പി 1 ഫോണുകൾക്കൊപ്പം ഏപ്രിൽ 15ന് റിയൽമി മറ്റൊരു കരുത്തനെയും പുറത്തിറക്കും; ടാബ് പ്രേമികൾക്ക് കോളടിച്ചു
സാധാരണക്കാരായ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ബ്രാൻഡുകളാണ് ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ. സ്മാർട്ട് ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്ലെറ്റുകൾ തുടങ്ങി നിരവധി ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഇവർ പുറത്തിറക്കാറുണ്ട്. ഇതിൽ ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ വിലക്കുറവിൽ ലഭിക്കും എന്നതാണ് ശ്രദ്ധേയം.
ആയതിനാൽ തന്നെ ഇത്തരം ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കൾ ആണ് ഇന്ത്യയിൽ ഉള്ളത്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായ കമ്പനിയാണ് റിയൽമി. ഇതിനോടകം തന്നെ നിരവധി ഉത്പന്നങ്ങൾ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഉത്പന്നം കൂടി എത്തിക്കുകയാണ് കമ്പനി. റിയൽമിയുടെ ഏറ്റവും പുതിയ ടാബ്ലെറ്റായ റിയൽമി പാഡ് 2 വൈഫൈ വേർഷൻ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി പാഡ് 2വിന്റെ അപ്ഗ്രേഡ് വേർഷൻ ആയിട്ടായിരിക്കും പുതിയ പാഡ് കമ്പനി ഇന്ത്യയിൽ എത്തിക്കുന്നത്. ആയതിനാൽ തന്നെ പഴയ ഉപകരണത്തെ അപേക്ഷിച്ച് നിരവധി അപ്ഗ്രേഡുകളും റിയൽമി തങ്ങളുടെ പുതിയ ഉപകരണത്തിന് നൽകിയേക്കും. ഏപ്രിൽ 15ന് ഈ റിയൽമി പാഡ് 2 വൈഫൈ വേർഷൻ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
റിയൽമി പി 1 സീരീസ് ഫോണുകൾക്ക് ഒപ്പം ആയിരിക്കും പുതിയ പാഡും ഇവർ അവതരിപ്പിക്കുക. ഇക്കാര്യം റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിൽ ആയിരിക്കും റിയൽമി തങ്ങളുടെ പാഡ് 2 വൈഫൈ വേർഷൻ ഇന്ത്യയിൽ പുറത്തിറക്കുക. ഇനിന്റെ മുൻഗാമിയ്ക്കും ഇതേ പതിപ്പ് തന്നെയാണ് കമ്പനി നൽകിയത്. 19,999 രൂപ ആയിരുന്നു ഇതിന്റെ വില.

എന്നാൽ പുതിയ പതിപ്പിന് 17,000 രൂപയ്ക്കും 18,000 രൂപയ്ക്കും ഇടയിൽ ആയിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം റിയൽമി പുറത്തിറക്കിയ പാഡ് 2വിന് 1.5 ഇഞ്ച് 2K LCD സ്‌ക്രീൻ ആയിരുന്നു നിർമ്മാതാക്കൾ നൽകിയിരുന്നത്. ഈ സ്ക്രീനിന് 120 Hz വേരിയബിൾ റീഫ്രഷ് റെയ്റ്റ്, DC ഡിമ്മിംഗ്, 450nits പീക്ക് തെളിച്ചം എന്നിവയും അവകാശപ്പെടാനുണ്ടായിരുന്നു. മീഡിയടെക് ഹീലിയോ G99 SoC പ്രൊസസർ ആണ് ഇതിന് കരുത്ത് നൽകിയത്.
7.2mm സ്ലീക്ക് മെറ്റൽ ബോഡി, ക്വാഡ് സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയായിരുന്നു ഇതിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. കൂടാതെ 33W SuperVOOC ഫാസ്റ്റ് ചാർജിംഗിങ്ങ് പിന്തുണയുള്ള 8360 mAh ബാറ്ററിയും ഈ ഉപകരണത്തിൽ പായ്ക്ക് ചെയ്തിരുന്നു. അതേ സമയം ഇമാജിനേഷൻ ഗ്രേ, ഇൻസ്പിരേഷൻ ഗ്രീൻ എന്നീങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ആയിരിക്കും പുതിയ റിയൽമി പാഡ് 2 വൈഫൈ വേർഷൻ പുറത്തിറങ്ങുക.
പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റായ realme.com-ലുടെയും ആയിരിക്കും ഇത് വിൽപനയ്ക്ക് എത്തുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ റിയൽമി പി 1 സീരീസ് ഫോണുകൾക്ക് ഒപ്പം ആയിരിക്കും പുതിയ പാഡ് റിയൽമി അവതരിപ്പിക്കുക. റിയൽമി P1 5ജി (Realme P1 5G), റിയൽമി P1 പ്രോ 5ജി (Realme P1 Pro 5G) എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടാകുക.
ഇതിൽ റിയൽമി പി 1 5ജി 15,000 രൂപയിൽ താഴെ വിലയിലും പി 1 പ്രോ 5ജി 20,000 രൂപയിൽ താഴെ വിലയിലും ആയിരിക്കും അവതരിപ്പിക്കുക എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വില കുറവാണെങ്കിലും പ്രീമിയം ഫീച്ചറുകൾ തന്നെ ഈ പി സീരീസ് ഫോണുകളിൽ റിയൽമി ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ ഫോണുകൾ പുറത്തിറക്കുന്നത് എന്നാണ് റിയൽമി അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








