ഏപ്രിൽ മാസം സ്മാർട്ട്ഫോൺ വിപണി കത്തിക്കയറും; വരാനിരിക്കുന്നത് ഗാലക്സി എം55 മുതൽ റിയൽമി ജിടി5 പ്രോ വരെ
2024 വർഷം ആരംഭിച്ചത് മുതൽ നിരവധി മികച്ച സ്മാർട്ട് ഫോണുകൾ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഫോണുകൾ സാംസങ്ങിന്റെ എസ് 24 സീരീസ്, വൺപ്ലസ് 12 സീരീസ്, വിവോ എക്സ് 100 സീരീസ്, നത്തിങ്ങിന്റെ 2 എ ഫോൺ എന്നിവയാണ്. ജനുവരി മാസം ആയിരുന്നു ഗാലക്സി എസ് 24 സീരീസ് ഫോണുകൾ പുറത്തിറങ്ങിയത്.
സാംസങ് ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ ഉണ്ടായിരുന്നത്. സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോണുകൾ എന്ന സവിശേഷതയും ഈ ഫോണുകൾക്ക് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയായി ജനുവരി മാസത്തിൽ തന്നെ വിവോയുടെ എക്സ് 100 സീരീസ് ഫോണുകളും പുറത്തിറങ്ങി. വിവോയുടെ തന്നെ ഏറ്റവും മികച്ച ക്യാമറാ ഫോണുകളാണ് ഇവ.

ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിലും മികച്ച ഒരുപിടി ഫോണുകളാണ് വിവധ കമ്പനികൾ പുറത്തിറക്കിയത്. വരുന്ന ഏപ്രിൽ മാസത്തിലും നിരവധി ഫോണുകൾ ഇന്ത്യൻ വിപണിയിൽ അടക്കം പുറത്തിറങ്ങും എന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ഫോണുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഈ പട്ടികയിൽ ആദ്യമായി സ്ഥാനം പിടിച്ചിരിക്കുന്ന ഫോണാണ് സാംസങ്ങിന്റെ ഗാലക്സി എം 55.
മിഡ് റേഞ്ച് സെഗ്മെന്റിൽ ആയിരിക്കും സാംസങ് ഈ ഫോൺ അവതരിപ്പിക്കുക. ഈ ഫോണിനൊപ്പം ഗാലക്സി എ 35 എന്ന മറ്റൊരു ഫോൺ കൂടി ഉണ്ടാകും എന്നാണ് സൂചന. അല്ലെങ്കിൽ ഗാലക്സി എം 55 പുറത്തിറക്കി അൽപ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഗാലക്‌സി എ 35 പുറത്തിറക്കാനും സാധ്യത ഉണ്ട്. Snapdragon 7 Gen 1 പ്രൊസസറുമായിട്ടാണ് ഗാലക്സി എം 55 പുറത്തിറങ്ങുക.

ഈ ഫോണിൽ 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഉണ്ടായിരിക്കും. 30,000 രൂപയിൽ താഴെയാണ് ഗാലക്സി എം 55ന് പ്രതീക്ഷിക്കുന്ന വില. ഈ മാസം വലിയ പ്രതീക്ഷയോടെ തന്നെ പുറത്തിറങ്ങുന്ന മറ്റൊരു ഫോൺ ആണ് വൺപ്ലസിന്റെ നോർഡ് സിഇ 4. ഏപ്രിൽ ഒന്നിന് തന്നെ ഈ ഫോൺ വൺപ്ലസ് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണും ഒരു മിഡ് ബഡ്ജറ്റ് ഫോണായിരിക്കും.
8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും വൺപ്ലസ് നോർഡ് സിഇ 4ൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. Snapdragon 7 Gen 3 SoC ചിപ്സെറ്റ് ആയിരിക്കും ഈ ഫോണിന് കരുത്ത് നൽകുന്നത്. 120 Hz റിഫ്രഷ് റേറ്റ് ഉള്ള 1.5K റെസല്യൂഷൻ ഡിസ്‌പ്ലേയും ഈ ഫോണിനായി വൺപ്ലസ് ഒരുക്കിയിരിക്കുന്നു. മോട്ടറോളയുടെ മോട്ടോ എഡ്ജ് 50 പ്രോയാണ് ഈ ഏപ്രിലിൽ ഇറങ്ങാനിരിക്കുന്ന മറ്റൊരു ഫോൺ.
ഏപ്രിൽ മൂന്നിന് ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുക. Snapdragon 8 Gen 3 ചിപ്സെറ്റാണ് ഈ ഫോണിനായി മോട്ടറോള നൽകിയിരിക്കുന്നത്. 144 Hz റീഫ്രഷ് റെയ്റ്റുള്ള 6.7 ഇഞ്ച് 1.5K റെസല്യൂഷൻ കർവ്ഡ് OLED ഡിസ്‌പ്ലേയും ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. റിയൽമിയുടെ ജിടി 5 പ്രോയാണ് ഏപ്രിലിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള മറ്റൊരു മികച്ച ഫോൺ. ഇതും ഒരു മിഡ് ബഡ്ജറ്റ് ഫോണായിരിക്കും.
മെറ്റൽ ഫ്രെയിം, വീഗൻ ലെതർ ബാക്ക് പാനൽ എന്നിവ അടങ്ങിയ ഡിസൈനിൽ ആയിരിക്കും റിയൽമി ജിടി 5 പ്രോ എത്തുക. 100W ഫാസ്റ്റ് ചാർജിങ് 50W വയർലെസ് ചാർജിങ് എന്നിവയെ പിന്തുണയ്ക്കുന്ന 5,400 mAh ബാറ്ററിയും ഈ ഫോണിൽ ഉണ്ടായിരിക്കും എന്നാണ് ലഭിക്കുന്ന സൂചന. അതേ സമയം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൂഗിൾ പിക്സൽ 8എ മെയ് മാസത്തിൽ ആയിരിക്കും പുറത്തിറങ്ങുക.


Click it and Unblock the Notifications








