ഇന്ത്യയിലെ സർവ്വകാല നേട്ടവുമായി ആപ്പിൾ; രാജ്യത്തിനും കമ്പനിയ്ക്കും വലിയ നേട്ടം
ഇന്ത്യൻ വിപണിയിൽ വൻ കുതിച്ചുചാട്ടം നടത്തി ആപ്പിൾ. ഈ വർഷത്തെ വിൽപനയിൽ വലിയ മുന്നേറ്റം നടത്താൽ ആപ്പിളിന് സാധിച്ചിട്ടുണ്ടെന്നാണ് ടീം കുക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ഇൻവസ്റ്ററുമായി നടത്തിയ ഫോൺ കോൾ സംഭാഷണത്തിനിടെയാണ് കുക്ക് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ വിപണി സാഹചര്യം ആപ്പിളിന് അനുകൂലമാണെന്നും ഇദ്ദേഹം പറഞ്ഞു.
ഭാവിയിലും വലിയ പ്രതീക്ഷയോടെയാണ് ആപ്പിൾ ഇന്ത്യൻ മാർക്കറ്റിനെ നോക്കിക്കാണുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. ഈ അടുത്തിടെയാണ് ആപ്പിൾ രണ്ട് സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചത്. ഡൽഹിയിലും മുംബൈയിലുമാണ് ഈ സ്റ്റോറുകൾ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും മികച്ച പ്രതികരണമാണ് കമ്പനിയ്ക്ക് ലഭിക്കുന്നതെന്നും കുക്ക് പറഞ്ഞു. ഇതിന് പുറമെ ഐഫോൺ 15 സീരീസ് ഫോണുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചതും വിപണി സാഹചര്യങ്ങൾ അനുകൂലമാക്കാൻ സഹായിച്ചു എന്നും കമ്പനി വിശ്വസിക്കുന്നു.

ഐഫോൺ 15, 15 പ്ലസ് എന്നീ ഫോണുകളുടെ നിർമ്മാണമായിരുന്നു ഇന്ത്യയിൽ നടന്നത്. വരും വർഷങ്ങളിൽ കൂടുതൽ ഫോണുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം മാത്രം 43.8 ബില്യൺ യുഎസ് ഡോളറിന്റെ ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ വിറ്റഴിച്ചു എന്ന് ആപ്പിളിന്റെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ലൂക്കാ മേസ്‌ത്രി അവകാശപ്പെട്ടു.
ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന വിൽപനയാണ് ഇതെന്നും വരും വർഷങ്ങളിൽ ഇതിലും വലിയ വിൽപനയാണ് ആപ്പിൾ പ്രതീക്ഷിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലും വിപണി ഉയർത്താൻ ആപ്പിളിന് സാധിച്ചിട്ടുണ്ട്. അതേ സമയം ഇന്ത്യയിലെ വിപണി കൂടുതൽ ഉയർത്താനുള്ള ശ്രമത്തിലാണ് നിലവിൽ ആപ്പിൾ. അടുത്തിടെ ടീം കുക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്പനിയ്ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും പ്രധനമന്ത്രി നൽകിയിട്ടുണ്ട്.

ഐഫോൺ 17 സീരീസ് ഫോണുകളുടെ നിർമ്മാണം 2024 അവസാനത്തോടെ ഇന്ത്യയിൽ ആരംഭിക്കും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചൈനയെ പോലെ തന്നെ ഇന്ത്യയേയും ആപ്പിളിന്റെ നിർമ്മാണ ഹബ്ബാക്കാനാണ് കമ്പനിയുടെ തീരുമാനം. ചൈനയിൽ ഇനി വിപണി മുന്നോട്ട് കൊണ്ടുപോകുക ദുഷ്ക്കരമായിരിക്കും എന്നാണ് ആപ്പിൾ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് ആപ്പിൾ ശ്രമിക്കുന്നത്. നിലവിൽ ഫോക്സ്കോൺ എന്ന കമ്പനിയാണ് ഇന്ത്യയിൽ ആപ്പിൾ ഫോണുകൾ നിർമ്മിക്കുന്നത്.
ചെന്നൈയിലെ പ്ലാന്റിൽ ആണ് ഇതിന്റെ നിർമ്മാണങ്ങൾ നടക്കുന്നത്. ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകളാണ് ഇന്ത്യയിൽ നിർമ്മിച്ചത്. മാത്രമല്ല മാർക്കറ്റിൽ ആവിശ്യക്കാരുള്ളതിനാൽ ഐഫോൺ 13, 14, 14 പ്ലസ് എന്നീ ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഇതിന് പുറമെ ടാറ്റാ ഗ്രൂപ്പും ഐഫോൺ നിർമ്മാണം ഏറ്റെടുക്കുന്നുണ്ട്. ഇതിനായി വിസ്‌ട്രോണ്‍ നിര്‍മ്മാണശാല ടാറ്റ ഏറ്റെടുത്തു കഴിഞ്ഞു. രണ്ടര വർഷത്തിനുള്ളിൽ ടാറ്റ നിർമ്മിച്ച ഐഫോണുകൾ ആഗോള മാർക്കറ്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ഐഫോൺ നിർമ്മാണം പുരോഗമിക്കുമ്പോൾ ചൈനയിലെ നിർമ്മാണം 40 ശതമാനമായി കുറയും എന്നും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ആപ്പിളിന് ചൈനയെക്കാൾ താൽപത്യം ഇന്ത്യയോടാണ്. ഇന്ത്യയ്ക്കും വലിയ തോതിൽ ഇത് ഗുണം ചെയ്യുന്നതാണ്. കാരണം ഇത്തരത്തിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഫോണുകൾ വലിയ രീതിയിൽ കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. ഇതിലൂടെ വലിയ വരുമാനം രാജ്യത്തിന് നേടാൻ സാധിക്കുന്നതായിരിക്കും. മാത്രമല്ല ഇറക്കുമതി നികുതി ഇല്ലാത്തതിനാൽ വിലക്കുറവിൽ ഇന്ത്യയിൽ ഐഫോൺ ലഭിക്കുന്നതായിരിക്കും.
2022ൽ 5 ബില്യൻ ഡോളറിന്റെ (ഏകദേശം 41,200 കോടി രൂപ) ആപ്പിൾ ഉപകരണങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023ൽ 12-14 ശതമാനം ആയി ഉയർന്നു. അടുത്ത വർഷം ഇത് ഇരുത്തഞ്ച് ശതമാനമായി ഉയരും എന്നും പ്രതീക്ഷയുണ്ട്. അതേ സമയം നിലവിൽ ഇന്ത്യയിലെ വിപണിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് സാംസങ്ങാണ്. വിപണിയുടെ 20 ശതമാനത്തോളമാണ് സാംസങ്ങിന് അവകാശപ്പെടാനുള്ളത്.


Click it and Unblock the Notifications








