എയർബാഗ് ടെക്നോളജിയുമായി ഹോണർ എക്സ്9ബി ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തും; വിലയും മറ്റ് ഫീച്ചറുകളും അറിയാം
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ തിരിച്ചെത്തിയ പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഹോണർ. കഴിഞ്ഞ വർഷം ആണ് ഹോണർ 90യിലൂടെ കമ്പനി ഇന്ത്യയിൽ വലിയ തിരിച്ചു വരവ് നടത്തിയത്. 200 എംപി മെയിൻ ക്യാമറയുമായി എത്തിയ ഈ ഫോൺ മികച്ച അഭിപ്രായമാണ് നേടിയത്.
ഇപ്പോഴിതാ തങ്ങളുടെ പുതിയ ഫോണായ ഹോണർ എക്സ് 9ബിയും ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാനായി തയ്യാറായിരിക്കുകയാണ് കമ്പനി. പുതിയ ഫോൺ ഫെബ്രുവരി 15ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ഹോണർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ബൗൺസ് ഡിസ്‌പ്ലേ ഫോൺ ആയിരിക്കും ഹോണർ എക്സ് 9ബി എന്ന് കമ്പനി വ്യക്തമാക്കി. കർവ്ഡ് ഡിസ്പ്ലേയിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഈ ഡിയ്സ്പ്ലേയ്ക്ക് എയർബാഗ് ടെക്നോളജിയും ഹോണർ നൽകിയിട്ടുണ്ട്. പല അപകടങ്ങളിൽ നിന്നും ഈ എയർബാഗ് ഫോണിന്റെ ഡിസ്പ്ലെയെ സംരക്ഷിക്കുന്നതായിരിക്കും. ഇതിന് പുറമെ മറ്റ് നിരവധി സവിശേഷതകളും ഹോണർ എക്സ് 9ബിയ്ക്ക് അവകാശപ്പെടാനുണ്ട്. നിലവിൽ ചൈനയ്ക്ക് പുറമെ മറ്റ് ചില രാജ്യങ്ങളിൽ കൂടി ഈ ഫോൺ പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിപണി ലക്ഷ്യമിട്ടും ഹോണർ എക്സ് 9ബി എത്തുന്നത്.
ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ഓൾ ആംഗിൾ ഡ്രോപ്പ് റെസിസ്റ്റൻസ് സവിശേഷത ഫോണിന് ഉണ്ട് എന്നാണ് സ്വിറ്റ്‌സർലൻഡിൻ്റെ SGS സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അതായത് ഏത് ആംഗിളിൽ നിന്നും വെള്ളത്തിനെ പ്രതിരോധിക്കാനുള്ള കഴിവ് ഹോണർ എക്സ് 9ബിയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. 6.78 1.5K കർവ്ഡ് AMOLED സ്‌ക്രീൻ ആണ് ഈ ഫോണിനായി ഹോണർ നൽകിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 6 Gen 1 SoC ചിപ്സെറ്റാണ് ഫോണിന് കരുത്ത് വർധിപ്പിക്കുന്നത്.

12 ജിബി വരെ റാമും ഹോണർ എക്സ് 9ബിയ്ക്ക് അവകാശപ്പെടാനുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 7.2വിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 108 എംപി ആയിരിക്കും ഇതിന്റെ പ്രൈമറി സെൻസർ. മറ്റ് ക്യാമറകളെകുറിച്ച് വിശദമായ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല. 5800 mAhന്റെ കരുത്തുറ്റ ബാറ്ററിയും ഈ ഫോണിനായി ഹോണർ നൽകിയിട്ടുണ്ട്. മികച്ച ബാറ്ററിലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ഫോണിന്റെ വിലയെപ്പറ്റി വ്യക്തമായ സൂചനകൾ ഒന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല എങ്കിലും 30,000 രൂപയിൽ താഴെ ആയിരിക്കും ഇന്ത്യൻ മാർക്കറ്റിൽ ഈ ഫോണുകളുടെ വില എന്നാണ് ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവധ ബാങ്ക് ഓഫറുകളുടെയും എക്ചേഞ്ച് ഓഫറുകളുടെയും സഹായത്താൽ 23,999 രൂപ മുതൽ ഈ ഹോണർ എക്സ് 9ബി ലഭ്യമാകും എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
അതേ സമയം ഹോണർ ചോയ്‌സ് ഇയർബഡ്‌സ് എക്‌സ് 5, ഹോണർ ചോയ്‌സ് വാച്ച് എന്നിവയും അടുത്ത് തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഹോണർ ഇന്ത്യ സിഇഒ മാധവ് ഷെത്ത് വെളിപ്പെടുത്തി. അടുത്തിടെ ഈ രണ്ട് ഉത്പന്നങ്ങളുടെ ടീസറും ഹോണർ ഇന്ത്യ പുറത്ത് വിട്ടിരുന്നു. ചിലപ്പോൾ ഹോണർ എക്സ് 9ബിയുടെ ലോഞ്ച് വേളയിൽ തന്നെ ഈ രണ്ട് ഉത്പന്നങ്ങൾ ഹോണർ ഇന്ത്യയിൽ അവതരിപ്പിച്ചേക്കാനും സാധ്യതയുണ്ട്.
ഫോണിന്റെ സ്ഥിരീകരിച്ച വേരിയന്റുകളിൽ ഒന്ന് 12 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പാണ്. ഇതിന് മറ്റ് വേരിയന്റുകൾ ഉണ്ടാകുമോ എന്ന കാര്യം ഉറപ്പില്ല. അതേസമയം ഹോണർ എക്സ് 9ബിയ്ക്ക് ഒപ്പം ഹോണർ ചോയ്‌സ് ഇയർബഡ്‌സ് X5E കോംബോ ഓഫറായും ഒരുപക്ഷെ ലഭിച്ചേക്കാനും സാധ്യതയുണ്ട്. 12 മാസത്തെ സ്‌ക്രീൻ, ബാക്ക് കവർ വാറൻ്റിയും 24 മാസത്തെ ബാറ്ററി ഹെൽത്ത് ഗ്യാരണ്ടിയും വാഗ്ദാനം ചെയ്താണ് ഹോണർ എക്സ് 9ബി ഇന്ത്യയിലെത്തുന്നത്.


Click it and Unblock the Notifications








