ആപ്പിൾ വാച്ചിൽ ഇപ്പോൾ അത്ര നല്ല സമയം അല്ലെന്ന് തോന്നുന്നു; ആപ്പിൾ വാച്ച് സീരീസ് 9, അൾട്രാ 2 എന്നിവ നിരോധിച്ചു
ആപ്പിൾ എന്നത് ഒരു വിശ്വസനീയ ബ്രാൻഡാണ് ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ചുകൾ, ഐപോഡുകൾ, മാക്കുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ആപ്പിൾ പുറത്തിറക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും വലിയ ഗാഡ്ജറ്റ് ബ്രാൻഡുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. ലോകത്താകെമാനമായി നിരവധി ആരാധകരും ആപ്പിളിന് ഉണ്ട്.
എന്നാൽ ആപ്പിളിന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ യുഎസിൽ നിന്ന് പുറത്ത് വരുന്നത്. ആപ്പിളിന്റെ ജനപ്രിയ ഉത്പന്നങ്ങളായ ആപ്പിൾ വാച്ച് സീരീസ് 9, അൾട്രാ 2 എന്നിവ നിരോധിച്ചിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. യുഎസിൽ ആണ് ഈ ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. പേന്റെന്റ് തർക്കത്തെ തുടർന്നാണ് ഈ ഉപകരണങ്ങൾ പിൻവലിച്ചിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ഡിസംബർ 21 മുതൽ ഈ ഉത്പന്നങ്ങൾ യുഎസിൽ ആർക്കും വാങ്ങാൻ സാധിക്കില്ല എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. എസ്പിഒ2 സെന്‍സറിന്റെ പേന്റെന്റിന്റെ പേരിലാണ് തർക്കം ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോയ് ആണ് വിഷയത്തിൽ ആപ്പിളിനെതിരെ നിയമ നടപടി സ്വീകരിച്ചത്. ഇതിനെ തുടർന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ കേസിൽ ഇടപെടുകയായിരുന്നു. നിലവിൽ ഈ മോഡൽ വാച്ചുകളുടെ നിർമ്മാണം നിർത്തി വെയ്ക്കാൻ കമ്മീഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ 25 മുതൽ ഈ ഉത്പന്നങ്ങളുടെ വിൽപനയ്ക്കും ഔദ്യോഗികമായ വിലക്ക് വരും. പ്രശ്നം ഉടൻ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ വൻ നഷ്ടം ആയിരിക്കും ആപ്പിൾ നേരിടാൻ പോകുന്നത്. നിലവിൽ നിരവധി ഉപയോക്താക്കൾ ഈ വാച്ചുകൾ ഉപയോഗിക്കുന്നണ്ട്. ഡിസംബർ 24 ന് മുമ്പ് മുൻകൂർ ഓർഡർ ചെയ്തവർക്ക് മാത്രമേ ഇനി ഈ വാച്ചുകൾ വാങ്ങാൻ സാധിച്ചു. ആയതിനാൽ നിർമ്മാണം കഴിഞ്ഞ വാച്ചുകൾ ഇനി വിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.

എന്നാൽ എസ്പിഒ2 സെന്‍സര്‍ ഇല്ലാത്ത ആപ്പിൾ വാച്ചുകളെ ഈ വിലക്ക് ബാധിക്കില്ല. ഇതേ സെൻസറുള്ള മുൻ മോഡലുകളേയും ഈ വിലക്ക് ബാധിക്കില്ല എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ യുഎസിൽ മാത്രമായിരിക്കും ഈ വാച്ചുകൾക്ക് വിലക്ക് ഉണ്ടാകുക. കഴിഞ്ഞ കുറച്ചു നാളുകളായി ആപ്പിളും മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോയും തമ്മിൽ എസ്പിഒ2 സെന്‍സറിന്റെ പേരിൽ തർക്കം പതിവായിരുന്നു.
ഐടിസിയിലും കാലിഫോർണിയയിലെ യുഎസ് ജില്ല കോടതിയിലുമായി രണ്ട് കേസുകളാണ് ആപ്പിളിനെതിരെ മാസിമോയ് ഫയൽ ചെയ്തിരിക്കുന്നത്. നിലവിൽ ഈ കമ്പനിയുടെ പൾസ് ഓക്‌സിമീറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ആപ്പിളിന്റെ വാച്ച് സീരീസ് 9, അൾട്രാ 2ലും ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് ഇവരെ പ്രകോപിപ്പിക്കാനുണ്ടായ കാരണം. നിലവിൽ യുഎസ് ഭരണകൂടത്തിന് മാത്രമെ ആപ്പിൾ കമ്പനിയെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കു. വിഷയത്തിൽ ജോബൈഡൽ ഭരണകൂടം സ്വീകരിക്കുന്ന നിലപാട് പ്രധാനമായിരിക്കും.
വിലക്ക് പ്രാബല്യത്തിൽ വരും മുമ്പ് യുഎസ് പ്രസിഡന്റ് ഇത് പരിശോധിക്കും. പ്രസിഡന്റ് ഒപ്പ് വെച്ചാൽ മാത്രമെ വിലക്ക് ഔദ്യോഗികമായി നിലവിൽ വരു. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ വിലക്ക് വിറ്റോ ചെയ്യാനും സാധിക്കുന്നതാണ്. ഇക്കാര്യത്തിൽ പ്രസിഡന്റ് വിറ്റോ അധികാരം ഉപയോഗിക്കും എന്നാണ് ആപ്പിൾ പ്രതീക്ഷിക്കുന്നത്. കാരണം ഇതിന് മുമ്പും സമാനമായ കേസിൽ നിന്ന് പ്രസിഡന്റ് ആപ്പിളിനെ രക്ഷിച്ചിട്ടുണ്ട്. ഇത് ആവർത്തിക്കും എന്നാണ് ഇവരുടെ പ്രതീക്ഷ.
നേരത്തെ 2013ൽ ഐഫോണ്‍ 4, ഐപാഡ് മോഡലുകള്‍ക്കെതിരെ ഐടിസി വിലക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ ഈ സമയത്ത് പ്രസിഡന്റ് ആയിരുന്ന ബരാക്ക് ഒബാമ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് ഈ വിലക്ക് അസാധുവാക്കുകയായിരുന്നു. അതേസമയം ഉപയോക്താക്കൾ വലിയ രീതിയിൽ ഗുണം ചെയ്യുന്ന സ്മാർട്ട് ഉപകരണങ്ങളിൽ ഒന്നാണ് സ്മാർട്ട് വാച്ചുകൾ. നേരത്തെ ആപ്പിൾ വാച്ചിന്റെ പ്രത്യേക ഫീച്ചറുകൾ ആളുകളുടെ ജീവൻ രക്ഷിക്കാൻ കാരണമായി എന്ന തരത്തിൽ പല റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.


Click it and Unblock the Notifications








