സാധാരണക്കാർക്കും ഫോൾഡബിൾ ഫോൺ സ്വന്തമാക്കാം; സാംസങ്ങിന്റെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൾഡബിൾ ഫോൺ ഉടനെത്തും
സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിൽ വില കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട് ഫോൺ നിർമ്മിക്കാനൊരുങ്ങി കൊറിയൻ ടെക് ഭീമന്മാരായ സാംസങ്. ഗാലക്സി ഇസഡ് സീരീസിൽ ആയിരിക്കും സാംസങ് ഈ ഫോൺ പുറത്തിറക്കുക. അടുത്ത വർഷം തന്നെ ഈ ഫോൺ പുറത്തിറക്കാനാണ് സാംസങ് പദ്ധതി ഇടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ വർഷം സാംസങ് രണ്ട് ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് മാർക്കറ്റിൽ എത്തിച്ചത്. ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5, ഗാലക്‌സി ഇസഡ് ഫോൾഡ് 5. രണ്ട് ഫോണുകളും പ്രീമിയം ക്യാറ്റഗറിയിൽ പെടുന്ന ഫോണുകളാണ്. ഒരു ലക്ഷത്തിന് മുകളിലാണ് ഈ ഫോണുകളുടെ വില. ആയതിനാൽ തന്നെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇവ സ്വന്തമാക്കാൻ സാധിക്കുന്നതല്ല. ഇതിനാലാണ് ഇവർക്കായി വില കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട് ഫോൺ നിർമ്മിക്കാൻ സാംസങ് ഒരുങ്ങുന്നത്.

സാംസങ്ങിന്റെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലെ ഉപഭോക്താക്കൾ ആകട്ടെ ഭൂരിഭാഗം ആളുകളും സാധാരണക്കാരാണ്. ഈ ഫോൺ പുറത്തിറങ്ങുന്നതോടെ മിഡ് റേഞ്ച് ഫോണുകൾക്കിടയിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കും എന്നാണ് സാംസങ് പ്രതീക്ഷിക്കുന്നത്. ഗവേഷണ സ്ഥാപനമായ ട്രെൻഡ്‌ഫോഴ്‌സ് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഏകദേശം 400 ഡോളറിനും 500 ഡോളറിനും ഇടയിലായിരിക്കും ഇതിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.
അതായത് ഇന്ത്യൻ മാർക്കറ്റിലെ 33,000 രൂപയ്ക്കും 41,000 രൂപയ്ക്കും ഇടയിൽ. അതേ സമയം നിലവിൽ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാംസങ്, വൺപ്ലസ്, ഓപ്പോ, മോട്ടറോള തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം തന്നെ ഫോൾഡബിൾ സ്മാർട്ട് ഫോൺ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇവയ്ക്ക് എല്ലാം തന്നെ ഉയർന്ന വിലയാണ്. ഈ സാഹചര്യത്തിലാണ് വില കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട് ഫോണിനായി സാംസങ് രംഗത്ത് വന്നിരിക്കുന്നത്.

അടുത്ത വർഷത്തോടെ സാംസങ്ങിന് പിന്നാലെ മറ്റ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളും ഇത്തരത്തിൽ വില കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട് ഫോണുമായി രംഗത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഈ വർഷം വിറ്റുപോയ ഫോൾഡബിൾ സ്മാർട്ട് ഫോണുകളുടെ എണ്ണം 18.3 ദശലക്ഷം യൂണിറ്റ് ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷത്തെ മൊത്ത സ്മാർട്ട്ഫോൺ വിൽപനയുടെ 1.6 ശതമാനം ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ്.
അടുത്ത വർഷം ഇത് 25.2 ദശലക്ഷം യൂണിറ്റ് വിൽപനയോടെ 2.2 ശതമാനം ആയി വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തരത്തിൽ 2027ഓടെ 70 ദശലക്ഷം യൂണിറ്റ് ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വിറ്റ് ആകെ സ്മാർട്ട് ഫോൺ മാർക്കറ്റിന്റെ 5 ശതമാനം വിപണി ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ കൈയ്യടക്കും എന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലും ലോക വിപണിയിലും സാംസങ് ആണ് മുന്നിട്ട് നിൽക്കുന്നത്.
ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ കൂടി പുറത്ത് വരുന്നതോടെ കൂടുതൽ വിൽപന നടത്താൻ സാംസങ്ങിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയടെ ഇരുപത് ശതമാനത്തോളം നിയന്ത്രിക്കുന്നത് സാംസങ് ആണ്. ഷവോമിയാണ് ഇന്ത്യൻ വിപണിയിൽ രണ്ടാം സ്ഥാനത്ത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ സമ്മാനിക്കുന്ന ബഡ്ജറ്റ് ഫ്രണ്ടലി ഫോണുകളാണ് ഈ കമ്പനികൾക്ക് മുതൽക്കൂട്ട്.
അതേ സമയം ആഗോള വിപണയിലും സാംസങ് തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്. ആപ്പിൾ ആണ് ആഗോള വിപണിയിൽ രണ്ടാമത്. രണ്ട് കമ്പനികളും തമ്മിൽ മികച്ച മത്സരമാണ് നടന്നുകൊണ്ട് ഇരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ ഐഫോൺ 15 ആപ്പിളിന്റെ മാർക്കറ്റ് ഉയർത്താൻ സഹായിച്ചപ്പോൾ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5, ഗാലക്‌സി ഇസഡ് ഫോൾഡ് 5 എന്നീ ഫോണുകളാണ് സാംസങ്ങിന് തുണയായത്. വരും വർഷങ്ങളിലും വിപണിയിൽ ശക്തമായ പോരാട്ടം ആണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








