ഈ പവർബാങ്കിലൂടെ വാഷിങ് മെഷീനും ഇലക്ട്രിക്ക് സ്കൂട്ടറും വരെ പ്രവർത്തിപ്പിക്കാം
പവർബാങ്കുകൾ നമ്മൾ എല്ലാവരും ഉപയോഗിക്കാറുണ്ട്. 5000 എംഎഎച്ച്, 10000 എംഎഎച്ച്, 20000 എംഎഎച്ച് എന്നിങ്ങനെ പല വിധത്തിലുള്ള പവർബാങ്കുകൾ ഉണ്ട്. പലപ്പോഴും വലിയ പവർബാങ്കുകൾ തന്നെ നമുക്ക് ആവശ്യമായി വരാറുണ്ട്, എന്നാൽ വാഷിങ് മെഷീനും ഇലക്ട്രിക്ക് സ്കൂട്ടറും വരെ പ്രവർത്തിപ്പിക്കുന്ന പവർബാങ്കുകൾ ഉണ്ടാക്കിയാലോ?, ഒരു ചൈനക്കാരനാണ് ഇത്തരമൊരു വമ്പൻ പവർബാങ്ക് ഉണ്ടാക്കിയിരിക്കുന്നത്. 27 ദശലക്ഷം എംഎഎച്ച് ബാറ്ററി ശേഷിയുള്ള പവർബാങ്കാണ് ഇയാൾ കണ്ടുപിടിച്ചത്. ഇതിന്റെ വലിപ്പവും അതിശയിപ്പിക്കുന്നതാണ്.

ഹാൻഡി ഗെങ് എന്ന ചൈനീസ് കണ്ടുപിടുത്തക്കാരനാണ് പുതിയ പവർബാങ്കുമായി ടെക് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പവർ ബാങ്ക് എന്ന റെക്കോർഡ് ഇപ്പോൾ 27 ദശലക്ഷം mAh ബാറ്ററിയ ശേശിയുള്ള ഗെങ് വികസിപ്പിച്ച ഉത്പന്നത്തിനാണ്. ഇത് നിങ്ങൾക്ക് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഒന്നല്ല. ഈ പവർബാങ്കിന് ഒരു ചെറിയ കാറിന്റെ നീളം തന്നെയുണ്ട്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനായി ഇതിന് ചക്രവണ്ടി തന്നെ വേണ്ടിവരും.

പവർബാങ്കിന്റെ കൂറ്റൻ ഘടന അതിന്റെ ഉപയോഗ സാഹചര്യവും വ്യക്തമാക്കുന്നതാണ്. പവർ ബാങ്കിന്റെ ആദ്യം മുതലുള്ള പൂർണ്ണമായ നിർമ്മാണം കാണിക്കുന്ന ഒരു പുതിയ യൂട്യൂബ് വീഡിയോയിൽ ഗെങ് തന്റെ പ്രൊഡക്ട് എല്ലാവർക്കുമായി കാണിച്ചു. ഇലക്ട്രിക് പാൻ, ഒരു വാഷിംഗ് മെഷീൻ, ടിവി, ഇലക്ട്രിക് സ്കൂട്ടർ എന്നിവയുൾപ്പെടെയുള്ള ഏത് ഇലക്ട്രിക്കൽ ഉത്പന്നങ്ങളും പ്രവർത്തിപ്പിക്കാൻ ഈ പവർ ബാങ്കിന് സാധിക്കും. ഗെങിന്റെ കണ്ടുപിടുത്തം അതിശയിപ്പിക്കുന്നത് തന്നെയാണ്. ഇതിനകത്ത് ഒരു ബാറ്ററി പായ്ക്ക് ഉണ്ട്. ഈ ബാറ്ററി പായ്ക്ക് ശരിക്കും ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്നതാണ്.

