വെറും 999 രൂപയ്ക്ക് ജിയോയുടെ പുതിയ ഫോൺ; ലൈവ് ടിവി സ്ട്രീമിംഗ്, യുപിഐ സൗകര്യം തുടങ്ങി സൗകര്യങ്ങൾ ഏറെ
സ്മാർട്ട് ഫോണുകളുടെ പല സവിശേഷതകളുമായി റിലയൻസ് ജിയോ അവതരിപ്പിച്ച ഫീച്ചർ ഫോൺ ആയിരുന്നു ജിയോ ഭാരത് ഫോണുകൾ. വൻ ജന സ്വീകാര്യതയായിരുന്നു ഈ ഫോണിന് ലഭിച്ചിരുന്നത്. കുറഞ്ഞ വിലയ്ക്ക് നിരവധി ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ ഈ ഫോണിന്റെ പിൻഗാമിയെ പുറത്തിറക്കാൻ ജിയോ ശ്രമിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിലുള്ള ജിയോ ഭാരത് ഫോണുകളുടെ നവീകരിച്ച പതിപ്പ് ആയിരിക്കും ജിയോ പുതിയതായി പുറത്തിറക്കുക. ഇതിനായി പ്രമുഖ ഫീച്ചർ ഫോൺ നിർമ്മാതാക്കളായ ഐടെൽ, ലാവ, നോക്കിയ എന്നിവരുമായി സഹകരിക്കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്. ഇക്കണോമിക്സ് ടൈംസ് എന്ന മാധ്യമമാണ് ഈ വാർത്ത് പുറത്ത് വിട്ടത്. റിപ്പോർട്ട് പ്രകാരം പുതിയ ഫോണിൽ യുപിഐ പേയ്‌മെന്റ് ആപ്പ്, വാട്ട്‌സ്ആപ്പ്, ലൈവ് ടിവി സ്ട്രീമിംഗ് എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

വെറും 999 രൂപ മാത്രമായിരിക്കും ഈ ഫോണിന്റെ വില എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. പുതിയ ഫോൺ പുറത്തിറങ്ങുന്നതോടെ ഏകദേശം 250 ദശലക്ഷം 2ജി ഉപഭോക്താക്കളെയെങ്കിലും 4ജിയിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് ജിയോ പ്രതീക്ഷിക്കുന്നത്. മാത്രമല്ല പുതിയ ഫോൺ പുറത്തിറക്കിയാൽ ഫീച്ചർ ഫോൺ മാർക്കറ്റിൽ വ്യക്തമായ ആധിപത്യം നേടാൻ ജിയോയ്ക്ക് സാധിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. ആദ്യം പുറത്തിറങ്ങിയ ജിയോ ഭാരത് ഫോണുകൾക്കും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
അതേ സമയം ഐടെൽ, ലാവ, നോക്കിയ എന്നീ കമ്പനികളുമായി സഹകരിച്ചാണ് പുതിയ ഫോൺ തങ്ങൾ നിർമ്മിക്കുന്നതെന്ന് ജിയോ പ്രൊഡക്ട്റ്റ്സിന്റെ പ്രസിഡന്റ് സുനിൽ ദത്ത് വെളിപ്പെടുത്തി. താങ്ങാനാകുന്ന വിലയിൽ ഉത്പന്നങ്ങൾ ഇറക്കുന്നതോടെ ഫീച്ചർ ഫോൺ വിപണി ഉയരുമെന്നും ഇദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. മാത്രമല്ല പുതിയ ഫോൺ മൂലം വിപണിയിലും ഉപഭോക്താവിന്റെ മനസ്സിലും സ്ഥാനം പിടിയ്ക്കാൻ ജിയോയ്ക്ക് സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

അതേ സമയം പുറത്തിറങ്ങാനിരിക്കുന്ന അപ്ഡേറ്റഡ് ജിയോ ഭാരത് ഫോണുകൾക്കായുള്ള പ്ലാനുകളും ജിയോ ഇതിനോടകം തന്നെ പുറത്ത് വിട്ടിട്ടുണ്ട് ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. പ്രത്യേക 4ജി പ്രതിമാസ പ്ലാനുകളുമായാണ് ഈ ഫോൺ പുറത്തിറങ്ങുക. നിലവിലെ വിപണിയിലും കുറഞ്ഞ വിലയിൽ ആയിരിക്കും ഈ പ്ലാനുകൾ എത്തുക എന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ പ്ലാൻ 123 രൂപയുടേത് ആണ്. 28 ദിവസം ആയിരിക്കും ഈ പ്ലാനിന്റെ കാലാവധി.
പ്രതിദിനം 500 എംബി ഡാറ്റ ആയിരിക്കും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 450-ലധികം ചാനലുകളുള്ള ലൈവ് ടിവി, സിനിമകൾക്കായി ജിയോ സിനിമ ആപ്പ്, ജിയോ സാവനിലൂടെ പാട്ടുകൾ, ഐപിഎൽ ലൈവ് സ്ട്രീമിംഗ് എന്നിവയെല്ലാം ഈ ഫോണിന്റെ സവിശേഷതയായിരിക്കും. ഇതിന് പുറമെ പുതിയ ജിയോ ഭാരത് ഫോണുകളിൽ യുപിഐ പേയ്മെന്റുകൾക്കായി പ്രത്യേകം ആപ്പും ഉണ്ടായിരിക്കുന്നതാണ്. ഇനി വളരെ സാധാരണക്കാരായ ഉപഭോക്താക്കൾക്കും യുപിഐ ആപ്പുകളുടെ സേവനം ആസ്വദിക്കാവുന്നതായിരിക്കും.
നിലവിൽ മൂന്ന് വേരിയന്റ് ഫോണുകളാണ് ജിയോ ഭാരത് സീരീസിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജിയോ ഭാരത് വി 2, ജിയോ ഭാരത് കെ 1, ജിയോ ഭാരത് ബി 1 എന്നിവയാണ് ഈ മോഡലുകൾ. ഈ വർഷത്തിന്റെ അവസാനത്തോടെ കൂടുതൽ ഫോണുകൾ അവതരിപ്പിക്കാൻ ജിയോ പദ്ധതിയിടുന്നുണ്ടെന്നാണ് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ഫീച്ചർ ഫോൺ വിപണിയിൽ ജിയോയ്ക്ക് വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിക്കുന്നതായിരിക്കും.
നിലവിലെ ഡിജിറ്റൽ മാർക്കറ്റിൽ സ്മാർട്ട് ഫോണുകളാണ് മുൻപന്തിയിൽ എങ്കിലും ചെറുതല്ലാത്ത ഒരു വിഭാഗം ഉപഭോക്താക്കൾ ഇപ്പോഴും ഫീച്ചർ ഫോണുകളെ ആശ്രയിക്കുന്നുണ്ട്. ഇവരെല്ലാം ഇപ്പോഴും 2ജി നെറ്റ്വർക്കിനെ തന്നെയാണ് ആശ്രയിക്കുന്നത്. ഇവരെ 4ജിയിലേക്ക് എത്തിക്കുകയാണ് ജിയോയുടെ ലക്ഷ്യം എന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ഫോൺ പുറത്തിറങ്ങുന്നതോടെ ഫീച്ചർ ഫോൺ വിപണയിിൽ വലിയ മാറ്റം ഉണ്ടാകും എന്നും ജിയോ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








