ഭൂകമ്പത്തെ ചെറുക്കുന്ന മുംബൈയിലെ പുതിയ കടൽ പാലം; ഏഴോളം പുതിയ ടെക്നോളജിയിൽ നിർമ്മിച്ച അടൽ സേതു ബ്രിഡ്ജ്
രാജ്യത്തിന് അഭിമാനമായി ഏറ്റവും നീളം കൂടിയ കടൽപാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (അടല്‍ ബിഹാരി വാജ്പേയി സ്മൃതി നാവസേവ അടല്‍ സേതു) ഉത്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പാലം ഉത്ഘാടനം ചെയ്തത്. മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
പുതിയ പാലം വന്നതോടെ ഒന്നര മണിക്കൂർ യാത്ര വെറും 20 മിനുറ്റിൽ പൂർത്തിയാക്കാം. 22 കിലോമീറ്ററാണ് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ ആകെ ദൂരം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയോടുള്ള ആദര സൂചകമായിട്ടാണ് ഈ കടൽപാലത്തിന് അടല്‍ ബിഹാരി വാജ്പേയി സ്മൃതി നാവസേവ അടല്‍ സേതു എന്ന പേര് നൽകിയിരിക്കുന്നത്. ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരും പങ്കെടുത്തു.

മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള താനെ കടലിടുക്കിന് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. യാത്ര എളുപ്പമാകുന്നതിന് പുറമെ നഗരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാനും പുതിയ പാലം സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ രാജ്യാന്തര വിമാനത്താവളം, നവി മുംബൈ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ഇനി മുതൽ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്. മാത്രമല്ല മുംബൈയിൽനിന്ന് ദക്ഷിണേന്ത്യയിലേക്കും പുണെ, ഗോവ എന്നിവിടങ്ങളിലേക്കുമുള്ള യാത്രയും ഇനി എളുപ്പമാകും.
17,843 കോടി രൂപ ചിലവിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. അതേ സമയം പുതിയ നിരവധി സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചാണ് ഈ പാലം ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. ഈ പാലത്തിന് നൽകിയിരിക്കുന്ന പുതിയ ടെക്നോളജികൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ പ്രധാനപ്പെട്ട ഒരു സാങ്കേതിക വിദ്യയാണ് ഈ പാലം ഭൂകമ്പങ്ങളെ ചെറുക്കും എന്നത്. 6.5 റിക്ടർ സ്കെയിലിൽ വരെ തീവ്രതയുള്ള ഭൂകമ്പകളെ ചെറുക്കാനുള്ള ടെക്നോളജി ഈ പാലത്തിന് ഉണ്ട്.

മറ്റൊരു സവിശേഷതയാണ് ഓർത്തോട്രോപിക് സ്റ്റീൽ ഡെക്ക് എന്നത്. ഇന്ത്യയിൽ ആദ്യമായി ആണ് ഈ ടെക്നോളജി എത്തുന്നത്. പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തി നൽകുവാനായി വിവധ സ്പാനുകൾ നൽകിയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ ശക്തമായ ഉറപ്പും ഈ പാലത്തിന് ഉണ്ടായിരിക്കുന്നതാണ്. പാലത്തിന്റെ റിവേഴ്സ് സർക്കുലേഷൻ ആണ് മറ്റൊരു പ്രത്യേകത. പാലത്തിന്റെ കുലുക്കം കുറയ്ക്കാനായി ഈ സാങ്കേതിക വിദ്യ സഹായിക്കുന്നതാണ്.
മാത്രമല്ല കടലിനടിയിലെ ജീവികൾളെ സംരക്ഷിക്കുന്നതിലും ഈ സാങ്കേതിക വിദ്യ മുന്നോക്കം നിൽക്കുന്നുണ്ട്. അമിതമായി ശബ്ദങ്ങളെ ചെറുക്കാനിയി പ്രത്യേകം സാങ്കേതിക വിദ്യയും ഈ പാലത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. നോയിസ് റിഡക്ഷൻ മെഷറുകൾ സ്ഥാപിച്ചാണ് ഇത് പ്രാവർത്തികമാക്കുന്നത്. ഇതിന്റെ സഹായത്തിൽ ഒരു പരുധിക്ക് മുകളിലുള്ള ശബ്ദങ്ങൾ ഈ പാലത്തിൽ ഉണ്ടായിരിക്കില്ല. മറ്റൊരു പ്രത്യേകത എന്നത് ഈ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾ ആണ്. പരിസ്ഥിതി സൗഹാർദ ലൈറ്റുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
പ്രത്യേകിച്ച് കടലിന് അടിയിലെ ജീവികൾക്ക് ഈ ലൈറ്റുകൾ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കാത്ത തരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഡിജിറ്റൽ രീതിയിൽ ആയിരിക്കും ഇവിടെ ടോൾ പിരിക്കുക എന്നതും ഈ പാലത്തിന്റെ പ്രത്യേകതയാണ്. ഓപ്പൺ റോഡ് ടോളിംഗ് സംവിധാനം ആണ് ഈ പാലത്തിൽ നടപ്പിലാക്കുന്നത്. സ്കാനറുകൾ ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് ആയി തന്നെ ഫാസ്റ്റ്ടാഗുകൾ സ്കാൻ ചെയ്യുന്നതിനാൽ വലിയ ക്യൂവിൽ നിന്ന് രക്ഷപെടാനും സാധിക്കുന്നതായിരിക്കും.
ഈ പാലത്തിന്റെ നിശ്ചിത ദൂരങ്ങളിൽ ഡ്രൈവർമാരെ സഹായിക്കുന്ന വിധത്തിൽ നിരവധി ഡിസ്പ്ലേകൾ ഉണ്ടായിരിക്കുന്നതായിരിക്കും. വഴിയിൽ ഗതാഗതകുരുക്ക് ഉണ്ടോ, ഇനിയും എത്ര ദൂരം സഞ്ചരിക്കണം, വഴിയിൽ അപകട സാധ്യതയുണ്ടോ എന്ന തരത്തിലുള്ള സൂചനകൾ ആയിരിക്കും ഈ ഡിസ്പ്ലേകൾ വഴി പ്രദർശിപ്പിക്കുക. ഇത്തരത്തിൽ നിരവധി പുതിയ ടെക്നോളജികളാണ് പുതിയ അടല്‍ ബിഹാരി വാജ്പേയി സ്മൃതി നാവസേവ അടല്‍ സേതുവിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








