വരുന്നു മക്കളെ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ; സാംസങ്ങും വൺപ്ലസും ഇനി കണ്ടം വഴി ഓടും...
കഴിഞ്ഞ വർഷം സ്മാർട്ട് ഫോൺ വിപണിയിൽ ഏറെ ചലനം ഉണ്ടാക്കിയ മോഡലുകളിൽ ഒന്നായിരുന്നു ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ. സാംസങ്, വൺപ്ലസ്, മോട്ടറോള, വിവോ, ഓപ്പോ, ടെക്നോ എന്ന് തുടങ്ങിയ പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളെല്ലാം തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇന്ത്യയിലെ വിപണിയിൽ എത്തിച്ചിരുന്നു.
വൻ വരവേൽപ് ആയിരുന്നു ഈ ഫോണുകൾക്ക് ലഭിച്ചിരുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് സാംസങ്ങിന്റെയും വൺപ്ലസിന്റെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ആയിരുന്നു. ഗാലക്സി ഇസഡ് ഫോൾഡ് 5, ഗാലക്സി ഇസഡ് ഫ്ലിപ് 5 എന്നീ രണ്ട് ഫോണുകൾ ആയിരുന്നു ഈ സെഗ്മെന്റിൽ സാംസങ് അവതരിപ്പിച്ചിരുന്നത്. എന്നാൽ വൺപ്ലസ് ആകട്ടെ വൺപ്ലസ് ഓപ്പൺ എന്ന പേരിൽ ഒരു ഫോൺ മാത്രമാണ് മാർക്കറ്റിൽ എത്തിച്ചത്.

പ്രധാനമായും ഈ രണ്ട് ഫോണുകൾ തമ്മിൽ ആയിരുന്നു ഫോൾഡബിൾ സ്മാർട്ട് ഫോൺ വിപണിയിലെ മത്സരം. ഈ ഫോണുകൾ ജനപ്രിയമായതിന് പിന്നാലെ ഉപയോക്താക്കളിൽ ഭൂരിഭാഗം ആളുകളും ആവിശ്യപ്പെട്ട ഒന്നായിരുന്നു ആപ്പിളിന്റെ ഫോൾഡബിൾ ഫോണുകൾ. ആപ്പിൾ ഇതുവരെയും ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിട്ടില്ല. എന്നാൽ അധികം വൈകാതെ തന്നെ ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ വിപണിയിൽ എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷത്തോടെ ആയിരിക്കും ഈ ഫോണുകൾ പുറത്തിറങ്ങുക.
എന്നാൽ ഇത് ഐഫോൺ ആയിരിക്കുമോ ഐപാഡ് ആയിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ദി ഇലക് എന്ന കൊറിയൻ മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നിലവിൽ ഇതിനായുള്ള പേറ്റന്റ് ആപ്പിൾ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഉപകരണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ നിലവിൽ അവ്യക്തമാണ്. അതേ സമയം ചിലപ്പോൾ ഈ ഉപകരണം 2026ലോ 2027ലോ ആയിരിക്കും പുറത്തിറങ്ങു എന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഈ ഉപകരണത്തിന്റെ ഡിസ്പ്ലേയ്ക്ക് 7 മുതൽ 8 വരെ ഇഞ്ച് വലിപ്പം ആണ് പ്രതീക്ഷിക്കുന്നത്. സാംസങ്, വൺപ്ലസ് എന്നിവയുടെ ഫോൾഡബിൾ ഫോണുകളുമായി മത്സരിക്കാൻ ലക്ഷ്യമിട്ടായിരിക്കും ആപ്പിൾ ഈ പുതിയ ഉത്പന്നം പുറത്തിറക്കുക. പ്രധാനമായും സാംസങ് തന്നെ ആയിരിക്കും ആപ്പിളിന്റെ മുഖ്യ എതിരാളി. ഒരു ബുക്ക് സ്റ്റൈൽ ഡിസൈൻ ആണ് ഈ ഉപകരണത്തിന് പ്രതീക്ഷിക്കുന്നത് എന്നും ഈ റിപ്പോർട്ടിൽ ദി ഇലക് പറയുന്നുണ്ട്.
ചിപ്പോൾ ഐഫോൺ എന്ന രീതിയിൽ ആയിരിക്കും ആപ്പിൾ ഈ ഫോൾഡബിൾ ഉപകരണം അവതരിപ്പിക്കുക. എല്ലെങ്കിൽ ഐപാഡ് എന്ന തരത്തിൽ അവതരിപ്പിക്കും. നേരത്തെ OLED ഡിസ്പ്ലേയിൽ ആപ്പിൾ ഒരു പുതിയ മിനി ഐപാഡ് നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിലും വാർത്തകൾ പുറത്ത് വന്നിരുന്നു. ചിലപ്പോൾ ഈ മോഡൽ ഫോൾഡബിൾ ആയി ആപ്പിൾ പുറത്തിറക്കാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നു.
പുതിയ ഉത്പന്നത്തിനായി ഡിസ്പ്ലേകൾ നിർമ്മിക്കാൻ സാംസങ് തന്നെ ആയിരിക്കും ഒരു പക്ഷെ ആപ്പിളിനെ സഹായിക്കുക. അലെങ്കിൽ എൽജി. ഇതിനോടകം തന്നെ ആപ്പിളിന്റെ നിരവധി ഉത്പന്നങ്ങൾക്കായി സാംസങ് ഡിസ്പ്ലേ നിർമ്മിച്ചിട്ടുണ്ട്. പുതിയ ഫോൾഡബിൾ ഉത്പന്നത്തിനും സാംസങ് തന്നെ ആപ്പിളിന് ഡിസ്പ്ലേ വിതരണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ തന്നെ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നതിനാൽ സാംസങ്ങിന് ഈ മേഖലയിൽ മികച്ച പ്രവർത്തന പരിചയം അവകാശപ്പെടാനുണ്ട്.
അതേ സമയം ഈ റിപ്പോർട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങളെല്ലാം ചില ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്നവയാണെന്ന് വായനക്കാർ മനസിലാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ ഇതുവരെ ആപ്പിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും നിലവിലെ സ്മാർട്ട് ഫോൺ വിപണി ഫോൾഡബിൾ സ്മാർട്ട് ഫോണുകൾക്ക് ഏറെ അനുകൂലമായതാണ്. ഈ സാഹചര്യത്തിൽ ആപ്പിൾ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോൺ അവതരിപ്പിച്ചാൽ വിപണിയിലെ മത്സരം കനക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








