ഫോൺ എത്ര റേഡിയേഷൻ പുറത്ത് വിടുന്നു, ഹാക്ക് ചെയ്യാതിരിക്കാൻ എന്ത് ചെയ്യണം; എല്ലാത്തിനുമുള്ള കോഡ് ഇവിടെയുണ്ട്
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് നമ്മൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ആളുകളാണ് ഹാക്കർമാരും മറ്റ് സൈബർ കുറ്റവാളികളും. ഓരോ ദിവസവും നിരവധി ഓൺലൈൻ തട്ടിപ്പ് കേസുകളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യുന്നത്. നമ്മളുടെ ചെറിയ ഒരു അശ്രദ്ധ മതി അത് മുതലെടുത്ത് ഇത്തരക്കാർക്ക് നമ്മുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ.
കോളുകൾ ചെയ്യാൻ മാത്രമല്ല ഇപ്പോൾ ഫോണുകൾ ഉപയോഗിക്കുന്നത്. നമ്മുടെ ഒരു ദിവസത്തെ പകുതി പ്രവർത്തികൾ തന്നെ സ്മാർട്ട് ഫോണുകളെ ആശ്രയിച്ചാണ്. ബാങ്കിംഗ് ഇടപാട്, സോഷ്യൽ മീഡിയ, പേയ്മെന്റ് രീതികൾ എല്ലാം തന്നെ സ്മാർട്ട് ഫോണുകളെ ആശ്രയിച്ചിരിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ മറ്റൊരാൾ ഫോണിന്റെ നിയന്ത്രണം ഏറ്റടുക്കുന്നത് വലിയ ബുദ്ധിമുട്ട് ആയിരിക്കും നമ്മുക്ക് ഉണ്ടാക്കുക. മാത്രമല്ല നമ്മുടെ ബാങ്ക് അക്കൗണ്ടിലെ പണവും ഇയാൾ മോഷ്ടിക്കാൻ സാധ്യതയുണ്ട്.

ഹാക്കർമാരുടെ ശല്യം മാത്രമല്ല, നമ്മുടെ ഫോൺ ശരിയായി പ്രവർത്തിക്കുന്നുണ്ടോ?, എത്ര അളവിൽ റേഡിയേഷൻ പുറത്ത് വിടുന്നുണ്ട്, ഐഎംഇഐ നമ്പർ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും, ഫോണിന്റെ നെറ്റ്വർക്ക് വിവരങ്ങൾ അറിയാൻ എന്ത് ചെയ്യണം എന്നതെല്ലാം ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന മറ്റ് കാര്യങ്ങളാണ്. ഇവയ്ക്ക് പുറമെ മറ്റ് ധാരാളം ആശങ്കകളും സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ഉണ്ടാകും. എന്നാൽ ഇക്കാര്യങ്ങൾ എല്ലാം തിരിച്ചറിയാൻ ചില മാർഗങ്ങൾ ഉണ്ട്.
ഇവ എന്തെല്ലാമാണെന്നല്ലെ? പറഞ്ഞുതരാം. ഇതിനെല്ലാമായി ചില പ്രത്യേക USSD കോഡുകൾ ഉണ്ട്. ഇവ അറിഞ്ഞു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം നമ്മുക്ക് കണ്ടെത്താനാകുന്നതാണ്. ദേശീയ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (NCIB) ആണ് ഈ കോഡുകൾ അടുത്തിടെ പുറത്ത് വിട്ടത്. തങ്ങളുടെ ഔദ്യോഗിക എക്സ് പേജ് വഴിയാണ് ഇവർ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഈ USSD കോഡുകൾ എന്തെല്ലാമാണെന്നും ഇവയുടെ ഉപയോഗം എന്താണെന്നിം നമ്മുക്ക് പരിശോധിക്കാം.

ഇത് പ്രകാരം നിങ്ങളുടെ ഫോൺ കോളോ ഫോൺ നമ്പറോ മറ്റേതെങ്കിലും നമ്പറിലേക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടോ എന്ന് അറിയാനായി *#21# എന്ന കോഡ് ഉപയോഗിക്കാവുന്നതാണ്. നിരവധി കോളുകൾ ഹാക്കർമാർ ഫോർവേർഡ് ചെയ്യുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ ഒരു നിർദേശവുമായി ദേശീയ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ രംഗത്ത് വന്നിരിക്കുന്നത്. ഇതിന് പുറമെ നിങ്ങളുടെ ഫോണിന്റെ ഡിസ്‌പ്ലേ, സ്പീക്കർ, ക്യാമറ, സെൻസർ തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനും ഒരു കോഡ് ഉണ്ട്.
#0# എന്നതാണ് ഈ കോഡ്. ഫോണിന്റെ ഡയൽ പാഡിൽ ഈ കോഡ് നൽകി കോൾ ചെയ്താൽ മതിയാകും മുകളിൽ നൽകിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഈ കോഡ് നൽകുന്നതായിരിക്കും. *#07# എന്നതാണ് എൻസിഐബി പുറത്ത് വിട്ട മറ്റൊരു കോഡ്. ഫോണിന്റെ SAR വാല്യുവിന്റെ വിശദാംശങ്ങൾ തിരിച്ചറിയാനാണ് ഈ കോഡ് ഉപയോഗിക്കുന്നത്. ഫോൺ പുറത്തുവിടുന്ന റേഡിയേഷനെക്കുറിച്ചുള്ള വിവരങ്ങളാണ് SAR വാല്യുവിൽ അടങ്ങിയിരിക്കുന്നത്.
ഇതിന്റെ സഹായത്താൽ നിങ്ങളുടെ ഫോൺ എത്ര അളവിൽ റേഡിയേഷൻ പുറത്ത് വിടുന്നുണ്ടെന്നും നമ്മുടെ ആരോഗ്യത്തിന് ഇവ ഹാനികരമാകുന്നുണ്ടോ എന്നെല്ലാം തിരിച്ചറിയാൻ സാധിക്കുന്നതായിരിക്കും. ഫോണിന്റെ ഐഎംഇഐ നമ്പർ ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ അറിയാനായി ഉപയോഗിക്കേണ്ട കോഡ് ആണ് *#06# എന്നത്. ഈ നമ്പർ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ ഈ നമ്പർ ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്.
നിങ്ങളുടെ ഫോണിന്റെ ബാറ്ററി, ഇന്റർനെറ്റ്, വൈ-ഫൈ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ സഹായിക്കുന്ന കോഡ് ആണ് ##4636## എന്നത്. ഇവയിലൂടെ ഫോണിന്റെ നെറ്റ്വർക്ക് കാര്യങ്ങൾ വിശദമായി പരിശോധിക്കാവുന്നതാണ്. നിങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന മറ്റൊരു കോഡ് ആണ് ##34971539## എന്നത്. നിങ്ങളുടെ ഫോണിന്റെ ക്യാമറ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഇതിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. 2767*3855# എന്ന കോഡ് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ റീസെറ്റ് ചെയ്യാനും സാധിക്കും.


Click it and Unblock the Notifications








