വൻ സുരക്ഷാ ഭീഷണി ഉയർത്തി ബ്ലൂടുത്ത്; ഓരോ തവണ ഓൺ ചെയ്യുമ്പോഴും വിലപ്പെട്ട വിവരങ്ങൾ ചോർന്നേക്കാം
ഫോണിലെ ബ്ലൂടൂത്ത് വഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ സാധിക്കുമെന്ന് പുതിയ പഠനം. ആറോളം രീതികളിലാണ് ഇത്തരത്തിൽ ബ്ലൂടൂത്ത് വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ സാധിക്കുന്നത് എന്നാണ് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നത്. 2014 മുതൽ പുറത്തിറക്കിയ ഉപകരണങ്ങളിൽ നിന്നും ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതാണ്.
ബ്ലൂടൂത്ത് 4.2 മുതൽ 5.4 വരെയുള്ള എല്ലാ ഉപകരണങ്ങളിലും ഈ സുരക്ഷാ പിഴവ് കണ്ടെത്തിയിട്ടുണ്ട്. ബ്ലീപിങ് കമ്പ്യൂട്ടർ എന്ന മാധ്യമമാണ് ഈ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. യൂറോകോം എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് ഇത്തരത്തിൽ ഒരു പഠനം നടത്തിയിരിക്കുന്നത് എന്നാണ് ബ്ലീപിങ് കമ്പ്യൂട്ടറിന്റെ റിപ്പോർട്ടിൽ പറയുന്നത്. ആറോളം ആക്രമണങ്ങളാണ് ഈ സുരക്ഷാ പിഴവിന്റെ കീഴിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

ബ്ലഫ്സ് (BLUFFS) എന്ന പേരിലാണ് ഈ ആക്രമണങ്ങൾ അറിയപ്പെടുന്നത്. ഇത്തരത്തിൽ ആക്രമണം നടത്തുമ്പോൾ ബ്ലൂടൂത്തിന്റെ സുരക്ഷാ പാളിച്ചകൾ മുതലെടുത്ത് ഹാക്കർമാർ രണ്ട് ഫോണുകളുടെയും നിയന്ത്രണം ഏറ്റെടുക്കും. നിങ്ങൾ അയ്ക്കുന്ന ഫയലുകൾ സുരക്ഷിതമാണെന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ അയയ്ക്കുന്ന ഫയലുകൾ, ഡേറ്റകൾ എന്നിവയിലേക്കെല്ലാം ഇവർക്ക് ആക്സസ് ലഭിക്കുന്നതായിരിക്കും. യഥാർത്ഥത്തിൽ ഇത് ഒരു സുരക്ഷിത കണക്ഷനാണെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഇതിലൂടെ ഡാറ്റ മോഷ്ടിക്കുകയാണ് ഹാക്കർമാർ.
മാൻ-ഇൻ-ദി-മിഡിൽ (MitM) എന്നാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ പൊതുവെ അറിയപ്പെടുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടക്കുമ്പോൾ ഫയൽ സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന ഉപയോക്താവിന് ഫയൽ ലഭിക്കും എങ്കിലും ഇതിന്റെ അതേ കോപ്പി സൈബർ കുറ്റവാളികളുടെ പക്കലും എത്തുന്നുണ്ട്. ഡാനിയേൽ അന്റോണിയോലി എന്ന ഗവേഷകനാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഉപകരണങ്ങളെ ബ്ലൂടൂത്തിന്റെ സഹായത്താൽ ഹൈജാക്ക് ചെയ്യാൻ ഹാക്കർമാരെ സഹായിക്കുന്ന തട്ടിപ്പാണ് ഇതെന്നാണ് ഡാനിയേൽ പറയുന്നത്.

എന്നാൽ രണ്ട് ഫോണുകളിലൂടെ ബ്ലൂടൂത്ത് വഴി ഫയലുകൾ അയ്ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ മാത്രമാണോ ബ്ലഫ്സ് അറ്റാക് ഉണ്ടാകുക എന്ന് വ്യക്തമാല്ല. ഒരു പക്ഷെ ബ്ലൂടൂത്ത് വഴി ഇയർ ബഡുകളും മറ്റും പ്രവർത്തിപ്പിക്കുമ്പോൾ ഇത്തരത്തിൽ സൈബർ ആക്രമണം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങൾ ഇതിനോടകം തന്നെ ചോർന്നിട്ടുണ്ടാകും. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
നിലവിൽ ബ്ലൂടൂത്ത് വഴി നടക്കുന്ന ബ്ലഫ്സ് അറ്റാക് തടയാനായി സുരക്ഷാ പാച്ചുകൾ ഒന്നും തന്നെ ലഭ്യമല്ല എന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്. എന്നാൽ ചില മുൻ കരുതലുകൾ സ്വീകരിച്ചാൽ ഇത്തരം സൈബർ ആക്രമണങ്ങളിൽ നിന്ന് നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കുന്നതായിരിക്കും. ഇവ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരിക്കലും ഒരു പൊതുസ്ഥലത്ത് വെച്ച് നിങ്ങൽ നിങ്ങളുടെ ഫോണിന്റെ ബ്ലൂടൂത്ത് ഓൺ ചെയ്യരുത് എന്നതാണ്.
സ്മാർട്ട് വാച്ചുകളും ഇയർ ബഡുകളും ഉപയോഗിക്കുന്നവർക്ക് ബ്ലൂടൂത്ത് ഓൺ ചെയ്യാതെ ഇവ പ്രവർത്തിപ്പിക്കാൻ സാധിക്കില്ലാത്തതിനാൽ ഇത്തരം ആളുകൾക്ക് ഇത് ബുദ്ധിമുട്ട് ആയി തോന്നിയേക്കാം. എന്നിരുന്നാലും പൊതു സ്ഥലത്ത് വെച്ച് ബ്ലൂടൂത്ത് ഓൺ ചെയ്യുമ്പോൾ സ്വകാര്യ വിവരങ്ങൾ ഒന്നും ഫോണിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിലവിൽ ഇത് മാത്രമാണ് ഈ തട്ടിപ്പ് തടയാൻ സാധിക്കുന്ന ഒരേ ഒരു മാർഗം എന്നാണ് വിദഗ്ദർ പറയുന്നത്.
അതേ സമയം പുതിയ ഗവേഷണ റിപ്പോർട്ട് നിരവധി സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ വലിയ ഞെട്ടലാണ് ഉണ്ടായിക്കിയിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഫയലുകൾ കൈമാറാൻ ബ്ലൂടൂത്ത് വലിയ രീതിയിൽ ഉപയോഗിക്കുന്നില്ലെങ്കിലും ഇയർ ബഡുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയെല്ലാം ബ്ലൂടൂത്തിന്റെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത്. ആയതിനാൽ തന്നെ ഭൂരിഭാഗം സമയത്തും ബഹുഭൂരിപക്ഷം സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ ഫോണിൽ ബ്ലൂടൂത്ത് ഓൺ ആയിരിക്കും.


Click it and Unblock the Notifications








