100x ഡിജിറ്റൽ സൂമിങ് സവിശേഷതയുള്ള 180എംപി ക്യാമറ; ഹോണർ മാജിക് 6 സീരീസ് പുറത്തിറക്കി
ലോകമെങ്ങും ആരാധകരുള്ള ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഹോണർ. മികച്ച ഫീച്ചറുകളുള്ള ഫോണുകൾ കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നതിൽ കേമന്മാരാണ് ചൈനീസ് കമ്പനികൾ എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന കമ്പനികളിൽ ഒന്നാണ് ഹോൺ. ഇതിനോടകം തന്നെ നിരവധി ഫോണുകളാണ് ഹോണർ പുറത്തിറക്കിയിരിക്കുന്നത്.
ഇപ്പാഴിതാ തങ്ങളുടെ പുതിയ ഫോണും ഹോണർ ആഗോളതലത്തിൽ പുറത്തിറക്കിയിരിക്കുകയാണ്. സ്പെയിനിലെ ബാർസലോണയിൽ വെച്ച് നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) ആണ് ഹോണർ തങ്ങളുടെ മാജിക് 6 സീരീസ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. ഹോണർ മാജിക് 6, മാജിക് 6 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ ഹോണർ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ തന്നെ ഈ ഫോണുകൾ ഹോണർ ചൈനയിൽ അവതരിപ്പിച്ചിരുന്നു.

MOST READ: എംഡബ്ല്യുസി 2024; ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകൾ ഏതെല്ലാം
ഇതിന് പിന്നാലെയാണ് ഈ ഫോണുകൾ ഹോണർ ആഗോളതലത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0ൽ ആണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC നൽകുന്ന കരുത്തിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. ഹോണർ മാജിക് 6 സീരീസ് ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1,264x2,800 പിക്സലുകൾ) OLED ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കായി ഹോണർ ഒരുക്കിയിരിക്കുന്നത്.
16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ഈ ഫോണുകൾ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. ട്രിപ്പിൾ റിയർ ക്യാമറയുമായിട്ടാണ് ഹോണർ മാജിക് പ്രോ എത്തുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയും 100x ഡിജിറ്റൽ സൂമും ഇതിന്റെ പ്രൈമറി ക്യാമറയ്ക്ക് അവകാശപ്പെടാനുണ്ട്. 180 എംപിയാണ് ഇതിന്റെ കരുത്ത്. ഫോണിലെ വൈഡ് ആംഗിൾ ക്യാമറയും അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 50 എംപിയാണ്.

ഹോണർ മാജിക് 6ന്റെ സ്റ്റേന്റേർഡ് പതിപ്പിലും ട്രിപ്പിൾ റിയർ ക്യാമറയാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ലെൻസുകൾ പരിശോധിക്കുമ്പോൾ OIS പിന്തുണയുള്ള 50 എംപി സെൻസർ, 50 എംപിയുടെ തന്നെ അൾട്രാ വൈഡ്- ഓട്ടോഫോക്കസോടുകൂടിയ വൈഡ് ആംഗിൾ ക്യാമറ, OIS പിന്തുണയുമുള്ള 32 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയെല്ലാം കാണാൻ സാധിക്കുന്നതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിലുള്ളത്.
80W വയർഡ് ചാർജിംഗും 66W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 5,600mAh ബാറ്ററിയാണ് ഹോണർ മാജിക് 6 പ്രോയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. സ്റ്റാന്റേർഡ് മോഡലിൽ ആകട്ടെ 66W വയർഡ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്ന 5,450mAh ബാറ്ററിയാണ് ഉള്ളത്. 5G, Wi-Fi 802.11 a/b/g/n/ac/ax/be, ബ്ലൂടൂത്ത്, GPS/AGPS, ഗലീലിയോ, GLONASS, Beidou, NFC, OTG, USB സി പോർട്ട് എന്നിവയെല്ലാം ആണ് ഈ ഫോണുകളുടെ കണക്ടിവിറ്റി ഓപ്ഷനുകൾ.
ഈ ഫോണുകളിലെ സെൻസറുകൾ പരിശോധിക്കുമ്പോൾ ആക്സിലറോമീറ്റർ, കോമ്പസ്, ഗൈറോസ്കോപ്പ്, ഗ്രാവിറ്റി സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവ കാണാൻ സാധിക്കുന്നതാണ്. ഫോണുകളുടെ അധിക സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും കാണാൻ സാധിക്കുന്നതാണ്. അൾട്രാ സൗണ്ട് ഇഫക്‌റ്റുകളുള്ള ഡ്യുവൽ സ്പീക്കറുകളും ഹോണർ മാജിക് 6 സീരീസ് ഫോണുകളുടെ പ്രത്യേകതയാണ്. രണ്ട് ഫോണുകളുടെയും വാട്ടർ, ഡസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് IP68 ആണ്.
ഹോണർ മാജിക് 6 പ്രോയുടെ 12 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയൻ്റിന് 1,299 യൂറോ (ഏകദേശം 1,16,600 രൂപ) ആണ് വില. മാർച്ച് ഒന്ന് മുതൽ ഇത് ആഗോളതലത്തിൽ വിപണിയിൽ ലഭ്യമാകും എന്നാണ് ഹോണർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലും ഉടൻ തന്നെ ഈ ഫോണുകൾ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം ഹോണർ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ അടുത്തിടെ തിരിച്ചുവരവ് നടത്തിയിരുന്നു.


Click it and Unblock the Notifications








