വാറന്റി കഴിഞ്ഞാലും കുഴപ്പമില്ല; സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങാം
സ്മാർട്ട് ഫോണുകൾ കൂടുതലായി പ്രചാരത്തിൽ എത്തിയത് 2010കളോടെയാണ്. ഇതിന് മുമ്പും പല ആളുകൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നെങ്കിലും അധികം ജനപ്രിയമായിരുന്നില്ല. പിന്നീടാണ് സ്മാർട്ട് ഫോണുകൾ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായത്. ഈ അടുത്ത കാലത്ത് ലോക്ഡൗൺ പിരീയഡിൽ ആണ് പ്രായമായവർക്കിടയിൽ അടക്കം സ്മാർട്ട് ഫോണുകൾ കടന്നു ചെന്നത്.
ധാരാളം വർഷമായി സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ ഒരിക്കൽ എങ്കിലും നേരിട്ടിട്ടുള്ള പ്രശ്നമാണ് സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യുമ്പോൾ ഫോണിന്റെ പ്രവർത്തനം നിലയ്ക്കുന്നത്. പ്രധാനമായും ഡിസ്പ്ലേ, മദർ ബോർഡ് പ്രശ്നങ്ങളാണ് ഇത്തരത്തിൽ സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലം സംഭവിക്കുന്നത്. ഇത്തരത്തിൽ സംഭവിച്ചാൽ പിന്നീട് ഫോണുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതായിരിക്കില്ല. സർവ്വീസ് സെന്ററിൽ നൽകിയാലും ചില കേടുപാടുകൾ മാത്രമെ പരിഹരിക്കാൻ സാധിക്കു.

ഇത്തരത്തിൽ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യുന്നത് മൂലം കേടുപാടുകൾ സംഭവിച്ചാൽ പലരും ഈ ഫോൺ പിന്നീട് ഉപേക്ഷിക്കുകയാണ് ചെയ്യാറ്. പലരുടെയും വിചാരം വാറന്റി പിരീയഡിൽ മാത്രമെ ഇത്തരത്തിലുള്ള കേടുപാടുകൾക്ക് നഷ്ടപരിഹാരം ലഭിക്കു എന്നാണ്. എന്നാൽ അതല്ല സത്യം. സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലമാണ് നിങ്ങളുടെ ഫോൺ പ്രവർത്തന രഹിതമായത് എന്ന് തെളിയിക്കാൻ സാധിച്ചാൽ നിങ്ങൾക്ക് ഫോൺ നിർമ്മാതാക്കളുടെ പക്കൽ നിന്ന് നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ സാധിക്കുന്നതാണ്.
ഇതിന് വാറന്റി പിരീയഡോ ഗ്യാരന്റി പിരീയഡോ ഒന്നും ബാധകമല്ല. കൺസ്യൂമർ കോടതി വഴി ആയിരിക്കും ഇത്തരത്തിൽ നമ്മുക്ക് നഷ്ടപരിഹാരം നേടിയെടുക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ ഒരു സംഭവം അടുത്ത കാലത്ത് തിരുവനന്തപുരത്ത് നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അശ്വഘോഷ് സൈന്ധവ് എന്ന ഇരുപതുകാരനാണ് പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ പക്കൽ നിന്ന് നഷ്ടപരിഹാരം നേടിയെടുത്തത്. ഇയാൾ ഉപയോഗിച്ചിരുന്ന റെഡ്മി നോട്ട് 10 സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലം പ്രവർത്തനം നിലച്ചു പോയിരുന്നു.

