ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഫോൾഡബിൾ സ്മാർട്ട് ഫോൺ പുറത്തിറക്കി; വില വെറും 21,990 രൂപ മാത്രം
കഴിഞ്ഞ വർഷം സ്മാർട്ട് ഫോൺ വിപണിയിൽ ഏറെ ചലനം ഉണ്ടായക്കിയ സ്മാർട്ട് ഫോൺ മോഡൽ ആയിരുന്നു ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ. സാംസങ്, വൺപ്ലസ്, ഓപ്പോ, വിവോ, ടെക്നോ, മോട്ടറോള എന്ന് തുടങ്ങി മുൻനിര ഫോൺ നിർമ്മാതാക്കളെല്ലാം തങ്ങളുടെ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ എത്തിച്ചിരുന്നു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് സാംസങ്ങിന്റെയും വൺപ്ലസിന്റെയും ഫോൾഡബിൾ ഫോണുകൾ ആയിരുന്നു. ഗാലക്സി ഇസെഡ് ഫോൾഡ് 5, ഗാലക്സി ഇസെഡ് ഫ്ലിപ് 5 എന്നീ പേരുകളിലാണ് സാംസങ് തങ്ങളുടെ ഫോൾഡബിൾ ഫോൺ വിപണിയിൽ എത്തിച്ചത് എങ്കിൽ വൺപ്ലസ് ഓപ്പൺ എന്ന പേരിൽ ആയിരുന്നു വൺപ്ലസ് തങ്ങളുടെ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയത്. ഇവ ജനപ്രിയമായതിനെ തുടർന്ന് ആപ്പിളും തങ്ങളുടെ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കും എന്ന് വാർത്തകൾ പുറത്തിറങ്ങിയിരുന്നു.

എന്നാൽ ഈ ഫോൾഡബിൾ ഫോണുകൾക്ക് എല്ലാം ഉയർന്ന വില ആണ് കമ്പനികൾ ഈടാക്കുന്നത്. സാംസങ്ങിന്റെ ഫോണിന് ഒരു ലക്ഷത്തിലും അധികം രൂപയാണ് വില. വൺപ്ലസിന്റെ ഓപ്പണിനും ഇതിന് സമാനമായ വിലയാണ് കമ്പനി നൽകിയിക്കുന്നത്. ആയതിനാൽ തന്നെ സാധരണക്കാരായ ഉപയോക്താക്കൾക്ക് ഇവ സ്വന്തമാക്കാൻ സാധിക്കുന്നതല്ല. അതേ സമയം സാധാരണക്കാരായ ഉപയോക്താക്കൾക്ക് വാങ്ങാൻ സാധിക്കുന്ന ഫോൾഡബിൾ ഫോൺ പുറത്തിറക്കിയിരിക്കുകയാണ് ZTE എന്ന ടെക് കമ്പനി.
ജപ്പാനിലാണ് ഇവർ തങ്ങളുടെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൾഡബിൾ സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. ലിബെറോ ഫ്ലിപ്പ് എന്നാണ് പുതിയ ഫോൾഡബിൾ ഫോണിന് ZTE നൽകിയിരിക്കുന്ന പേര്. 39,800 ജാപ്പനീസ് യെൻ ആണ് ഈ ഫോണിന്റെ വില. അതായത് ഇന്ത്യൻ മാർക്കറ്റിലെ ഏകദേശം 21,990 രൂപ. നിലവിൽ ഏറ്റവും വില കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട് ഫോൺ പുറത്തിറക്കിയത് ടെക്നോ എന്ന കമ്പനിയായിരുന്നു.

ഏകദേശം 34,819 രൂപ ആയിരുന്നു ടെക്നോയുടെ ഫാന്റം വി ഫ്ലിപ്പ് എന്ന ഫോൾഡബിൾ ഫോണിന്റെ വില. ഈ ഫോണിൽ നിന്ന് 10,000 രൂപയിലേറെ കുറവ് വരുത്തിയാണ് ZTE തങ്ങളുടെ പുതിയ ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. അതേ സമയം ZTE ലിബെറോ ഫ്ലിപ്പിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 SoC ആണ് ഈ ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്.
6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ഈ ഫോൺ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.9 ഇഞ്ച് മടക്കാവുന്ന OLED സ്‌ക്രീനാണ് ഈ ഫോണിന് ZTE നൽകിയിരിക്കുന്നത്. ഡിസ്പ്ലേ മടക്കുമ്പോൾ പുറത്ത് പ്രത്യക്ഷപ്പെടുന്ന ചെറിയ കവർ ഡിസ്പ്ലേയ്ക്ക് 1.43 ഇഞ്ച് വലുപ്പം ഉണ്ട്. വൃത്താകൃതിയിലാണ് ഇതിന്റെ കവർ ഡിസ്പ്ലേയ്ക്ക് രൂപം നൽകിയിരിക്കുന്നത്. മൂന്ന് നിറങ്ങളിലാണ് ഈ ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്.
ഫോണിന്റെ ഡിസൈൻ പരിശോധിക്കുമ്പോൾ ഗ്ലാസ് ബാക്ക്, മെറ്റൽ ഫ്രെയിം എന്നിവ കാണാൻ സാധിക്കുന്നതാണ്. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,310എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 13ൽ ആണ് തങ്ങളുടെ ലിബെറോ ഫ്ലിപ്പ് പ്രവർത്തിക്കുന്നത് എന്ന് ZTE വ്യക്തമാക്കിയിട്ടുണ്ട്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 50 എംപി പ്രൈമറി സെൻസർ കാണാൻ സാധിക്കുന്നതാണ്. കൂടാതെ 2 എംപി ഡെപ്ത് സെൻസറും പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപിയാണ്. IP42 ആണ് ഫോണിന്റെ ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ്. അതേ സമയം നിലവിൽ ഈ ഫോൺ ഇപ്പോൾ ജപ്പാനിൽ മാത്രമാണ് ലഭ്യമാകുന്നത്. സാധാരണ ഗതിയിൽ ZTE തങ്ങളുടെ ഉത്പന്നങ്ങൾ വലിയ തോതിൽ ഇന്ത്യയിൽ അവതരിപ്പിക്കാറില്ല. എന്നിരുന്നാലും തങ്ങളുടെ ഫോൾഡബിൾ ഫോൺ ഇന്ത്യയിൽ എത്തിച്ചാൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








