ആൻഡ്രോയിഡ് അല്ല, ഐഒഎസ് കുഞ്ഞപ്പൻ; ഉപയോക്താക്കൾക്കായി റോബോട്ടുകളെ നിർമ്മിക്കാൻ ആപ്പിൾ
ടെക് ലോകത്ത് എന്നും വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുന്ന കമ്പനിയാണ് ആപ്പിൾ. ആപ്പിൾ പുറത്തിറക്കുന്ന എല്ലാ ഉത്പന്നങ്ങളിലും വ്യത്യസ്തമായ എന്തെങ്കിലും അടയാളം കൊണ്ടുവരാൻ ഇവർ ശ്രമിക്കാറുണ്ട്. ആപ്പിളിന്റെ ഐഫോണുകളും ഐമാക്കുകളും ഐപാഡുകളും മറ്റ് ഉത്പന്നങ്ങളും എല്ലാം ശ്രദ്ധിച്ചാൽ ഈ വ്യത്യാസം ഉപയോക്താക്കൾക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്.
ആദ്യമായി പല ഫീച്ചറുകളും എത്തുന്നത് ആപ്പിൾ ഉത്പന്നങ്ങളിൽ ആയിരിക്കും ഇതിന് ശേഷമെ മറ്റ് കമ്പനികളുടെ ഉത്പന്നങ്ങളിൽ ഈ ഫീച്ചറുകൾ കാണാൻ സാധിക്കു. ഉദാഹരണത്തിന് ആദ്യമായി ഫോണിന് ടൈറ്റാനിയം ഫ്രെയിം നൽകിയത് ആപ്പിൾ ആണ്. ഐഫോൺ 15 സീരീസിന്റെ പ്രോ മോഡലുകളിൽ ആണ് ആപ്പിൾ ടൈറ്റാനിയം ഫ്രെയിം നൽകിയത്. ഇതിന് ശേഷം സാംസങ് എസ് 24 സീരീസ് അവതരിപ്പിച്ചപ്പോൾ ഇതിന്റെ അൾട്രാ മോഡലിന് ഈ ഫ്രെയിം നൽകുകയായിരുന്നു.

ഇത്തരത്തിൽ ബഹുഭൂരിപക്ഷം ഫീച്ചറുകളും ആപ്പിളിൽ ആണ് ആദ്യം എത്തുന്നത്. ഇപ്പോൾ ഇതാ പുതിയ ഒരു നീക്കത്തിന് തുടക്കം കുറിയ്ക്കാൻ തയ്യാറായിരിക്കുകയാണ് ആപ്പിൾ. ഉപയോക്താക്കൾക്കായി വ്യക്തിഗത റോബോട്ടുകൾ നിർമ്മിക്കാനാണ് ആപ്പിൾ ഇപ്പോൾ ശ്രമം നടത്തുന്നത് എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മൊബൈൽ റോബോട്ട് എന്ന നിലയ്ക്ക് ആയിരിക്കും ആപ്പിൾ ഇവ നിർമ്മിക്കുക. ബ്ലൂംബെർഗ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടത്.
എവിടെയും ഉപയോക്താക്കളെ പിന്തുടരാൻ സാധിക്കുന്ന തരത്തിലുള്ള റോബോട്ട് ആയിരിക്കും ഇത് എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇതിനായുള്ള ജോലികൾ ആപ്പിൾ ആരംഭിച്ചതേയുള്ളു. വർഷങ്ങൾ കാത്തിരുന്നാൽ മാത്രമെ ഇതിന്റെ നിർമ്മാണം പൂർത്തിയാകു എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) യുടെ പിന്തുണയോടെ ആയിരിക്കും ഈ ആപ്പിൾ റോബോട്ട് പ്രവർത്തിക്കുക. നിലവിൽ എഐ വികസനത്തിനായുള്ള പ്രവർത്തനങ്ങളും ആപ്പിൾ നടത്തുന്നുണ്ട്.

MOST READ: സാംസങ്ങിനും ഗൂഗിളിനും എട്ടിന്റെ പണി വരുന്നു; വൺപ്ലസിന്റെ എഐ ഫീച്ചറുകൾ ഈ മാസം മുതൽ
അപ്‌ഡേറ്റ് ചെയ്‌ത വിഷൻ പ്രോ, ടച്ച് സ്‌ക്രീൻ മാക്‌സ്, ബിൽറ്റ്-ഇൻ ക്യാമറകളുള്ള എയർപോഡുകൾ, എന്നിവയ്ക്ക് ശേഷം ആപ്പിൾ അവതരിപ്പിക്കുന്ന വിപ്ലവകരമായ ഉത്പന്നം ആയിരിക്കും ഈ റോബോട്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. എഐ മേഖലയിൽ ഇപ്പോൾ മത്സരം വർധിച്ചുകൊണ്ട് ഇരിക്കുകയാണ്. സാംസങ്ങും ഗൂഗിളും ഇതിനോടകം തന്നെ എഐ ഫോണുകൾ അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാസം തന്നെ വൺപ്ലസും ഫോണുകൾക്ക് എഐ ഫീച്ചറുകൾ നൽകും എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.
ഈ സാഹചര്യത്തിൽ ആപ്പിൾ ആരാധകർ കമ്പനിയോട് ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ആപ്പിളിന്റെ എഐ ഫോൺ എന്ന് പുറത്തിറങ്ങും എന്നത്. നിലവിൽ സ്വന്തമായി ഒരു എഐ പ്ലാറ്റ്ഫോം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ആപ്പിളിന് പുറമെ മെറ്റ, ഇലോൺ മസ്ക് എന്നിവരും സ്വന്തം എഐ പ്ലാറ്റ്ഫോം നിർമ്മിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന് വേണ്ടി മാത്രം ഒരു പ്രത്യേക ടീമും ഇവർക്കായി പ്രവർത്തിക്കുന്നുണ്ട്.
അതേ സമയം എഐ സേവനങ്ങളിലൂടെ പ്രശസ്തരായ ഓപ്പൺ എഐയും ഗൂഗിൾ ജെമിനിയും ആണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. ടെക്സ്റ്റുകളിൽ നിന്ന് വീഡിയോ നിർമ്മിക്കാൻ സാധിക്കുന്ന സോറ എന്ന ഒരു പ്ലാറ്റ്ഫോമും ടെക്സ്റ്റിൽ നിന്ന് വോയിസുകൾ നിർമ്മിക്കാൻ സാധിക്കുന്ന മറ്റൊരു പ്ലാറ്റ്ഫോമും ഓപ്പൺ എഐ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ സേവനം ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭ്യമല്ല. അധികം വൈകാതെ തന്നെ ഈ രണ്ട് സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