ഇലക്ട്രിക്ക് കാറിന്റെ ബാറ്ററി ഓർഡർ ചെയ്തതുകൊണ്ട് മാത്രം കാര്യം ആയില്ലല്ലോയ ഈ വമ്പൻ ബാറ്ററി ഗെങ് ഓർഡർ ചെയ്ത് വരുത്തിക്കുകയും അതിന്റെ എല്ലാ കവറുകളും ഔട്ട്പുട്ട് പോയിന്റുകളും അദ്ദേഗഹം തന്നെ നിർമ്മിക്കുകയുമാണ് ചെയ്തത്. ബാറ്ററിയുടെ വലുപ്പം കൂട്ടുന്നതും അത് സ്ഥാപിക്കാനുള്ള ഭാഗങ്ങൾ മുറിക്കുന്നതും ശരിയാക്കുന്നതും വീഡിയോയിൽ കാണിച്ചിട്ടുണ്ട്. സിംഗിൾ കിടക്കയേക്കാൾ വലുതായി തോന്നുന്ന ഒരു ഭീമാകാരമായ പവർ ബാങ്കാണ് ഇയാൾ നിർമ്മിച്ചത്. മിക്ക കൺസെപ്റ്റുകളിലും കാണുന്നത് പോലെ പരുക്കൻ രൂപമല്ല ഇതിനുള്ളത്. വളഞ്ഞ അരികുകൾ മുതൽ കളർ ടോണുകൾ വരെയും ഔട്ട്‌ലെറ്റുകൾ വരെയും എല്ലാം ഒരു പവർ ബാങ്ക് പോലെ രൂപപ്പെടുത്താൻ അദ്ദേഹം ശ്രദ്ധിച്ചു. ഫോണുകൾക്കായി മൊത്തത്തിൽ 50 മുതൽ 60 വരെ ചാർജിംഗ് പോയിന്റുകൾ വരെ ഇതിലുണ്ട്.

ഗെങും സുഹൃത്തുക്കളും പവർ ബാങ്കിന്റെ ഉപയോഗം വീഡിയോയിൽ കാണിക്കുന്നുണ്ട്. 15 മുതൽ 20 വരെ ഫോണുകൾ പവർ ബാങ്കിലൂടെ ചാർജ് ചെയ്യാനായി കണക്റ്റ് ചെയ്യുകയും അവയെല്ലാം ഒരേസമയം ചാർജ് ചെയ്യുകയും ചെയ്യുന്നതായി വീഡിയോയിൽ കാണുന്നുണ്ട്. യാത്രയ്ക്കിടയിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ, ഒരു വാഷിംഗ് മെഷീൻ, ഒരു ഇലക്ട്രിക് കെറ്റിൽ, ടിവി എന്നിവപോലും ചാർജ് ചെയ്യാൻ ചാർജറിന് കഴിയുമെന്ന് ഗെങ് തെളിയിക്കുന്നു. ബാറ്ററി സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തുന്നില്ലെങ്കിലും വലിയ അളവിൽ സ്റ്റോർ ചെയ്ത് വെക്കാനും പവർ ഉപയോഗിക്കാനും സാധിക്കുന്ന സാധ്യതകൾ ഈ പുതിയ പവർബാങ്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഏത് തരം ഇലക്ട്രോണിക് ഉപകരണവും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പവർബാങ്ക് എന്നത് അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്. 27 ദശലക്ഷം എംഎഎച്ച് ബാറ്ററിയുള്ള പവർബാങ്ക് എന്നത് കൌതുകം എന്നതിനപ്പുറം പുതിയ ആശയങ്ങളിലേക്കുള്ള ചുവടുവെപ്പായി കൂടി കാണേണ്ടതുണ്ട്. ബാറ്ററി സാങ്കേതികവിദ്യ ഇന്ന് അതിവേഗം വളരുകയാണ്. വരും കാലങ്ങളിൽ വളരെ ചെറിയ ബാറ്ററിയിൽ പോലും കൂടുതൽ പവർ സൂക്ഷിച്ച് വെക്കാൻ സാധിക്കും. ഇത് ഇലക്ട്രിക്ക് വെഹിക്കിളുകൾ, സ്മാർട്ട്ഫോണുകൾ എന്നിങ്ങനെയുള്ളവയെല്ലാം ഗുണകരമായി ബാധിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications








