കൈയ്യിൽ പണമില്ലെങ്കിൽ ഗൂഗിൾ പേ നിങ്ങൾക്ക് പണം തരും; കടമായിട്ടാണേ... തിരിച്ചു കൊടുക്കണേ...
ഇന്ന് സ്മാർട്ട് ഫോണുകൾ കൈവശമുള്ള ആളുകൾ എല്ലാവരും തന്നെ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നായിരിക്കും ഗൂഗിൾ പേ. നിരവധി യുപിഐ ആപ്പുകൾ ഇന്ന് ഇന്ത്യയിൽ നിലവിൽ ഉണ്ടെങ്കിലും ഗൂഗിൾ പേയും ഫോൺ പേയും ആണ് മുന്നിൽ നിൽക്കുന്നത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ളത് ഗൂഗിൾ പേയ്ക്കാണ്.
യുപിഐ ആപ്പുകളുടെ ഉപയോഗം വർധിച്ചതോടെ ഇന്ത്യയിലെ പണമിടപാടുകൾ ഭൂരിഭാഗവും കറൻസി രഹിതമായി. ഇന്ന് രാജ്യത്തിന്റെ ചില കുഗ്രാമങ്ങളിൽ വരെ യുപിഐ ആപ്പുകളുടെ സേവനം ലഭ്യമാണ്. രാജ്യത്ത് നടക്കുന്ന ബഹുഭൂരിപക്ഷം പണമിടപാടുകൾ ഡിജിറ്റൽ രൂപത്തിലാണ് ഇപ്പോൾ നടക്കുന്നത്. പ്രത്യേകിച്ചും കോവിഡ് ലോക്ഡൗൺ സമയം മുതലാണ് കൂടുതൽ ആളുകളും യുപിഐ ആപ്പുകൾ ഉപയോഗിച്ച് തുടങ്ങിയത്. ഇന്ന് എല്ലാത്തരം പണമിടപാടുകൾക്കും ഇത്തരം ആപ്പുകളെ ആണ് ഉപയോക്താക്കൾ ആശ്രയിക്കുന്നത്.

എന്നാൽ വെറുതെ പണം അയയ്ക്കാൻ മാത്രമല്ല ഗൂഗിൾ പേ കൊണ്ടുള്ള ഉപയോഗം. ഗൂഗിൾ പേയിൽ നിന്ന് നിങ്ങൾക്ക് ആവിശ്യ ഘട്ടങ്ങളിൽ കടം വാങ്ങാം എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? അതേ സംഗതി സത്യമാണ് 20,000 രൂപ വരെ ഇത്തരത്തിൽ ഗൂഗിൾ പേയിൽ നിന്ന് ഉപയോക്താക്കൾക്ക് കടമായി വാങ്ങാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം തന്നെ നിങ്ങളുടെ ഗൂഗിൾ പേ ആപ്പ് തുറക്കേണ്ടതാണ്.
ശേഷം വലത് വശത്ത് മുകൾ ഭാഗത്തായി കാണുന്ന നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ പ്രൊഫൈൽ വലുതായി നിങ്ങളുടെ സ്ക്രീനിൽ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ബാങ്ക് അക്കൗണ്ട്, റൂപെയ് ക്രെഡിറ്റ് കാർഡ്, യുപിഐ ലൈറ്റ് എന്നിങ്ങനെ ഒരു പ്രത്യേക വിഭാഗമായി മൂന്ന് ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഈ വിഭാഗങ്ങൾക്ക് മകളിലായി ഒരു ആരോ മാർക്കും കാണാൻ സാധിക്കും.

ഈ ആരോ മാർക്കിലാണ് നിങ്ങൾ ക്ലിക്ക് ചെയ്യേണ്ടത്. ഇപ്പോൾ നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും ഇതിൽ ആഡ് ക്രെഡിറ്റ് ലൈൻ എന്ന ഒരു ഓപ്ഷനും കാണാം. ഇവിടെയാണ് നിങ്ങൾ ക്ലിക്ക് ചെയ്യേണ്ടത്. ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ എന്നീ ബാങ്കുകളുടെ ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ഏതെങ്കിലും ഒരു ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ഗൂഗിൾ പേയിൽ നിന്ന് കടമായി പണം വാങ്ങാൻ സാധിക്കും.
നിലവിൽ ഈ രണ്ട് ബാങ്കിൽ ഏതെങ്കിലും ഒന്നിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഇത്തരത്തിൽ ഗൂഗിൾ പേയിൽ നിന്ന് പണം കടം വാങ്ങാൻ സാധിക്കു. വരും ദിവസങ്ങളിൽ മറ്റ് ബാങ്കുകളും ഈ സേവനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 20,000 രൂപ വരെ ഇത്തരത്തിൽ കടമായി ഗൂഗിൾ പേയിൽ നിന്ന് വാങ്ങാൻ സാധിക്കുന്നതാണ്. അതേ സമയം ഇത്തരത്തിൽ കടമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളും ഉണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
നിങ്ങൾ ഇത്തരത്തിൽ കടം വാങ്ങിച്ച പണം 42 ദിവസത്തിനുള്ളിൽ തന്നെ തിരിച്ചടയ്ക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്. ഇതിന് സാധിച്ചില്ലെങ്കിൽ പ്രതിമാസം 3 ശതമാനം പലിശ ഇവർ ഈടാക്കുന്നതാണ്. പണം 42 ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഇത്തരത്തിൽ വായ്പ എടുക്കുന്നതായിരിക്കും നല്ലത്. മാത്രമല്ല അത്യാവശ്യ ഘട്ടങ്ങൾ വരുമ്പോൾ മാത്രം ഈ വിദ്യ പ്രയോഗിക്കാനും ശ്രദ്ധിക്കുക.
അനാവശ്യ കാര്യങ്ങൾക്ക് ഈ പണമെടുത്തു കഴിഞ്ഞാൽ ചിലപ്പോൾ ഇത് നിങ്ങൾക്ക് വലിയ ബാധ്യതയാകാനും സാധ്യതയുണ്ട്. ചുരുക്കി പറഞ്ഞാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഗൂഗിൾ പേയുടെ ക്രെഡിറ്റ് ലൈനും ഉപയോഗിക്കുന്നത്. അത്യാവശ്യ സാഹചര്യങ്ങളിൽ ഉപകാരപ്പെടുമെങ്കിലും അനാവശ്യമായി ഉപയോഗിച്ചാൽ സിബിൽ സ്കോർ കുറയാനും ഇത് നിങ്ങളുടെ ആകെ ബാങ്കിങ് ഇടപാടിനെ ബാധിക്കാനും ഇടയാകും.


Click it and Unblock the Notifications








