കോലിയുടെ കരുത്ത് അളക്കുന്ന സ്മാർട്ട് ബാൻഡ്; പരിശീലന സമയവും കായിക ക്ഷമതയും എല്ലാം രേഖപ്പെടുത്തും
2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യൻ ടീം യോഗ്യത നേടിയിരിക്കുകയാണ്. കരുത്തരായ ആസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനൽ മത്സരത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. ക്രിക്കറ്റിലെ അടുത്ത ലോക ചാമ്പ്യൻമാർ ആരായിരിക്കും എന്ന് ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം അറിയാൻ സാധിക്കും.
ഇത്തവണ മികച്ച ബൗളിംഗ്, ബാറ്റിംഗ് നിരയോടെ ആണ് ഇന്ത്യൻ ടീം എത്തിയിരിക്കുന്നത്. ബൗളിംഗിൽ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുമ്പോൾ ബാറ്റിംഗിൽ രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവരെല്ലും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നുണ്ട്. എന്നിരുന്നാലും നിലവിലെ ഇന്ത്യൻ ടീമിന്റെ കുന്തമുന എന്ന് പറയുന്നത് മുഹമ്മദ് ഷമിയും വിരാട് കോലിയും ആണ്.

സാക്ഷാൽ ക്രിക്കറ്റ് ദൈവമായ സച്ചിൻ തെൻഡുൽക്കർ പടുത്തുയർത്തിയ റെക്കോർഡ് അദ്ദേഹത്തിനെ സാക്ഷി നിർത്തി തന്നെ കഴിഞ്ഞ ദിവസം വിരാട് കോലി മറി കടന്നതിന് നമ്മളെല്ലാം സാക്ഷികളായതാണ്. എന്നാൽ ഈ മത്സരത്തിൽ കോലി കൈയ്യിൽ അണിഞ്ഞിരുന്ന ഒരു ബാൻഡ് ശ്രദ്ധിച്ചിരുന്നോ? ഇത് വെറും സാധാരണമായ ഒരു ബാൻഡ് അല്ല. സ്മാർട്ട് വാച്ചുകളെക്കാൾ ഉപകാരപ്പെടുന്ന തരത്തിലുള്ള ഒരു സ്മാർട്ട് ബാൻഡ് ആണ്. നിരവധി ഫീച്ചറുകളാണ് ഈ ബാൻഡിൽ ഉള്ളത്.
കോലി മാത്രം അല്ല മുൻനിരയിലുള്ള നിരവധി അത്ലറ്റുകൾ ഇത്തരത്തിലുള്ള ബാൻഡുകൾ അണിയാറുണ്ട്. പ്രമുഖ ബാസ്‌ക്കറ്റ്‌ബോൾ താരം ലെബ്രോൺ ജെയിംസ്, ഒളിമ്പിക് നീന്തൽ താരം മൈക്കൽ ഫെൽപ്‌സ്, ഗോൾഫ് താരം ടൈഗർ വുഡ്‌സ് എന്നിവരെല്ലാം തന്നെ ഇത്തരത്തിലുള്ള ബാൻഡുകൾ അണിയുന്നവരാണ്. വൂപ്പ് (WHOOP) എന്ന വെയറബിൾ ടെക്‌നോളജി കമ്പനി വികസിപ്പിച്ചെടുത്ത സ്മാർട്ട് ബാൻഡ് ആണിത്. പ്രധാനമായും ഫിറ്റ്നസ് പരിശോധിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

അഞ്ച് സെൻസറുകളാണ് ഈ ഉപകരണത്തിൽ ഉള്ളത്. അഞ്ച് ദിവസത്തോളം നീളുന്ന ബാറ്ററി ലൈഫും ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ തന്നെ ആപ്പുമായി ഘടിപ്പിച്ചാണ് വൂപ്പിന്റെ സ്മാർട്ട് ബാൻഡ് പ്രവർത്തിപ്പിക്കേണ്ടത്. സ്മാർട്ട് വാച്ചുകൾക്ക് സമാനമായി നിങ്ങളുടെ ഹൃദയമിടിപ്പ്, ഉറക്കം, വ്യായാമം എന്നിവയെല്ലാം ഇവ ട്രാക്ക് ചെയ്യുന്നു. ഹൃദയമിടിപ്പിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടായാൽ ഇവ ഉപയോക്താക്കളെ അറിയിക്കുന്നതാണ്. മാത്രമല്ല ഉപയോക്താക്കളുടെ ശരീര താപനിലയും ഇതിലൂടെ അറിയാൻ സാധിക്കും.
ഒരാളുടെ കായിക ക്ഷമത അളക്കാനും ഈ സ്മാർട്ട് ബാൻഡ് ഉപയോഗിക്കാവുന്നതാണ്. ആയതിനാൽ തന്നെയാണ് നിരവധി അത്ലറ്റുകൾ വൂപ്പ് ബ്രാൻഡ് തിരഞ്ഞെടുക്കുന്നത്. ഹൃദയമിടിപ്പിന്റെ വേഗത, പോലുള്ള കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നതിനാൽ തന്നെ അത് അനുസരിച്ച് പരിശീലനം നടത്താനും കൃത്യമായ ഇടവേളകൾ എടുക്കാനും അത്ലറ്റുകൾക്ക് സാധിക്കുന്നു. ഈ ബാൻഡ് പ്രവർത്തിക്കാൻ സഹായിക്കുന്ന ആപ്പിന്റെ ഡെസ്ക്ടോപ് വേർഷനും ലഭ്യമാണ്. ഇതിൽ നിരവധി വിവരങ്ങൾ അടങ്ങിയിരിക്കുന്നു.
ഇത്തരം വിവരങ്ങൾ അവലോകനം ചെയ്ത് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശീലനം അത്ലറ്റുകൾക്ക് തന്നെ വിലയിരുത്താവുന്നതാണ്. ഇത് തന്നെയാണ് അത്ലറ്റുകളുടെ ഇഷ്ട ബ്രാൻഡായി വൂപ്പ് മാറാൻ കാരണം. Onyx SuperKnit ബാൻഡ് എന്നാണ് ഈ ബാൻഡിന് വൂപ്പ് നൽകിയിരിക്കുന്ന പേര്. IP68 ഡസ്റ്റ് പ്രൂഫ് അവകാശപ്പെടുന്ന ഈ ഉപകരണം. രണ്ട് മണിക്കൂർ വരെ 10 മീറ്റർ ആഴത്തിലുള്ള വെള്ളത്തെ പ്രതിരോധിക്കും.
പ്രത്യേകം സബ്സ്ക്രിപ്ഷൻ ചാർജോടെയാണ് ഈ സ്മാർട്ട് ബാൻഡ് പ്രവർത്തിക്കുന്നത്. 239 ഡോളർ ആണ് ഇതിന്റെ വാർഷിക സബ്സ്ക്രിപ്ഷൻ ചാർജ് അതായത് ഏകദേശം 19,899 രൂപ. ആജീവനാന്ത വാറന്റിയോടെയാണ് ഈ ബാൻഡുകൾ അവതരിപ്പിച്ചിരിക്കുന്നത്. ലോകത്താകെമാനം 40ഓളം രാജ്യങ്ങളിൽ വൂപ്പിന്റെ ഈ സ്മാർട്ട് ബാൻഡ് ലഭ്യമാണ്. എന്നാൽ ഇന്ത്യൻ വിപണിയിൽ ഇതുവരെ ഈ ഉപകരണം ലഭ്യമല്ല. എന്നാൽ കോലിയുടെ സ്വാധീനം മൂലം ഉടൻതന്നെ ഇന്ത്യൻ വിപണിയിലും ഇവർ വിൽപന ആരംഭിച്ചേക്കും.


Click it and Unblock the Notifications








