വില വെറും 10,000 രൂപ ഫീച്ചറുകളോ 20,000 രൂപയുടേത്; ടെക്നോ സ്പാർക് 20 ഇന്ത്യയിലെത്തി, കൂടെ നിരവധി ഓഫറുകളും
കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ ഉള്ള സ്മാർട്ട് ഫോണുകൾ എത്തിക്കുന്നതിൽ കേമനാണ് പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ടെക്നോ. കമ്പനിയുടെ നിരവധി ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉള്ളത്. സാധാരണക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട് ഫോൺ ബ്രാൻഡുകളിൽ ഒന്നുകൂടിയാണ് ടെക്നോ.
ടെക്നോ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട് ഫോണുകളുടെ ഇടയിലേക്ക് പുതിയ ഒരു ഫോൺ കൂടി എത്തിയിരിക്കുകയാണ്. ടെക്നോ സ്പാർക്ക് 20 ആണ് കമ്പനി പുതിയതായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട് ഫോൺ. ടെക്നോയുടെ മറ്റ് ഫോണുകൾ പോലെ തന്നെ ഇതും ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മെന്റിൽ ആണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. വെറും 10499 രൂപ മുതൽ ഈ ഫോൺ ഇന്ത്യൻ മാർക്കറ്റിൽ ലഭിക്കും എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.

ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 6.56 ഇഞ്ച് എച്ച്ഡി പ്ലസ് ഡോട്ട് ഇൻ ഡിസ്‌പ്ലേയുമായാണ് ടെക്നോ സ്പാർക്ക് 20 എത്തിയിരിക്കുന്നത്. ഈ സ്ക്രീനിന് 90Hz പുതുക്കൽ നിരക്കും അവകാശപ്പെടാൻ സാധിക്കുന്നതാണ്. Octa Core MediaTek Helio G85 12nm പ്രോസസർ ആണ് ഈ ഫോണിനായി കരുത്ത് നൽകുന്നത്. 8 ജിബി വരെ റാമും 8 ജിബി വരെ വെർച്വൽ റാമും ടെക്നോ സ്പാർക്ക് 20 ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫോണിന്റെ ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 50 എംപിയാണ് ഇതിന്റെ പ്രൈമറി സെൻസർ. 10499 രൂപയ്ക്ക് 50 എംപി ക്യാമറയുള്ള ഫോണുകൾ വളരെ വിരളമായി മാത്രമാണ് പുറത്തിറങ്ങാറുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപിയുടെ ഒരു ഫ്രണ്ട് ക്യാമറയും ഫോണിന്റെ മുൻവശത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. ക്യാമറയോട് ചേർന്ന് ഫോണിന്റെ മുന്നിലും പിന്നിലുമായി രണ്ട് എൽഇഡി ഫ്ലാഷ് ലൈറ്റും ടെക്നോ സ്പാർക്ക് 20ൽ ഇടം പിടിച്ചിട്ടുണ്ട്.

Android 13ന്റെ HiOS 13 ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക എന്നാണ് ടെക്നോ അറിയിച്ചിരിക്കുന്നത്. അധിക സുരക്ഷയ്ക്കായി ഈ ഫോണിൽ ഒരു ഫിംഗർപ്രിന്റ് സെൻസറും ടെക്നോ നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്തിട്ടുണ്ട്. അത്യാവശ്യം ഭേദപ്പെട്ട ബാറ്ററി ലൈഫ് തന്നെ ടെക്നോ സ്പാർക്ക് 20ൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.
ഡ്യുവൽ സ്പീക്കറുകൾ, DTS ഓഡിയോ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. ഐഫോണുകൾക്ക് സമാനമായി മനോഹരമായ ഒരു ഡൈനാമിക് ഐലന്റും ഡിസ്പ്ലേയുടെ മുകളിലായി ടെക്നോ സ്പാർക്ക് 20ൽ ഇടം പിടിച്ചിട്ടുണ്ട്. മാജിക് സ്കിൻ 2.0 ബ്ലൂ കളറിലുള്ള ലെതർ ഫിനീഷിങ്ങിൽ ആയിരിക്കും ഈ ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാകുക. ഗ്രാവിറ്റി ബ്ലാക്ക്, നിയോൺ ഗോൾഡ്, സൈബർ വൈറ്റ് എന്നിവയാണ് ഈ ഫോണിന്റെ മറ്റ് കളർ ഓപ്ഷനുകൾ.
ഫോണിന്റെ വാട്ടർ ഡെസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് ഐപി 53 ആണ്. ഫെബ്രുവരി രണ്ടാം തിയതി മുതൽ ടെക്നോ സ്പാർക്ക് 20 ആമസോണിൽ നിന്ന് ഉപയോക്താക്കൾക്ക് ഓൺലൈനായി വാങ്ങാൻ സാധിക്കുന്നതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ 10499 രൂപയാണ് ഈ ഫോണിന്റെ വില. ലോഞ്ചിന്റെ ഭാഗമായി ഈ ഫോൺ വാങ്ങുന്നവർക്ക് ചില പ്രത്യേക ഓഫറുകളും ടെക്നോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
19ഓളം ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിബ്ഷൻ ആണ് ടെക്നോയുടെ പുതിയ ഫോൺ സ്വന്തമാക്കുന്നവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഓഫർ സോണി ലൈവ്, സീ 5, ലയൺസ്ഗേറ്റ് പ്ലേ, ഫാൻ കോഡ് തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ 4,897 രൂപയോളം ഇതിന് ചിലവാകും എന്നാൽ ടെക്നോ സ്പാർക്ക് 20 ഇപ്പോൾ സ്വന്തമാക്കിയാൽ ഇവയെല്ലാം തികച്ചും സൗജന്യമായി ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