MOST READ: വിവോ വി30 സീരീസിന്റെ ഫീച്ചറുകൾ പുറത്ത് വിട്ടു; പ്രോ പതിപ്പിൽ നാല് ക്യാമറകളും 50 എംപി
തുടർന്ന് ഇദ്ദേഹം സർവ്വീസ് സെന്ററുമായി ബന്ധപ്പെട്ടെങ്കിലും വാറന്റി പിരീയഡ് കഴിഞ്ഞതിനാൽ സൗജന്യമായി നന്നാക്കിൻ സാധിക്കില്ല എന്നായിരുന്നു മറുപടി ലഭിച്ചത്. ഇതിനെ തുടർന്നാണ് ഇദ്ദേഹം കൺസ്യൂമർ കോടതിയെ സമീപിച്ചത്. എന്നാൽ കോടതിയിൽ കേസുമായി ബന്ധപ്പെട്ട് ഷോവോമിയുടെ ഭാഗത്ത് നിന്ന് ആരും എത്തിയിരുന്നില്ല. മൂന്ന് തവണ കേസ് വിളിച്ചെങ്കിലും ഒരിക്കൽ പോലും ഷവോമിയുടെ അധികൃതർ ഇവിടെ ഹാജരായിരുന്നില്ല. അതേ തുടർന്ന് അശ്വഘോഷിന് നഷ്ടപരിഹാരം നൽകാൻ കോടതി ആവിശ്യപ്പെടുകയായിരുന്നു.
ഫോണിന്റെ വിലയായ 12,700 രൂപയും നഷ്ടപരിഹാര തുകയായി 20,000 രൂപയും കോടതി ചിലവായി 2500 രൂപയും നൽകണം എന്നായിരുന്നു കോടതിയുടെ വിധി. അതായത് ആകെ 36,843 രൂപ. എന്നാൽ ഈ തുക നൽകാൻ ഷവോമി അധികൃതർ തയ്യാറായില്ല. ഇതിന് ശേഷം അശ്വഘോഷ് എക്സിക്യൂഷൻ അപേക്ഷ ഫയൽ ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് കോടതി വിളിച്ച ആദ്യ കേസിലും ഷവോമിയിൽ നിന്ന് ആരും ഹാജരായില്ല. രണ്ടാമത്തെ ഹിയറിങ്ങിൽ ആണ് ഇവർ ഹാജരായത്.
ശേഷം കോടതിയുടെ ഉത്തരവ് അനുസരിച്ച് ഷവോമി അധികൃതർ അശ്വഘോഷിന് 36,843 രൂപയും കൈമാറുകയായിരുന്നു. തന്റെതല്ലാത്ത കാരണത്താൽ പണം നഷ്ടപ്പെടേണ്ട സാഹചര്യം ഉണ്ടായതിനാലാണ് കമ്പനിക്ക് എതിരെ കോടതിയെ സമീപിച്ചത് എന്ന് അശ്വഘോഷ് പിന്നീട് പറഞ്ഞു. തിരുവനന്തപുരം പേരുർക്കട എൻസിസി നഗര ജേർണലിസ്റ്റ് നിവാസിയും ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥിയും ആയിരുന്നു അശ്വഘോഷ്. അതേസമയം ഇത്തരത്തിൽ സോഫ്റ്റുവെയർ അപ്ഡേറ്റ് മൂലം നിരവധി ഫോണുകൾക്ക് കേടുപാടുകൾ പറ്റുന്നതായി പല റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
വാറന്റി പിരീയഡ് കഴിഞ്ഞതിനാൽ പലരും പിന്നീട് ഫോൺ ഉപേക്ഷിക്കുയാണ് പതിവ്. എന്നാൽ അൽപം ഒന്ന് മെനക്കെടാൻ തയ്യാറായാൽ നഷ്ടപരിഹാരം ഉൾപ്പെടെ ഫോണിന്റെ ഇരിട്ടിയോളം രൂപ നമ്മുക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി മുതൽ ഉപയോക്താക്കൾക്ക് ധൈര്യമായി തന്നെ നിങ്ങളുടെ ഫോൺ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നേരത്തെ വൺപ്ലസ് ഫോണുകൾ അപ്ഡേറ്റ് ചെയ്യുമ്പോൾ സ്ക്രീനിൽ പച്ച വരകൾ തെളിയുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് കമ്പനി നേരിട്ട് തന്നെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








