5000 രൂപയുടെ ഫീച്ചറുകൾ 2,999 രൂപയുടെ ഇയർബഡിൽ നൽകി ഷവോമി; റെഡ്മി ബഡ്സ് 5 ഇന്ത്യയിൽ അവതരിപ്പിച്ചു
ഇയർബഡ്സ് പ്രേമികൾക്ക് സന്തോഷ വാർത്ത. റെഡ്മിയുടെ ഏറ്റവും പുതിയ ടിഡബ്ലുഎസ് ഇയർബഡായ റെഡ്മി ബഡ്സ് 5 ഇന്ത്യയിൽ അവതരിപ്പിച്ചു. പാട്ട് ആസ്വദിക്കുന്നവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന തരത്തിലാണ് പുതിയ ഇയർബഡ് റെഡ്മി പുറത്തിറക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ വിലയിൽ തന്നെ ഈ ഇയർബഡുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ തന്നെ രണ്ട് മണിക്കൂറോളം പാട്ട് കേൾക്കാനുള്ള ശേഷി ഈ റെഡ്മി ബഡ്സ് 5ന് ഉണ്ട് എന്നാണ് ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഇയർബഡിന്റെ ആകെ പ്ലേ ടൈം 38 മണിക്കൂർ ആണെന്നും ഷവോമി പറയുന്നു. ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയിൽ ആണ് ഈ ഇയർബഡ് പ്രവർത്തിക്കുന്നത്. മികച്ച ഫോൺ കോൾ എക്സ്പീരിയൻസ് ചെയ്യാനായി എഐ വോയിസ് എൻഹാൻസ്മെന്റും ഈ ഇയർബഡിന് നൽകിയിരിക്കുന്നു.

12.4mm ടൈറ്റാനിയം ഡ്രൈവുകളും റെഡ്മി ബഡ്സ് 5ന് അവകാശപ്പെടാനുണ്ട്. ഒരേ സമയം രണ്ട് ഡിവൈസുകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും വിധത്തിലാണ് ഷവോമി ഈ ഇയർബഡ് തയ്യാറാക്കിയിരിക്കുന്നത്. ഡ്യുവൽ-ഡിവൈസ് ജോടിയാക്കൽ സവിശേഷതയുടെ സഹായം കൊണ്ട് ഒരേ സമയം സ്മാർട്ട് ഫോണിലും ലാപ്ടോപ്പിലും ഈ ഇയർബഡ് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. റെഡ്മി ബഡ്സ് 5 നിങ്ങളുടെ പക്കൽ നിന്ന് നഷ്ടപ്പെട്ട് പോയാലും എളുപ്പത്തിൽ ഇവ വീണ്ടെടുക്കാനുള്ള സൗകര്യവും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്.
ഫൈൻഡ് യുവർ ഇയർഫോൺ എന്ന ഫീച്ചറിന്റെ സഹായത്താലാണ് ഇത് പ്രാവർത്തികമാക്കുന്നത്. ഇതിന്റെ സഹായത്താൽ അവസാനം എവിടെ നിന്നാണ് ഇയർബഡ് പ്ലേ ചെയ്തത് എന്ന ലൊക്കേഷൻ നമ്മുക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്. ഉപകരണത്തിൽ തൊട്ടുകൊണ്ട് തന്നെ പ്രവർത്തനം നിയന്ത്രിക്കാൻ സാധിക്കും വിധത്തിൽ ടച്ച് കൺട്രോളിങ്ങും റെഡ്മി ബഡ്സ് 5നായി നൽകിയിട്ടുണ്ട്. ഷവോമി ഇയർബഡ് ആപ്പ് ഉപയോഗിച്ച് റെഡ്മി ബഡ്സ് 5ന്റെ പ്രവർത്തനം കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

46 ഡിബി ഹൈബ്രിഡ് ആക്ടീവി നോയിസ് ക്യാൻസലേഷനും ഈ ഇയർബഡിന്റെ സവിശേഷതയാണ്. ചുറ്റുപാടുമുള്ള അനാവശ്യ ശബ്ദങ്ങളിൽ നിന്ന് ഈ ഫീച്ചർ മികച്ച ശ്രവണ സുഖം വാഗ്ദാനം ചെയ്യുന്നതാണ്. തികച്ചും ലൈറ്റ് വെയ്റ്റ് ആയിട്ടാണ് ഷവോമി ഈ ഇയർബഡ് നിർമ്മിച്ചിരിക്കുന്നത്. ചാർജിങ് കെയ്സിന്റെ ഭാരം വെറും 42.47 ഗ്രാമും ഇയർബഡുകളുടെ ഭാരം വെറും 10.25 ഗ്രാമും മാത്രമാണ്. IP54 ആണ് ഇതിന്റെ ഡസ്റ്റ്, വാട്ടർ പ്രതിരോധം.
