ഗൂഗിൾ പേയിൽ പണം അയയ്ക്കുമ്പോൾ നമ്പർ മാറിപ്പോയോ? നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
ഇന്നത്തെ ഈ ഡിജിറ്റൽ ലോകത്ത് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതിൽ ഭൂരിഭാഗം ആളുകളും പണമിടപാടുകൾക്ക് ആശ്രയിക്കുന്ന പ്രധാന ആപ്പുകളാണ് ഗൂഗിൾ പേയും ഫോൺ പേയും പേടിഎമ്മും എല്ലാം. യുപിഐ സംവിധാനമുള്ള നിരവധി ആപ്പുകൾ ഉണ്ടെങ്കിലും ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ പ്രിയം ഈ മൂന്ന് ആപ്പുകളോട് ആണ്.
ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പണമിടപാടുകൾക്കായി ആശ്രയിക്കുന്നതും ഈ ആപ്പുകളെ തന്നെയാണ്. ഒരു ചായക്കടയിൽ കയറിയാൽ തന്നെ ഇപ്പോൾ പണമിടപാടുകൾക്കായി യുപിഐ ആപ്പുകളെ ആണ് ആശ്രയിക്കുന്നത്. ഡിജിറ്റൽ ലോകത്ത് ഡിജിറ്റൽ ഇന്ത്യയും മുന്നേറുന്നു എന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ഇത്തരം ക്യാഷ്ലെസ് പണമിടപാടുകൾ. കോറോണ കാലത്തിന് ശേഷമാണ് ഇത്തരം ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചത്. നിലവിൽ ഗ്രാമങ്ങളിൽ വരെ യുപിഐ പണമിടപാടുകൾ നടത്താം എന്ന തരത്തിൽ നമ്മുടെ സമൂഹം മാറിയിട്ടുണ്ട്.

പണം കൈയ്യിൽ കൊണ്ട് നടക്കണ്ട എന്നതാണ് ഇത്തരം യുപിഐ ആപ്പുകളുടെ സവിശേഷത. മാത്രമല്ല നിത്യ ജീവിതത്തിനെ ബാധിക്കുന്ന പല കാര്യങ്ങളും നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുമായി ബന്ധപ്പെട്ട് ഇരിക്കുന്നു. ഫോൺ 2, 3 ദിവസം പണി മുടക്കിയാൽ തന്നെ ജീവിതം ദുഷ്ക്കരമാകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പ്രധാനമായും പണമിടപാടുകൾ നടത്താൻ ആയിരിക്കും കൂടുതൽ ബുദ്ധിമുട്ടുക. കാരണം ഇപ്പോൾ അധികം ആരും കൈയ്യിൽ പണം കൊണ്ടു നടക്കാറില്ല.
ഇനി പണം എടുക്കണമെങ്കിൽ തന്നെ എടിഎം തേടി അലയേണ്ടി വരും. അതേ സമയം യുപിഐ ആപ്പുകൾ ഉപയോഗിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലപ്പോൾ പലർക്കും സംഭവിച്ചിട്ടുള്ള കാര്യം ആയിരിക്കും ഇത്തരത്തിൽ പേയ്മെന്റ് നടത്തുമ്പോൾ നമ്പർ മാറി പോയി വേറെ നമ്പറിലേക്ക് പണം അയച്ചു പോകുന്നത്. ഇത്തരത്തിൽ സംഭവിച്ചാൽ നഷ്ടപ്പെട്ട പണം എങ്ങനെ തിരിച്ചെടുക്കണമെന്ന് പലർക്കും അറിയില്ല. എന്നാൽ ഇങ്ങനെ പണം നഷ്ടപ്പെട്ടാൽ രണ്ട് മാർഗങ്ങളിലൂടെ നമ്മുക്ക് പണം തിരിച്ചെടുക്കാവുന്നതാണ്.

ഇതിൽ ആദ്യത്തെ മാർഗം എന്നത് നമ്മൾ പണം അയച്ച ആളിനോട് പണം തിരികെ ചോദിക്കുന്ന രീതിയാണ്. നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ നമ്മുക്ക് പരിജയം ഉള്ള ആളാണെങ്കിൽ നമ്മുക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടിയേക്കാം. അതേ സമയം ഈ പണം നമ്മുക്ക് തിരിച്ച് ലഭിച്ചില്ലെങ്കിൽ ഇവ കിട്ടാനായി വേറെ ഒരു മാർഗം ഉണ്ട് ഇത് എന്താണെന്ന് പരിശോധിക്കാം. ഇതിനായി എൻപിസിഐയുടെ വെബ്സൈറ്റ് സന്ദർശിച്ച് നമ്മുക്ക് പരാതി നൽകാവുന്നതാണ്.
ഇതിനായി ആദ്യം യുപിഐ ഡിസ്പ്യൂട്ട് റീഡ്രസൽ മെക്കാനിസം (upi dispute redressal mechanism) എന്ന് ഗൂഗിളിൽ സർച്ച് ചെയ്യുക. ഇതിൽ ആദ്യം വരുന്ന സർച്ച് റിസൾട്ടിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ എൻപിസിഐയുടെ വെബ്സൈറ്റിൽ എത്തിയിരിക്കും. ഇതിൽ നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും. താഴെയായി കംപ്ലേയിന്റ്സ് എന്ന ഒരു വിഭാഗവും കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ചെയ്യുമ്പോഴും നിരവധി സബ് ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ നിന്ന് ഇൻകറക്ട്ലി ട്രാൻസ്ഫ്രഡ് ടു അനദർ അക്കൗണ്ട് എന്ന ഓപ്ഷനാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ശേഷം നിങ്ങളുടെ ട്രാൻസാഷനുമായി ബന്ധപ്പെട്ട കുറച്ച് വിവരങ്ങൾ നൽകാനും ഈ സൈറ്റ് നിങ്ങളോട് ആവിശ്യപ്പെടും. ഇവയെല്ലാം പൂരിപ്പിച്ചതിന് ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്യുമ്പോൾ നിങ്ങളുടെ പരാതി രജിസ്റ്റർ ആയിട്ടുണ്ടാകും.
ശേഷം നിങ്ങൾ നൽകിയ പരാതി ഇവർ റിവ്യൂ ചെയ്ത് നോക്കും നിങ്ങളുടെ പരാതി ജനുവിൻ ആണെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇനി മുതൽ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള ആപ്പുകളിൽ നിന്ന് നമ്പർ മാറി പണം അയച്ചാൽ വിഷമിക്കേണ്ട മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ പണം തിരികെ ലഭിക്കുന്നതായിരിക്കും.


Click it and Unblock the Notifications








