ഇന്ത്യയിലെ 5ജി വിപ്ലവം; 2029ഓടെ ആഗോള തലത്തിൽ ഇന്ത്യ മുഖ്യനേട്ടം കൈവരിക്കുമെന്ന് റിപ്പോർട്ട്
രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ 130 ദശലക്ഷം ഉപയോക്താക്കളെ ലഭിച്ചതായി റിപ്പോർട്ട്. എറിക്‌സൺ മൊബിലിറ്റി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2023ന്റെ അവസാന മാസത്തിലേക്ക് കടക്കുന്നതിന് മുമ്പാണ് എറിക്‌സൺ മൊബിലിറ്റി ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. 5ജി ഉപയോക്താക്കളുടെ എണ്ണത്തിൽ ഈ വർഷം മാത്രം മൂന്നിരിട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്.
2029ഓടെ രാജ്യത്ത് 5ജി ഉപയോഗിക്കുന്നവരുടെ എണ്ണം 860 ദശലക്ഷം ആയി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഇത് രാജ്യത്തെ മൊത്തം സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ 68 ശതമാനത്തോളം വരും. കഴിഞ്ഞ വർഷം അവസാനിച്ചപ്പോൾ രാജ്യത്തെ 5ജി ഉപയോക്താക്കളുടെ എണ്ണം 31 ദശലക്ഷം ആയിരുന്നു. ഇവിടെ നിന്നാണ് ഒരു വർഷത്തിനുള്ളിൽ 130 ദശലക്ഷം ഉപയോക്താക്കളായി ഇത് വളർന്നത്.

MOST READ: ചാറ്റിലെ രഹസ്യങ്ങൾക്ക് ഇരട്ടപ്പൂട്ടുമായി വാട്സ്ആപ്പിൽ സീക്രട്ട് കോഡ് ഫീച്ചർ എത്തി
അടുത്ത ആറ് വർഷത്തിനുള്ളിൽ തന്നെ ഇവരുടെ എണ്ണം 6.6 ഇരട്ടിയാകും എന്നും ഈ കണക്കുകൾ പറയുന്നു. എന്നാൽ രാജ്യത്ത് നിലവിൽ 5ജി ഉപയോക്താക്കളെക്കാൾ കൂടുതലാണ് 4ജി ഉപയോക്താക്കളുടെ എണ്ണം. ഈ വർഷത്തെ കണക്ക് അനുസരിച്ച് നിലവിൽ രാജ്യത്ത് 870 ദശലക്ഷം 4ജി ഉപയോക്താക്കൾ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 2029 ആകുമ്പോഴേക്കും ഇത് 390 ദശലക്ഷമായി കുറയുമെന്നും ഇവർ പറയുന്നു. ആഗോളതലത്തിലും 5ജിക്ക് ഉപയോക്താക്കൾ വർധിച്ചു വരുകയാണ്.
63 ശതമാനം വർധനവാണ് ആഗോളതലത്തിൽ 2023ൽ 5ജിയ്ക്ക് ഉണ്ടായിരിക്കുന്നത്. നിലവിൽ ഈ വർഷത്തെ ഡിസംബർ മാസം കൂടി കഴിയുമ്പോൾ ആഗോളതലത്തിൽ 5ജി ഉപയോഗിക്കുന്നവരുടെ എണ്ണം 1.6 ബില്യൺ ആയി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. 2029ഓടെ ഇത് 5.3 ബില്ല്യണായി വളരുമെന്നും ഈ റിപ്പോർട്ട് പ്രവചിക്കുന്നു. എറിക്‌സൺ മൊബിലിറ്റിയുടെ ഈ പ്രവചനങ്ങൾ ഫലിച്ചാൽ 2029ഓടെ 5ജി ഉപയോഗിക്കുന്ന ഉപയോക്താക്കളിൽ 16 ശതമാനം ആളുകളും ഇന്ത്യയിൽ നിന്നുള്ളവരായിരിക്കും.

നിലവിൽ ആഗോളതലത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 8 ശതമാനം 5ജി ഉപയോക്താക്കളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യൻ ടെലികോം രംഗത്ത് മുൻപന്തിയിൽ നിർക്കുന്ന റിലയൻസ് ജിയോയും എയർടെലുമാണ് രാജ്യത്ത് 5ജി വിതരണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. അതേ സമയം രാജ്യത്തെ 5ജി വിതരണത്തിൽ 85 ശതമാനവും ഓപ്പറേറ്റർ സംഭാവന നൽകിയത് ജിയോ ആണെന്നാണ് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി കഴിഞ്ഞ ഒക്ടോബറിൽ അവകാശപ്പെട്ടത്.
എന്നാൽ രാജ്യത്തിലെ 5000 ജില്ലകളിലും 20,000 ഗ്രാമങ്ങളിലും 5ജി നെറ്റ്വർക്ക് എത്തിക്കാൻ എയർടെലിന് സാധിച്ചതായി ഭാരതി എന്റർപ്രൈസസിന്റെ ചെയർമാൻ സുനിൽ ഭാരതി മിത്തനും അവകാശപ്പെട്ടു. അടുത്ത വർഷം മാർച്ചോടെ രാജ്യത്തിന്റെ പല ഭാഗത്തും തങ്ങൾ ഈ സേവനം വ്യാപിപ്പിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോൺ- ഐഡിയ നിലവിൽ 5ജി പുറത്തിറക്കുന്നതിനായുള്ള പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
5ജിയുടെ വളർച്ച രാജ്യത്തിന്റെ മൊബൈൽ വ്യവസായത്തേയും കാര്യമായി സഹായിക്കുന്നുണ്ട്. സെപ്റ്റംബർ പാദത്തിൽ ഇന്ത്യ നടത്തിയ ഷിപ്മെന്റുകളിൽ 58 ശതമാനവും 5ജി സ്മാർട്ട് ഫോണുകൾ ആയിരുന്നു എന്നാണ് മാർക്കറ്റ് റിസർച്ചർ ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (ഐഡിസി) ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇടക്കാലത്ത് സ്മാർട്ട് ഫോൺ വിപണിയിൽ ഉണ്ടായിരുന്ന മാന്ദ്യം രാജ്യത്തിനെയും കാര്യമായി ബാധിച്ചതായി ഐഡിസി ഇന്ത്യയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് നവകേന്ദർ സിംഗ് പറഞ്ഞു.
എന്നാൽ കാലക്രമേണ സ്മാർട്ട് ഫോൺ വിപണി ഉയരുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്തെ മാബൈൽ ഫോൺ ഉപയോക്താക്കളിൽ 82 ശതമാനം ആളുകളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. 2029 ആകുമ്പോൾ ഇത് 93 ശതമാനമായി ഉയർന്നേക്കാം. നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ 1.27 ബില്യൺ ആളുകൾ മൊബൈൽ ഉപയോഗിക്കുന്നു എന്നാണ് 2029 ആകുമ്പോൾ ഇത് 1.18 ബില്യൺ ആയി ഉയരുമെന്നും ഇദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.


Click it and Unblock the Notifications








