റിമോട്ട് ഒക്കെ എന്തിന്? വളരെ എളുപ്പത്തിൽ ഫോണിൽ നിന്ന് ടിവി നിയന്ത്രിക്കാം, എങ്ങനെയെന്ന് പരിശോധിക്കാം
ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാകാത്ത ഒരു ഉപകരണമാണ് ടിവി. പണ്ടെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി ആയിരുന്നെങ്കിൽ ഇന്ന് നിരവധി സൗകര്യങ്ങളുള്ള സ്മാർട്ട് ടിവികൾ ആണ് ഒരോ വീട്ടിലും ഉള്ളത്. നിരവധി അത്യാധുനീക ഫീച്ചറുകളാണ് ഇത്തരം സ്മാർട്ട് ടിവികൾ വാഗ്ദാനം ചെയ്യുന്നത്.
ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ ടിവികളും പ്രവർത്തിക്കുന്നത് റിമോട്ട് കൺട്രോളിന്റെ പിൻബലത്തിലാണ്. എന്നാൽ എപ്പോൾ വേണമെങ്കിലും പ്രവർത്തന രഹിതമാകാവുന്ന ഉപകരണങ്ങളിൽ ഒന്നാണ് ടിവി റിമോട്ടുകൾ. ഇവ പ്രവർത്തിക്കാതെ വരുമ്പോൾ ഭൂരിഭാഗം മലയാളികളും ചെയ്യുന്ന ഒരു കാര്യമാണ് റിമോട്ടിൻ മേൽ അടിക്കുന്നത്. ഇത്തരത്തിൽ ചെയ്യുമ്പോൾ താൽക്കാലികമായി റിമോട്ട് പ്രവർത്തിക്കുമെങ്കിലും ഇത് റിമോട്ടിന് വലിയ രീതിയിൽ ദോഷം ചെയ്യുന്ന ഒന്നാണ്.

എന്നാൽ ഈ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാം? നമ്മുടെ കൈവശമുള്ള സ്മാർട്ട് ഫോണുകൾ ടിവിയുടെ റിമോട്ട് ആയി പ്രവർത്തിപ്പിച്ചാലോ? ഇത് എങ്ങനെ ആണെന്നല്ലെ പറഞ്ഞുതരാം. നിലവിൽ പല ഉപയോക്താക്കൾക്കും ഈ രഹസ്യം അറിയാമായിരിക്കും എന്നാലും അറിയാത്തവർക്കായി ഈ ലേഖനത്തിൽ ഇക്കാര്യം വിശദമാക്കാം. ഗൂഗിൾ ടിവി ആപ്പിന്റെ സഹായത്താലാണ് ഇത്തരത്തിൽ സ്മാർട്ട് ഫോണുകളെ ടിവി റിമോട്ട് ആക്കി മാറ്റുന്നത്. റിമോട്ടിന്റെ അത്യാവശ്യം ഫീച്ചറുകൾ എല്ലാം ഫോണിൽ ലഭിക്കുന്നതാണ്.
അതേ സമയം ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ടിവികൾ മാത്രമെ ഇത്തരത്തിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കു എന്ന കാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആൻഡ്രോയിഡിലും ഐഫോണിലും ഇത് പ്രവർത്തിക്കുന്നതാണ്. എങ്ങനെയാണ് ആൻഡ്രോയിഡ് ഫോണിൽ ഇത് പ്രാവർത്തികമാക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. ഇതിനായി ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ ടിവി എന്ന ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം.

നിങ്ങളുടെ സ്മാർട്ട് ഫോണും സ്മാർട്ട് ടിവിയും ഒരേ വൈഫൈ നെറ്റ്വർക്കിന് കീഴിൽ പ്രവർത്തിക്കുമ്പോൾ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കുകയുള്ളു. ഇനി അധവാ ടിവിയിൽ വൈഫൈ ഇല്ലെങ്കിൽ ഫോണും ടിവിയും തമ്മിൽ ബന്ധിപ്പിക്കാൻ നിങ്ങൾക്ക് ബ്ലൂടൂത്ത് ഉപയോഗിക്കാവുന്നതാണ്. ശേഷം ഫോണിൽ നിന്ന് ഗൂഗിൾ ടിവി ആപ്പ് തുറക്കുക. ഈ ആപ്പിന്റെ താഴെയായി റിമോട്ട് ബട്ടൺ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും ഇതിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ആപ്പ് നിങ്ങളുടെ പരിസരത്തുള്ള ഡിവൈസുകളെ സ്കാൻ ചെയ്യുന്നതായിരിക്കും. ഇതിൽ ടിവിയുടെ പേര് കാണുമ്പോൾ ഈ പേര് സെലക്ട് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ടിവി സ്ക്രീനിൽ ഒരു കോഡ് കാണുന്നതായിരിക്കും ശേഷം ഈ കോഡ് ആപ്പ് ആവിശ്യപ്പെടുന്നിടത്ത് നൽകി ഫോണും ടിവിയും തമ്മിൽ പെയർ ചെയ്യുക. ഇത്തരത്തിൽ പെയർ ചെയ്ത് കഴിഞ്ഞാൽ പിന്നീട് റിമോട്ട് ആയി നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും.
ഇനി ഐഫോണിൽ എങ്ങനെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ നിങ്ങളുടെ ഐഫോണും സ്മാർട്ട് ടിവിയും ഒരേ വൈഫൈയിൽ നിന്ന് തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ശേഷം ആപ്പ് ഡൗൺലോഡ് ചെയ്ത് ഇത് ഓപ്പൺ ചെയ്യുക. ആപ്പിന്റെ വലതു വശത്ത് താഴെയായി കാണുന്ന ടിവി റിമോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഫോണിന്റെ സ്ക്രീനിൽ ടിവി പെയർ ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്.
ഇത് സ്ക്രീനിൽ കാണുന്നില്ലെങ്കിൽ പുതിയ ഡിവൈസുകൾ ലഭിക്കാനായി സ്കാൻ എന്ന ബട്ടണിൽ അമർത്തുക. ഇപ്പോൾ ടിവിയുടെ പേര് ഫോണിന്റെ സ്ക്രീനിൽ കാണാൻ സാധിക്കുന്നതായിരിക്കും. ശേഷം ഫോൺ ടിവിയുമായി കണക്ട് ചെയ്യുക. ഇതിനായി ടിവിയുടെ സ്ക്രീനിൽ കാണുന്ന 6 അക്ക കോഡ് ആപ്പ് ആവിശ്യപ്പെടുന്ന സ്ഥലത്ത് നൽകേണ്ടതാണ്. ഇത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ സ്മാർട്ട് ടിവിയെ നിങ്ങളുടെ ഐഫോൺ കൊണ്ടും നിയന്ത്രിക്കാൻ സാധിക്കുന്നതായിരിക്കും.


Click it and Unblock the Notifications