എർഗണോമിക് ഇൻ-ഇയർ ഡിസൈനിൽ ആണ് റെഡ്മി ബഡ്സ് 5 പുറത്തിറക്കിയിരിക്കുന്നത്. ആയതിൽ തന്നെ ഇവ നിങ്ങളുടെ ചെവിയിൽ നിന്ന് എളുപ്പത്തിൽ ഇളകി പോകില്ല എന്നും റെഡ്മി അവകാശപ്പെടുന്നു. ഇക്യൂ സൗണ്ട് ഇഫക്ട്, വോക്കൽ എൻഹാൻസ്മെന്റ്, ട്രബിൾ ബൂസ്റ്റ്, ബാസ് ബൂസ്റ്റ് എന്നിങ്ങനെ വിവിധ മോഡുകളിലും ഈ ഇയർബഡ് ഉപയോഗിച്ച് സംഗീതം ആസ്വദിക്കാൻ സാധിക്കുന്നതാണ്. റെഗുലർ, എൻഹാൻസ്ഡ് വോയ്സ്, എൻഹാൻസ്ഡ് ആംബിയൻ്റ് എന്നിവയാണ് ഇതിന്റെ ട്രാൻസ്പെരൻസി മോഡുകൾ.
ഫ്യൂഷൻ വൈറ്റ്, ഫ്യൂഷൻ പർപ്പിൾ, ഫ്യൂഷൻ ബ്ലാക്ക് എന്നീ നിറങ്ങളിൽ ആണ് ഷവോമി തങ്ങളുടെ റെഡ്മി ബഡ്സ് 5 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 2,999 രൂപയാണ് ഈ ഇയർബഡുകളുടെ വില. ഫെബ്രുവരി 20 മുതൽ ആയിരിക്കും രാജ്യത്ത് ഇവയുടെ വിൽപന ആരംഭിക്കുന്നത്. ആമസോൺ, ഫ്ലിപ്പ്കാർട്ട്, മി.കോം, മി ഹോംസ്, ഷവോമി റീട്ടെയിൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ ഇയർബഡുകൾ വാങ്ങാൻ സാധിക്കുന്നതായിരിക്കും.
ലോഞ്ചിന്റെ ഭാഗമായി ചില ഓഫറുകളും ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്മി നോട്ട് 13 സീരീസ് ഫോണുകൾ, ഷവോമി പാഡ് 6 ടാബ് എന്നീ ഉപകരണങ്ങൾക്ക് ഒപ്പം റെഡ്മി ബഡ്സ് 5 വാങ്ങുന്നവർക്ക് ഇവ വെറും 2,499 രൂപയ്ക്ക് ലഭിക്കുന്നതായിരിക്കും. അതായത് 2,999 രൂപയുടെ ഇയർ ബഡിന് 500 രൂപ ഡിസ്കൗണ്ട്. പരിമിതമായ കാലത്തേയ്ക്ക് മാത്രമാണ് ഈ ഓഫർ ഉണ്ടാകു എന്നും ഷവോമി ഇന്ത്യ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








