അന്തരിച്ച ഗായകരെക്കൊണ്ട് പാട്ട് 'പാടിച്ച്' എആർ റഹ്മാൻ; ലാൽസലാമിലെ പുതിയ പാട്ട് വൈറലാകുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് അധവ എഐ എന്നത് വളരെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം ആണെന്ന് പല ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പലപ്പോഴും എഐ ടെക്നോളജി ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇനി വരുന്ന ടെക്നോളജിയുടെ വളർച്ച എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാൻ പോലും സാധിക്കാത്തതാണ്. ഇതിന് ഉദാഹരണമായി കഴിഞ്ഞ ദിവസങ്ങളിൽ ഒരു വാർത്ത പുറത്ത് വന്നിരുന്നു.
പ്രമുഖ സംഗീത സംവിധായകനും ഗ്രാമി അവാർഡ് ജേതാവുമായ എആർ റഹ്മാൻ അന്തരിച്ച രണ്ട് ഗായകരുടെ ശബ്ദത്തിൽ ഒരു പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. രജനികാന്ത് നായകനാകുന്ന ലാൽസലാം എന്ന ചിത്രത്തിന് വേണ്ടിയാണ് റഹ്മാൻ ഇത്തരത്തിൽ എഐ ടെക്നോളജിയുടെ സഹായം തേടിയിരിക്കുന്നത്. ചിത്രത്തിലെ തിമിരി എഴുദാ എന്ന ഗാനം ആണ് ഇത്തരത്തിൽ അന്തരിച്ച ഗായകരായ ബംബാ ബാക്കിയ, ഷാഹുല്‍ ഹമീദ് എന്നിവരുടെ ശബ്ദത്തിൽ പുറത്ത് വന്നിരിക്കുന്നത്.

രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിൽ പുതിയ സിനിമയ്ക്കായി അന്തരിച്ച ഗായകരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ പുനർനിർമ്മിക്കുന്നത്. ദീപ്തി സുരേഷ്, അക്ഷയ ശിവകുമാര്‍ എന്നീ ഗായകരും ഈ ഗാനത്തിൽ ആലപിച്ചിട്ടുണ്ട്. പുതിയ പാട്ട് പുറത്തിറങ്ങിയതോടെ നിരവധി ആളുകളാണ് റഹ്മാനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.
എഐ ടെക്നോളജിയ്ക്ക് നന്ദി അറിയിച്ച് റഹ്മാനും രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം റഹ്മാന് വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ച ഗായകരാണ് ബംബാ ബാക്കിയയും, ഷാഹുല്‍ ഹമീദും. സര്‍ക്കാര്‍, യന്തിരന്‍ 2.0, സര്‍വം താളമയം, ബിഗില്‍, ഇരൈവിന്‍ നിഴല്‍ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുള്ള ഗായകനാണ് ബംബാ ബാക്കിയ. പൊന്നിയൻ സെൽവൻ എന്ന മണിരത്നം ചിത്രത്തിലാണ് ഇദ്ദേഹം അവസാനമായി പാടിയത്. 2022 സെപ്റ്റംബര്‍ രണ്ടിന് ആയിരുന്നു ഇദ്ദേഹം അന്തരിച്ചത്.

എആർ റഹ്മാൻ സംഗീതം നിർവ്വഹിച്ച നിരവധി സിനിമകളിൽ പാടിയിട്ടുള്ള ഗായകനാണ് ഷാഹുല്‍ ഹമീദ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെണ്‍കുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എന്‍ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊര്‍വസി ഊര്‍വസി, പെട്ടാ റാപ്പ് എന്നിവയാണ് ഷാഹുല്‍ ഹമീദ് ആലപിച്ച പ്രശ്സ്ത ഗാനങ്ങൾ. 1997-ൽ ചെന്നൈയിലുണ്ടായ ഒരു കാറപകടത്തിലായിരുന്നു ഷാഹുല്‍ ഹമീദ് അന്തരിച്ചത്.
അതേ സമയം പുതിയ പാട്ട് ചില വിവാദങ്ങൾക്കും വഴി തെളിച്ചിട്ടുണ്ട്. ഈ വിവാദങ്ങളോട് പ്രതികരിക്കാനും റഹ്മാൻ തയ്യാറായിട്ടുണ്ട്. രണ്ട് ഗായകരുടെയും കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയതിന് ശേഷമാണ് പാട്ട് തയ്യാറാക്കിയത് എന്നായിരുന്നു റഹ്മാന്റെ വിശദീകരണം. വീട്ടുകാർക്ക് അർഹമായ പ്രതിഫലവും നൽകിയിട്ടുണ്ടെന്ന് റഹ്മാൻ വ്യക്തമാക്കി. ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കില്‍ സാങ്കേതിക വിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആകില്ലെന്ന് റഹ്‌മാന്‍ പറയുന്നു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് റഹ്മാൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
റെസ്പെക്റ്റ്, നൊസ്റ്റാള്‍ജിയ എന്നീ രണ്ട് ഹാഷ് ടാഗുകളും തന്റെ എക്സ്പോസ്റ്റിനൊപ്പം റഹ്മാൻ ചേർത്തിട്ടുണ്ട്. എന്നാൽ ഏത് സോഫ്റ്റുവെയർ ഉപയോഗിച്ചാണ് റഹ്മാൻ ഈ ഗായകരുടെ ശബ്ദം പുനർനിർമ്മിച്ചത് എന്ന് വ്യക്തത ഇല്ല. എന്നിരുന്നാലും ഓഡിയോഷിപ്പ്, സുനോ എഐ, മ്യൂസിക്‌ജെൻ തുടങ്ങിയ എഐ സോഫ്റ്റുവെയറുകൾ ഇത്തരത്തിൽ ശബ്ദങ്ങൾ പുനർനിർമ്മിക്കാൻ സഹായിക്കുന്നവയാണ്. ഇതിന് പുറമെ വേറെയും എഐ സോഫ്റ്റുവെയറുകൾ ഇപ്പോൾ ഇന്റർനെറ്റിൽ ലഭ്യമാണ്.
അതേ സമയം എഐ ഉപയോഗിച്ച് നിരവധി പ്രഗത്ഭർ പാട്ടുപാടുന്നതും സംസാരിക്കുന്നതുമായ നിരവധി വീഡിയോകൾ ഇൻസ്റ്റഗ്രാം മുതലായ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റാനോ റൊണാൾഡോ, മുഖ്യമന്ത്രി പിണറായി വിജയൻ, ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലി തുടങ്ങിയവരുടെ ഹാസ്യരൂപത്തിലുള്ള റീലുകൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. ഹാസ്യം ഒഴിച്ചു നിർത്തിയാൽ ഇതിൽ ചില റീലുകൾ പലപ്പോഴും അതിര് കടക്കുന്നതായും ചിലർക്ക് തോന്നിയേക്കാം.


Click it and Unblock the Notifications








