ഇനി 20,000 രൂപ തികച്ച് വേണ്ട പുതിയ ലാപ്ടോപ്പുകൾക്ക്, അതും ഫ്രഞ്ച് കമ്പനിയുടേത്
സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിൽ വില കുറഞ്ഞ ലാപ്ടോപ്പ് അവതരിപ്പിച്ച് ഫ്രഞ്ച് ഇലക്ട്രോണിക് ഗാഡ്ജറ്റ് നിർമ്മാതാക്കളായ തോംസൺ. 20,000 രൂപയ്ക്ക് താഴയുള്ള ലാപ്ടോപ്പുകളാണ് തോംസൺ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹസ്ര ഗ്രൂപ്പിന്റെ സഹകരണത്തോടെ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ലാപ്ടോപ്പുകളാണ് ഇവ.
19,990 രൂപയ്ക്കാണ് പുതിയ ലാപ്ടോപ്പുകൾ ഇവർ അവതരിപ്പിച്ചിരിക്കുന്നത്. എൻട്രി ലെവൽ സെഗ്‌മെന്റിലാണ് വിൻഡോസ് 11ൽ റണ്ണാകുന്ന ഈ ലാപ്ടോപ്പുകൾ എത്തുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഇനിമുതൽ തോംസണിന്റെ സേവനം ലഭ്യമാകുന്നതാണെന്ന് തോംസൺ കമ്പ്യൂട്ടിംഗ് ഗ്ലോബൽ ജനറൽ മാനേജർ പിയറി ക്രാസ്‌നോവ്‌സ്‌കി പറഞ്ഞു. സഹസ്ര നിർമ്മിച്ചിരിക്കുന്ന ആദ്യത്തെ ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പ് കൂടിയാണിത്. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുടെ ഗുണഭോക്താക്കളിൽ പെടുന്ന ഗ്രൂപ്പാണ് സഹസ്ര.

ഒരു വർഷം കൊണ്ട് ഇത്തരത്തിലെ 100,000 യൂണിറ്റ് ലാപ്ടോപ്പുകളുടെ ഉത്പാദനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സഹസ്ര ഗ്രൂപ്പിന്റെ സിഇഒ വരുൺ മൻവാനി പറഞ്ഞു. അടുത്ത ആറ് വർഷത്തിനുള്ളിൽ 250 കോടി രൂപ ചിലവ് വരുന്ന നിക്ഷേപങ്ങൾ നടത്താനാണ് സഹസ്യ ഗ്രൂപ്പ് പദ്ധതിയിടുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ ഉത്തർപ്രദേശിലെ ഭിവാഡിയിൽ ഫാക്ടറിയുടെ നിർമ്മാണത്തിനായി 50 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനുള്ള അവസരവും സഹസ്ര ഗ്രൂപ്പ് ഒരുക്കുമെന്നും വരുൺ മൻവാനി പറഞ്ഞു. അതേ സമയം തോംസണിന്റെ പുതിയ ലാപ്ടോപ്പുകൾ ജനുവരി മുതൽ വിൽപനയ്ക്കെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ ആയിരിക്കും ഈ ലാപ്ടോപ്പുകൾ ഓൺലൈനായി വാങ്ങാൻ സാധിക്കുക. ഇതിന് പുറമെ ഇതേ തിയതി മുതൽ ഓഫ്ലൈനായും ഇവ ലഭിക്കുന്നതായിരിക്കും.

