അടിമുടി മാറ്റവുമായി വാട്സ്ആപ്പ്; പുതിയ അപ്ഡേറ്റിൽ നാവിഗേഷൻ ബാർ താഴെയെത്തി, വ്യത്യാസങ്ങൾ അറിയാം
നാവിഗേഷൻ ബാറിൽ വലിയ മാറ്റം വരുത്തി ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള പുതിയ അപ്ഡേറ്റിൽ ആണ് പുതിയ മാറ്റം വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ വാട്സ്ആപ്പ് അപ്‍ഡേറ്റ് ചെയ്യുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ പുതിയ മാറ്റം ലഭിക്കുന്നതായിരിക്കും എന്ന് കമ്പനി അറിയിച്ചു.
നേരത്തെ മുകളിൽ നൽകിയിരുന്ന നാവിഗേഷൻ ബാറാണ് വാട്സ്ആപ്പ് താഴെക്ക് കൊണ്ടുവന്നിരിക്കുന്നത്. ചാറ്റ്സ്, അപ്ഡേറ്റ്സ്, കമ്മ്യൂണിറ്റി, കോൾസ് എന്നിങ്ങനെ നാല് ഓപ്ഷൻ ആയിരിക്കും ഈ നാവിഗേഷൻ ബാറിൽ ഉണ്ടായിരിക്കുക. ഇത് മുകളിൽ ആയിരുന്നപ്പോൾ ചാറ്റ്സ്, സ്റ്റേറ്റസ്, കോൾസ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ മാത്രമായിരുന്നു ഈ നാവിഗേഷൻ ബാറിൽ ഉണ്ടായിരുന്നത്. നിലവിൽ നിരവധി ഉപയോക്താക്കളുടെ വാട്സ്ആപ്പിൽ ഈ മാറ്റം വന്നിട്ടുണ്ട്.

MOST READ: ഒരു ലക്ഷം രൂപയുടെ ലാപ്ടോപ്പ് 29,990 രൂപയ്ക്ക്; ലാപ്പുകൾക്ക് 77 ശതമാനം വരെ ഓഫറുമായി ആമസോൺ
പഴയ നാവിഗേഷൻ ബാറിൽ ഉണ്ടായിരുന്ന സ്റ്റേറ്റസ് എന്ന ഓപ്ഷൻ തന്നെയാണ് പുതിയ മാറ്റത്തിന് കീഴിൽ അപ്ഡേറ്റ്സ് എന്ന പേരിൽ അറിയപ്പെടുന്നത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ എന്ന മാധ്യമം ഈ വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം വാട്സ്ആപ്പിന്റെ പുതിയ മാറ്റത്തിനോട് സമ്മിശ്ര പ്രതികരണമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിക്കുന്നത്.
പുതിയ മാറ്റം നല്ലതാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ പഴയത് തന്നെ ആയിരുന്നു മികച്ചത് എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. അതേ സമയം ആൻഡ്രോയിഡിന് പിന്നാലെ ഐഒഎസിലും പുതിയ മാറ്റം ഉടൻ എത്തുമെന്നാണ് അറിയുന്നത്. ഗൂഗിളിന്റെ പുതിയ മെറ്റീരിയല്‍ ഡിസൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വാട്സ്ആപ്പിന്റെ ഈ പുതിയ മാറ്റം എന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. പുതിയ നാവിഗേഷന്‍ ബാര്‍ എളുപ്പം ഉപയോഗിക്കാനാവുമെന്ന് വാട്‌സാപ്പ് അവകാശപ്പെടുന്നു.

അതേ സമയം ഈ മാറ്റത്തിന് പിന്നാലെ മറ്റൊരു മാറ്റവും വാട്സ്ആപ്പ് പദ്ധതി ഇടുന്നുണ്ടെന്ന് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സജ്ജസ്റ്റഡ് കോൺടാക്ട് എന്ന പേരിൽ ആയിരിക്കും പുതിയ ഫീച്ചർ എത്തുക. ചാറ്റ് ചെയ്യുന്നതിനായി കോണ്‍ടാക്റ്റുകള്‍ നിര്‍ദേശിക്കുന്നതിനുള്ള ഫീച്ചര്‍ ആയിരിക്കും ഇത്. ആന്‍ഡ്രോയിഡിന്റെ 2.24.7.23 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെയായി നിരവധി മാറ്റമാണ് വാട്സ്ആപ്പിൽ വന്നിരിക്കുന്നത്.
ഇതിൽ പ്രധാന മാറ്റങ്ങളിൽ ഒന്നാണ് മൂന്ന് ചാറ്റുകൾ വരെ പിൻ ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ. ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടത് അല്ലെങ്കിൽ പ്രധാനപ്പെട്ട ചാറ്റുകൾ ഇത്തരത്തിൽ പിൻചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്താൽ ചാറ്റ്ലിസ്റ്റിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് നേരത്തെ പിൻചെയ്ത് വെച്ച ചാറ്റുകൾ ആയിരിക്കും. ഇതിന് പുറമെ നിരവധി പുതിയ ഫീച്ചറുകൾ വാട്സ്ആപ്പിൽ കൊണ്ടുവരാനും മെറ്റ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ഫീച്ചറാണ് വോയിസ് ടു ടെക്സ്റ്റ് ഫീച്ചർ.
ഈ ഫീച്ചർ ഉടൻ വാട്സ്ആപ്പിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. വോയിസ് നോട്ട് പ്ലേ ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഇത് ടെക്സ്റ്റ് ആയി വായിക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ള ഫീച്ചർ ആയിരിക്കും ഇത്. ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി വാട്സ്ആപ്പ് നടത്തിവരികയായിരുന്നു. ഇപ്പോൾ അത് അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് വാബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഐഒഎസിൽ ഈ ഫീച്ചർ ആദ്യമെത്തിയിരുന്നു എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
ഇതിന് പുറമെ നിരവധി എഐ ഫീച്ചറുകളും വാട്സ്ആപ്പിൽ കൊണ്ടുവരാനായി മെറ്റ ശ്രമിക്കുന്നുണ്ട്. ചാറ്റ്ജിപിറ്റി, ഗൂഗിൾ ജെമിനി എന്നിവയ്ക്ക് സമാനമായ ഒരു എഐ ചാറ്റ്ബോട്ട്, എഐ ഇമേജ് എഡിറ്റർ തുടങ്ങിയ ഫീച്ചറുകൾ കൊണ്ടുവരാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്. വാബീറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വാട്ട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ 2.24.7.13 അപ്‌ഡേറ്റിൽ ആയിരിക്കും ഈ എഐ ഫീച്ചറുകൾ എത്താൻ സാധ്യത. വാട്സ്ആപ്പിൽ ഈ ഫീച്ചറുകൾ എത്തിയാൽ ആപ്പ് കൂടുതൽ ജനപ്രിയമാകും എന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








