240 Hz ടച്ച് സാംപ്ലിംഗ് നിരക്ക്, pixel 394 ppi എന്നിവ അവകാശപ്പെടുന്ന 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1,080x2,412 പിക്‌സൽ) AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. 1,100 നിറ്റ് വരെ പീക്ക് തെളിച്ചവും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ MediaTek Dimensity 7050 ചിപ്‌സെറ്റാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്.
ഓപ്പോ റെനോ 11 എഫിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ പിൻവശത്തായി മൂന്ന് ക്യാമറകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ പ്രൈമറി ക്യാമറ 64 എംപിയാണ്. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയും ഓപ്പോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണിന്റെ അൾട്രാ വൈഡ് ലെൻസിനായി ഉപയോഗിച്ചിരിക്കുന്നത് സോണി IMX355 സെൻസർ ആണ്. 8 എംപിയാണ് ഇതിന്റെ കരുത്ത്. ഇതിന് പുറമെ 2 എംപിയുടെ മാക്രോ ലെൻസും സ്ഥാനം പിടിച്ചിട്ടുണ്ട്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻ വശത്ത് സ്ഥാനം പിടിച്ചിരിക്കുന്ന ഫ്രണ്ട് ക്യാമറ 32 എംപിയാണ്. 67W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയും ഓപ്പോ റെനോ 11 എഫിൽ ഇടം പിടിച്ചിട്ടുണ്ട്. അത്യാവശ്യം ഭേദപ്പെട്ട ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഫോണിന്റെ ഡസ്റ്റ് വാട്ടർ റെസിസ്റ്റൻസ് റേറ്റ് ആകട്ടെ IP65 ആണ്.
അധിക സുരക്ഷയ്ക്കായി ഒരു ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറും ഈ ഫോണിനായി ഓപ്പോ നൽകിയിരിക്കുന്നു. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, NFC, GPS, GLONASS, ഗലീലിയോ, USB ടൈപ്പ്-സി എന്നിവയാണ് ഓപ്പോ റെനോ 11 എഫിന്റെ പ്രധാന കണക്ടിവിറ്റികൾ. 177 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. മിഡ് ബഡ്ജറ്റിൽ വാങ്ങാൻ സാധിക്കുന്ന മികച്ച ഫോണുകളിൽ ഒന്നായിരിക്കും ഓപ്പോ റെനോ 11 എഫ്.


Click it and Unblock the Notifications








