ട്രിപ്പിൾ റിയർ ക്യാമറാഫോൺ 15,000 രൂപയ്ക്ക് താഴെ; സാംസങ് ഗാലക്സി എഫ് 15 5ജി മാർച്ച് 4ന് എത്തും
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ എല്ലാത്തരം സെഗ്മെന്റ് ഫോണുകളും അവതരിപ്പിച്ച് വിപണി ഭരിക്കുന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് സാംസങ്. 10,000 രൂപ സെഗ്മെന്റിലുള്ള ബേസിക് സ്മാർട്ട് ഫോണുകളും ഗാലക്സി എസ് 24 അൾട്ര പോലുള്ള പ്രീമിയം ഫോണുകളും സാംസങ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുണ്ട്.
മറ്റ് സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് ഇക്കാര്യം ചിന്തിക്കാൻ പോലും സാധിക്കുന്നതല്ല. സാംസങ്ങിന്റെ എല്ലാ സെഗ്മെന്റിലുമുള്ള ഫോണുകൾക്ക് ആവിശ്യക്കാർ ഉണ്ട് എന്നതാണ് സാംസങ്ങിനെ മറ്റ് ഫോൺ നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഈ വർഷം ആദ്യമാണ് സാംസങ് തങ്ങളുടെ ഗാലക്സി എസ് 24 സീരീസ് ഫോണുകൾ പുറത്തിറക്കിയത്. ഈ ഫോണിന്റെ തരംഗം അവസാനിക്കുന്നതിന് മുമ്പ് ഇപ്പോഴിതാ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി.

ഗാലക്സി എഫ് 15 5ജി എന്ന ഫോൺ ആണ് ഉടൻ ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കാൻ സാംസങ് ശ്രമിക്കുന്നത്. ഈ ഫോൺ മാർച്ച് 4ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് സാംസങ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 15,000 രൂപയിൽ താഴെ ആയിരിക്കും ഈ ഫോണിന് ഇന്ത്യൻ മാർക്കറ്റിൽ വില എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിലയ്ക്ക് എഫ് സീരീസിൽ സാംസങ് അവതരിപ്പിക്കുന്ന ആദ്യത്തെ ഫോൺ ആയിരിക്കും ഗാലക്സി എഫ് 15 എന്നും കമ്പനി അറിയിച്ചു.
സൂപ്പർ AMOLED സ്ക്രീനുമായി എത്തുന്ന ഈ ഫോണിന് MediaTek Dimensity 6100+ SoC ചിപ്സെറ്റ് ആയിരിക്കും സാംസങ് നൽകുക. മാത്രമല്ല ട്രിപ്പിൾ റിയർ ക്യാമറയും ഈ ഫോണിന്റെ സവിശേഷത ആയിരിക്കും എന്നും സാംസങ് അറിയിച്ചിട്ടുണ്ട്. ഈ സെഗ്മെന്റിൽ വളരെ കുറച്ച് ഫോണുകൾക്ക് മാത്രമാണ് ട്രിപ്പിൾ റിയർ ക്യാമറ അവകാശപ്പെടാനുള്ളത്. 4 ജനറേഷൻ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ, 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവയും ഈ ഫോണിന് ലഭിക്കും.

MOST READ: ഒന്നും രണ്ടുമല്ല 60% ആണ് ഓഫർ; ആമസോണിൽ സ്മാർട്ട് ടിവി വിൽപന പൊടി പൊടിയ്ക്കുന്നു
ഫോണിന്റെ ഒരു ചിത്രവും സാംസങ് പുറത്ത് വിട്ടിട്ടുണ്ട്. എഫ് 14നിനോട് ഏറെ സാമ്യമുള്ള ഡിസൈൻ ആണ് എഫ് 15നും സാംസങ് നൽകിയിരിക്കുന്നത്. 90 Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി സൂപ്പർ AMOLED ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ടാകും എന്നാണ് സൂചന. ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു നോച്ചും പ്രതീക്ഷാവുന്നതാണ്. ആൻഡ്രോയിഡ് 14ൽ ആയിരിക്കും ഗാലക്സി എഫ് 15 പ്രവർത്തിക്കുക.
എന്നാൽ നേരത്തെ സൂചിപ്പിച്ചത് പോലെ നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റ് ലഭിക്കുന്നതിനാൽ ആൻഡ്രോയിഡ് 18 വരെ ഇതിൽ പ്രവർത്തിക്കുന്നതായിരിക്കും. ഫോണിന്റെ 4 ജിബി, 6 ജിബി റാം വേരിയന്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. വോയ്‌സ് ഫോക്കസ് സവിശേഷത ആയിരിക്കും ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോൺ കോളുകൾക്കിടയിൽ പശ്ചാത്തല ശബ്‌ദം ഫിൽട്ടർ ചെയ്‌ത് വോക്കൽ ഫ്രീക്വൻസികൾ വർദ്ധിപ്പിച്ച് വോയ്‌സ് നിലവാരം വർദ്ധിപ്പിക്കാൻ ഈ ഫീച്ചർ സഹായിക്കുന്നതായിരിക്കും.
വോയിസ് കോളുകൾ, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീമുകൾ, വാട്ട്‌സ്ആപ്പ്, സൂം തുടങ്ങിയ വീഡിയോ, വോയ്‌സ് കോളിംഗ് ആപ്പുകളിൽ ഈ ഫീച്ചർ പ്രവർത്തിക്കുന്നതായിരിക്കും. റെൻഡർ കറുപ്പ്, പർപ്പിൾ, മിൻ്റ് എന്നീ നിറങ്ങളിൽ ആയിരിക്കും ഗാലക്സി എഫ് 15 പുറത്തിറങ്ങുക എന്ന് സാംസങ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000 mAh ബാറ്ററിയും ഈ ഫോണിൽ ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കുന്നതാണ്.
അതേ സമയം ചാർജർ ഫോണിനൊപ്പം ലഭിക്കില്ല എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. കേബിൾ മാത്രമാണ് ഫോണിന്റെ കവറിൽ പായ്ക്ക് ചെയ്യുന്നത്. ചാർജിങ് അഡാപ്റ്റർ പ്രത്യേകം വാങ്ങേണ്ടതാണ്. നിലവിൽ ഇത്രയും വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത് ഫോണിന്റെ വിലയും മറ്റ് വിശദാംശങ്ങളും വരും ദിവസങ്ങളിൽ സാംസങ് പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. വെറും ഒരാഴ്ച മാത്രമാണ് ഇനി ഇ ഫോൺ ലോഞ്ച് ചെയ്യാനായി ബാക്കിയുള്ളത്.


Click it and Unblock the Notifications








