ഐഒഎസ് 18-ലൂടെ ഐഫോണുകളിലും എഐ ഫീച്ചറുകൾ എത്തും; ഇനി സാംസങ് കുറച്ച് വിയർക്കേണ്ടി വരും
ഈ വർഷത്തിന്റെ ആരംഭത്തിൽ ആയിരുന്നു സാംസങ് തങ്ങളുടെ ഗാലക്സി എസ് 24 സീരീസ് പുറത്തിറക്കിയതും എഐ ഫീച്ചറുകൾ അവതരിപ്പിച്ചതും. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആയിരുന്നു സാംസങ് ഈ സീരീസിൽ പുറത്തിറക്കിയത്. ഈ വർഷത്തെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിൽ ഒന്നുകൂടി ആയിരുന്നു ഗാലക്സി എഐയുടേത്.
എസ് 24 സീരീസ് ഫോണുകൾക്ക് പുറമെ എസ് 23 സീരീസ് ഫോണുകൾ, ഗാലക്സി ഇസെഡ് ഫ്ലിപ് 5, ഫോൾഡ് 5 എന്നീ ഫോണുകൾക്കും ഗാലക്സി ടാബ് എസ് 9 ഉപകരണങ്ങൾക്കും സാംസങ് ഈ എഐ ഫീച്ചറുകൾ നൽകി. ഇപ്പോൾ ഇതാ ഉടൻ തന്നെ ഗാലക്സി എസ് 22 സീരീസ് ഫോണുകൾക്കും എഐ ഫീച്ചറുകൾ നൽകും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്.

ലൈവ് ട്രാൻസിലേഷൻ, സർക്കിൾ ടു സർച്ച് എന്ന് തുടങ്ങി നിരവധി ഫീച്ചറുകളാണ് ഗാലക്സി എഐയിൽ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് തങ്ങളുടെ പ്രീമിയം ഫോണുകൾക്ക് എല്ലാം എഐ ഫീച്ചറുകൾ നൽകുമ്പോൾ ആപ്പിൾ ആരാധകർ ചോദിക്കുന്ന ചോദ്യമാണ് ഐഫോണുകളിൽ എന്ന് മുതൽ ഈ എഐ ഫീച്ചറുകൾ ആസ്വദിക്കാൻ സാധിക്കും എന്നത്. ഇതിനായുള്ള മറുപടി ഇപ്പോൾ ഇതാ ആപ്പിളിന്റെ ഭാഗത്ത് നിന്ന് എത്തിയിരിക്കുകയാണ്.
ഉടൻ തന്നെ ഐഫോണുകളിലും എഐ ഫീച്ചറുകൾ എത്തും എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. പുതിയ ഐഒഎസ് 18 അപ്ഡേറ്റ് വഴി ആയിരിക്കും ആപ്പിൾ ഉപകരണങ്ങളിൽ പുതിയ എഐ ഫീച്ചറുകൾ എത്തുക. ഐഫോണുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപ്ഡേഷൻ ആയിരിക്കും ഐഒഎസ് 18 എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഐ ഫീച്ചറുകൾക്ക് പുറമെ ഹോം സ്‌ക്രീനില്‍ കൂടുതല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും പുതിയ അപ്ഡേറ്റിൽ ആപ്പിൾ അവതരിപ്പിച്ചേക്കാം.

ബ്ലുംബർഗ് എന്ന മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഐഫോണ്‍ ഹോം സ്‌ക്രീന്‍ ക്രമീകരിക്കാൻ സാധിക്കുന്നതായിരിക്കും. ആപ്പുകൾ ക്രമീകരിക്കുന്നതിൽ ആയിരിക്കും പ്രധാന മാറ്റം കൊണ്ടുവരാൻ സാധിക്കുന്നത്. അതേ സമയം ആപ്പിളിന്റ എഐ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ആപ്പിളിന്റെ ആപ്പുകളിൽ തന്നെ ആയിരിക്കും ഇത് ആദ്യം എത്തുക. ആപ്പിൾ നോട്ട്‌സ്, ആപ്പ്, ഗാലറി, മെസേജസ് എന്നിവയിൽ ആയിരിക്കും ആദ്യം ഈ ഫീച്ചർ എത്തുക.
ആപ്പിളിന്റെ സ്മാർട്ട് അസിസിറ്റ് സേവനമായ സിരിയ്ക്കും ആപ്പിൾ മ്യൂസിക്കിനും എഐ ഫീച്ചറുകൾ നൽകാൻ കമ്പനി പദ്ധതിയിടുന്നതായി ബ്ലുംബർഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ എന്തെല്ലാമാണ് ഈ ഫീച്ചറുകൾ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഉടൻ തന്നെ ഇക്കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് ആപ്പിൾ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം എഐ ഫീച്ചറുകൾക്കായി ആപ്പിൾ ഗൂഗിൾ ജെമിനിയുടെ സഹായം തേടിയതായും ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
സാംസങ് തങ്ങളുടെ എഐ ഫീച്ചറുകൾ വിപുലീകരിക്കുന്നത് ആപ്പിളിന് പലപ്പോഴും വെല്ലുവിളി ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് എത്രയും പെട്ടെന്ന് തന്നെ എഐ ഫീച്ചറുകൾ അവതരിപ്പിക്കാൻ ആപ്പിൾ തയ്യാറാകുന്നത്. അതേ സമയം ഗൂഗിൾ പിക്സൽ 8 സീരീസ് ആയിരുന്നു ആദ്യമായി എഐ ഫീച്ചറുകൾ അവതരിപ്പിച്ച സ്മാർട്ട് ഫോൺ. ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ ഉണ്ടായിരുന്നത്.
അതേ സമയം ചൈനയിൽ തിരഞ്ഞെടുത്ത ഫോണുകളിൽ എഐ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്, ഓപ്പോ എന്നിവർ നേരത്തെ അറിയിച്ചിരുന്നു. ഇനി സ്മാർട്ട് ഫോൺ വിപണിയിൽ നടക്കാൻ പോകുന്നത് എഐ ഫോണുകളുടെ മത്സരം ആയിരിക്കും പല കമ്പനികളും ഇതിനോടകം തന്നെ അവരുടേതായ എഐ ഫീച്ചറുകൾ നിർമ്മിക്കാനുള്ള പരീക്ഷണത്തിലാണ്. ഉടൻ തന്നെ ഈ ഫീച്ചറുകൾ ഫോണുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








