വാട്സ്ആപ്പിന്റെ ചാറ്റ് ബോട്ടിലേക്ക് രണ്ട് മെസേജ് അയച്ചാൽ മതി; ഗ്യാസ് സിലണ്ടർ നിങ്ങളുടെ വീട്ടിലെത്തും
നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇപ്പോൾ കുക്കിങ് ഗ്യാസുകളെയാണ്. പണ്ടെല്ലാം വിറകടുപ്പുകളിലും മറ്റുമായിരുന്നു പാചകം എങ്കിൽ ഇന്ന് എല്ലാ വീടുകളിലും തന്നെ കുക്കിങ് ഗ്യാസുകൾ എത്തി കഴിഞ്ഞു. വലിയ രീതീയിൽ കരിയും പുകയും ഒന്നും ഈ അടുപ്പുകളിൽ നിന്ന് ഏൽക്കില്ല എന്നതാണ് ഇതിന്റെ ഗുണങ്ങളിലൊന്ന്.
മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ ഈ കുക്കിങ് ഗ്യാസുകളുടെ സഹായത്താൽ പാചകം ചെയ്യാവുന്നതാണ്. അതേ സമയം കുക്കിങ് ഗ്യാസുകൾ ഉപയോഗിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് എപ്പോൾ ഈ ഗ്യാസ് തീരും എന്ന് അറിയാൻ സാധിക്കാത്തത്. മിക്ക ആളുകളും ദിവസങ്ങൾ എണ്ണിയാണ് ഗ്യാസ് തീരാറായോ എന്ന് കണക്ക് കൂട്ടുന്നത്. എന്തെങ്കിലും പാചകം ചെയ്തുകൊണ്ട് ഇരിക്കുന്ന സമയത്ത് ആയിരിക്കും ചിലപ്പോൾ ഗ്യാസ് തീർന്നുപോകുന്നത്.

സാധാരണയായി ഗ്യാസ് തീർന്നു പോയാൽ ഇവ റീഫിൽ ചെയ്യാനായി ഏജൻസികളെ വിളിച്ച് അറിയിക്കുകയാണ് പതിവ്. എന്നാൽ ടെക്നോളജി വികസിച്ചതോടെ ഇതിന് മാറ്റം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ വാട്സ്ആപ്പിലൂടെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കുക്കിങ് ഗ്യാസുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. വാട്സ്ആപ്പിൽ എഐ ചാറ്റ്ബോട്ടുകൾ എത്തിയതോടെയാണ് ഇത് വളരെ ജനപ്രിയമായത്. എഐ ചാറ്റ് ബോട്ടുകൾ ആയതിനാൽ തന്നെ 24 മണിക്കൂറും ഇതിന്റെ സേവനം ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്.
എച്ച്പി, ഇന്ത്യൻ, ഭാരത് ഗ്യാസ് തുടങ്ങിയ പ്രധാന ഗ്യാസ് ഏജൻസികൾ എല്ലാം തന്നെ ഇത്തരത്തിൽ എഐ ചാറ്റ്ബോട്ടുകളുടെ സേവനം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ചാറ്റ്ബോട്ടുകളുടെ നമ്പറുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഇതിൽ എച്ച്പിയുടെ വാട്സ്ആപ്പ് ചാറ്റ്ബോട്ടിന്റെ നമ്പർ 9222201122 എന്നതാണ്. ഇന്ത്യന്റെ നമ്പർ 7588888824 എന്നതാണ് ഭാരത് ഗ്യാസിന്റെ നമ്പർ ആകട്ടെ 1800224344 എന്നതാണ്. ഏത് സമയത്തും ഉപയോക്താക്കൾക്ക് ഈ നമ്പറുമായി ബന്ധപ്പെടാൻ സാധിക്കുന്നതാണ്.

എന്നാൽ ഈ നമ്പറുകളിൽ വിളിച്ചാൽ സംസാരിക്കാൻ സാധിക്കില്ല. എഐ ചാറ്റ്ബോട്ടുകൾക്ക് മാത്രമായി ഉണ്ടാക്കിയിരിക്കുന്ന നമ്പറുകളാണ് ഇവ. നിങ്ങൾ ഈ ഏജൻസികളുടെ ഉപയോക്താക്കൾ ആണെങ്കിൽ നിർബന്ധമായും ഈ നമ്പറുകൾ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യേണ്ടതാണ്. പിന്നീട് വാട്സ്ആപ്പ് വഴി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഈ ചാറ്റ്ബോട്ടിലൂടെ ഗ്യാസ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഈ എഐ ചാറ്റ്ബോട്ടുകളുടെ സഹയാത്താൽ ഗ്യാസ് ബുക്ക് ചെയ്യുന്നത് എന്ന് പരിശോധിക്കാം.
ആദ്യമായി നിങ്ങൾ ഏത് ഏജൻസിയുടെ ഉപയോക്താവ് ആണോ ആ ഏജൻസിയുടെ എഐ ചാറ്റ്ബോട്ട് നമ്പർ ഫോണിൽ സേവ് ചെയ്യുക. പിന്നീട് വാട്സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് ഹായ് എന്ന മെസേജ് അയയ്ക്കുക. ആപ്പോൾ തന്നെ നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കു എന്ന തരത്തിൽ ഒരു ഓപ്ഷൻ നിങ്ങളുടെ ഫോണിന്റെ വാട്സ്ആപ്പ് സ്ക്രീനിൽ തെളിഞ്ഞു വരുന്നതായിരിക്കും. പ്രധാനമായും ഇംഗ്ലീഷ്, ഹിന്ദി എന്നീ രണ്ട് ഭാഷകളിലാണ് ഈ സേവനം ലഭിക്കുന്നത്.
പ്രാദേശിക ഭാഷകളിൽ ഈ സേവനം ലഭ്യമാക്കിയിട്ടില്ല. ആയതിനാൽ തന്നെ നൽകിയിരിക്കുന്ന ഭാഷകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം നിരവധി ഓപ്ഷൻ അടങ്ങിയ ഒരു സർവ്വീസ് മെനു ഈ ചാറ്റ്ബോട്ട് നിങ്ങൾക്ക് അയച്ചു നൽകുന്നതായിരിക്കും ഇതിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ഗ്യാസ് റീഫിൽ ചെയ്യാൻ ആണ് നിങ്ങൾ ശ്രമിക്കുന്നത് എങ്കിൽ റീഫിൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ശേഷം നിങ്ങളുടെ ചില വിവരങ്ങൾ ഈ എഐ ചാറ്റ്ബോട്ട് തന്നെ പ്രദർശിപ്പിക്കുന്നതായിരിക്കും ഇതിന് താഴെയുള്ള കൺഫോം ബട്ടണിലെ യെസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയാൽ നിങ്ങളുടെ വീട്ടിലേക്ക് റീഫിൽ ചെയ്ത ഗ്യാസ് സിലണ്ടർ എത്തുന്നതായിരിക്കും. അതേ സമയം മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിച്ച നമ്പറിൽ നിന്നുള്ള വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നായിരിക്കണം നിങ്ങൾ മെസേജ് അയക്കേണ്ടത് എന്നതാണ്.


Click it and Unblock the Notifications