ക്രോമ, വിജയ് സെയിൽസ് തുടങ്ങിയ സ്റ്റോറുകളിൽ നിന്നാണ് തോംസൺ ലാപ്ടോപ്പുകൾ ഓഫ്ലൈനായി വാങ്ങാൻ സാധിക്കുക. പ്രധാനമായും വിദ്യാഭ്യാസം പോലുള്ള ആവിശ്യങ്ങൾക്ക് വിദ്യാർത്ഥികൾക്ക് വലിയ തോതിൽ സഹായമായേക്കാവുന്ന ബേസിക്ക് ലാപ്ടോപ്പുകളാണ് ഇവ. ഗൂഗിളിന്റെ ക്രോംബുക്ക്, റിലയൻസിന്റെ ജിയോബുക്ക്, ഷാർക്ക് ടാങ്ക് ഫണ്ട് ചെയ്ത പ്രൈംബുക്ക് എന്നിവ ആയിരിക്കും ഇന്ത്യൻ മാർക്കറ്റിൽ തോംസണിന്റെ പ്രധാന എതിരാളികൾ. അതേ സമയം ഈ ലാപ്ടോപ്പുകൾ ക്രോംബുക്കുകളേക്കാൾ മികച്ച് നിൽക്കും എന്നാണ് ക്രാസ്നോവ്സ്കി അവകാശപ്പെടുന്നത്.
ഇന്റൽ പ്രോസസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഈ ലാപ്ടോപ്പിൽ ഉണ്ടെന്ന് തോംസൺ ഇന്ത്യയുടെ മാനേജർ അവിനാഷ് സിംഗ് വെളിപ്പെടുത്തി. ഒറ്റ ചാർജിൽ 12 മണിക്കൂറോളം ഈ ലാപ്ടോപ്പുകൾക്ക് ബാറ്ററി ലൈഫ് ലഭിക്കുമെന്നും ഇവർ അവകാശപ്പെടുന്നു. ലാപ്ടോപ്പ് നിർമ്മാണ മേഖലയിൽ ഏറെ പരിജയമുള്ള കമ്പനിയാണ് തോംസൺ. നേരത്തെ ബെർലിനിലെ IFA-യിൽ 900 ഗ്രാം ഭാരമുള്ള ലാപ്‌ടോപ്പ് പുറത്തിറക്കിയതിന്റെ പേരിൽ ഇവർക്ക് പ്രത്യേകം പുരസ്ക്കാരം ലഭിച്ചിരുന്നു.
എന്നിരുന്നാലും റിലയൻസ് ജിയോ പോലുള്ള കുത്തകകൾ ഇന്ത്യൻ മാർക്കറ്റ് ഭരിക്കുമ്പോൾ ഇവിടെ തോംസണിന് മാർക്കറ്റ് പിടിച്ചെടുക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അതേ സമയം ഒരു വർഷം കൊണ്ട് എൻട്രി ലെവൽ ലാപ്ടോപ്പിന്റെ മാർക്കറ്റിലെ 10 ശതമാനം വിപണിയാണ് തോംസൺ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ത്യൻ ഗാഡ്ജറ്റ് മാർക്കറ്റിലെ 11 ശതാമാനം വിപണി മാത്രമേ ലാപ്ടോപ്പുകൾക്ക് അവകാശപ്പെടാൻ സാധിക്കുന്നുള്ളു.
ഈ സാഹചര്യത്തിൽ 10 ശതമാനം എന്ന് പറഞ്ഞാലും ഇത് വലിയ വിപണി ആയിരിക്കും. നിലവിൽ ഇന്ത്യൻ ഗാഡ്ജറ്റ് മാർക്കറ്റിൽ ഏറെ മുന്നിട്ട് നിൽക്കുന്നത് സ്മാർട്ട് ഫോണുകളാണ് 76 ശതമാനം ആണ് സ്മാർട്ട് ഫോണുകളുടെ വിപണി വിഹിതം. പിസിയ്ക്ക് അവകാശപ്പെടാനുള്ളത് 24 ശതമാനം ആണ്. ജിയോ ആയിട്ട് ഏറ്റുമുട്ടാൻ സാധിക്കില്ലെങ്കിലും കഴിയുന്നത്ര ഉത്പന്നങ്ങൾ വിറ്റഴിക്കാനായിരിക്കും തോംസണിന്റെ ശ്രമം.


Click it and Unblock the Notifications








