വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ സൂക്ഷിക്കണം; ഇനി ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകും
രാജ്യത്ത് വീണ്ടും വൈദ്യുതി ബില്ല് തട്ടിപ്പ് വ്യാപകമാകുന്നു. അടുത്തിടെ ഇത്തരത്തിൽ നടന്ന തട്ടിപ്പിലൂടെ മഹാരാഷ്ട്രയിൽ 72കാരനിൽ നിന്ന് 7.35 ലക്ഷം രൂപയാണ് സ്കാമർമാർ തട്ടിയെടുത്തത്. ഇന്റലിജൻസ് ബ്യൂറോ സർവ്വീസിൽ നിന്ന് വിരമിച്ചയാളാണ് തട്ടിപ്പിനിരയായത്. വ്യാജ വൈദ്യുതി ബില്ല് അയച്ചാണ് സ്കാമർമാർ ഇയാളിൽ നിന്ന് പണം തട്ടിയെടുത്തത്.
നേരത്തെയും നിരവധി തവണ ഇത്തരം വൈദ്യുതി ബില്ല് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം ഇത് ആദ്യമായാണ് വീണ്ടും ഈ തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രഘുനാഥ് കരംബേൽക്കർ എന്നയാൾക്കാണ് ഇപ്പോൾ പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഉടൻ പണമടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഇയാൾ പണം അടയ്ക്കാൻ തയ്യാറായത്. സംഭവത്തിൽ നവ്ഘർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഫോണിലൂടെയായിരുന്നു തട്ടിപ്പുകാർ രഘുനാഥ് കരംബേൽക്കറെ ബന്ധപ്പെട്ടത്. കഴിഞ്ഞ മാസത്തെ ബില്ല് ഇയാൾ അടച്ചിരുന്നെങ്കിലും ഇതിന്റെ രേഖ ലഭിച്ചിട്ടില്ല എന്നാണ് ഫോണിൽ ബന്ധപ്പെട്ട തട്ടിപ്പുകാർ ഇയാളോട് പറഞ്ഞത്. ഉടൻ പണം അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും ഇവർ ഭീഷണി പെടുത്തി. തുടർന്ന് ഇയാൾക്ക് ബന്ധപ്പെടാനായി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിലെ ഉദ്യോഗസ്ഥന്റെത് എന്ന പേരിൽ ഒരു നമ്പറും ഇയാൾക്ക് നൽകി.
ഈ നമ്പറിലെ വാട്സ്ആപ്പിൽ രഘുനാഥ് ബന്ധപ്പെട്ടു. തുടർന്ന് ബില്ല് അടയ്ക്കാൻ എന്ന വ്യാജേന ഒരു ലിങ്ക് ഇയാൾക്ക് തട്ടിപ്പുകാർ അയച്ചു നൽകി. എന്നാൽ ഇയാൾക്ക് ഈ ലിങ്കിൽ പ്രവേശിക്കാൻ സാധിച്ചില്ല. പിന്നീട് ഭാര്യയുടെ ഫോണിൽ നിന്നാണ് രഘുനാഥ് ഈ ലിങ്കിൽ പ്രവേശിച്ചത്. പ്രത്യേക ഫീസ് എന്ന നിലയിൽ 5 രൂപ അടയ്ക്കാനും ബില്ലിങ്ങിന്റെ പ്രക്രിയയ്ക്കായി വ്യക്തിഗത വിവരങ്ങൾ പങ്കിടാനും സ്കാമർമാർ ഇയാളെ നിർബന്ധിച്ചു.

തുടർന്ന് ഈ വിവരങ്ങൾ ഇദ്ദേഹം പങ്കിടുകയും ചെയ്തു. ഇതിന് ശേഷമാണ് അക്കൗണ്ടിൽ നിന്ന് വലിയ തോതിൽ പണം നഷ്ടപ്പെട്ട കാര്യം ഇയാൾ അറിയുന്നത്. 5 ലക്ഷത്തിന്റെയും 2 ലക്ഷത്തിന്റെയും ഫിക്സഡ് ഡിപ്പോസിറ്റുകൾ പിൻവലിച്ചതായി ആണ് ബാങ്കിൽ നിന്ന് ലഭിച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതിന് പുറമെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് 34,000 രൂപയും ഇയാൾക്ക് നഷ്ടപ്പെട്ടു. ഇതേ തുടർന്നാണ് രഘുനാഥ് പോലീസിന് പരാതി നൽകിയത്.
സംഭവത്തിൽ അജ്ഞാതരായ സ്കാമർമാർക്കെതിരെ പോലീസ് വഞ്ചനയ്ക്കും സൈബർ തട്ടിപ്പിനും കേസെടുത്തിട്ടുണ്ട്. നിലവിൽ തട്ടിപ്പുകാർ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിരവധി തട്ടിപ്പുകളാണ് ഇതിന് സമാനമായി നടക്കുന്നത്. നേരത്തെ ഇ ചലാൻ തട്ടിപ്പ്, ക്ഷുദ്ര വൈറസുകൾ അയയ്ച്ചുകൊണ്ടുള്ള തട്ടിപ്പ്, ഡേറ്റിംഗ് ആപ്പുകൾ വഴി നടത്തുന്ന തട്ടിപ്പ്, ഫിഷിംഗ് മെയിലുകൾ അയയ്ച്ചുള്ള തട്ടിപ്പ് എല്ലാം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരം ഓൺലൈൻ തട്ടിപ്പുകളോട് ഉപയോക്താക്കൾ ജാഗ്രത പാലിക്കേണ്ടതാണ്. അജ്ഞാതരായ ആളുകളിൽ നിന്നുള്ള ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവയോട് പ്രതികരിക്കാതെ ഇരിക്കുക. ഇവർ അയയ്ക്കുന്ന സന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക. ക്ഷുദ്ര വൈറസുകൾ നിറഞ്ഞ വെബ് സൈറ്റുകളിലേക്ക് ആയിരിക്കും ഈ ലിങ്ക് നിങ്ങളെ കൊണ്ടുപോകുക. ഇത്തരം വൈറസുകൾ നിങ്ങളുടെ ഉപകരണത്തിൽ എത്തിയാൽ പിന്നെ ഈ ഉപകരണം എവിടെ നിന്നും സ്കാമർമാർക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതായിരിക്കും.
മാത്രമല്ല ഓൺലൈനിൽ നിങ്ങൾക്ക് പരിജയം ഇല്ലാത്തവരുമായി വ്യക്തിപരമായ വിവരങ്ങൾ പങ്കുവെയ്ക്കുന്നതും നിങ്ങൾ ഒഴിവാക്കേണ്ടതാണ്. ഇത്തരത്തിൽ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാത്രം ബില്ല് അടയ്ക്കുക. സംശയം ഉണ്ടെങ്കിൽ അടുത്തുള്ള കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെടുക. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പാലിച്ചു കഴിഞ്ഞാൽ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് നിങ്ങൾക്ക് ഒരു പരുധി വരെ രക്ഷപെടാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








