ബിഎസ്എൻഎലുകാർ സൂക്ഷിക്കുക; ഉപയോക്താക്കളുടെ ഡാറ്റ വലിയ രീതിയിൽ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്
രാജ്യത്ത് നിരവധി ഉപയോക്താക്കൾ ഉപയോഗിക്കുന്ന ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ ടെലികോം കമ്പനിയ്ക്ക് രാജ്യത്തിന്റെ എല്ലാം സംസ്ഥാനങ്ങളിലും നിരവധി ഉപയോക്താക്കൾ ഉണ്ട്. കേരളത്തിലും ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ബിഎസ്എൻഎലിന് ഉള്ളത്. എന്നാൽ എല്ലാ ബിഎസ്എൻഎൽ ഉപയോക്താക്കളെയും ഭീതിപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
രാജ്യത്ത് ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ഡാറ്റകൾ ഡാർക്ക് വെബിൽ വലിയ രീതിയിൽ ചോർന്നിരിക്കുന്നു എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് ബിഎസ്എൻഎൽ ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ ഉപയോക്താക്കളുടെ വിവരങ്ങളാണ് ഇപ്പോൾ ഡാർക്ക് വെബിൽ ചോർന്നിരിക്കുന്നത്. ഇകണോമിക് ടൈംസ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. "പെരെൽ" എന്നറിയപ്പെടുന്ന ഹാക്കറാണ് ഈ വിവരങ്ങൾ ചോർത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

MOST READ: ഇത്രയും ഫീച്ചറുകളുള്ള ഫോണിന് ഈ വിലയോ? വൺപ്ലസ് 12ന്റെ വില പുറത്തായി, ആകാംഷയിൽ ആരാധകർ
ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങൾ, ബില്ലിങ് വിവരങ്ങൾ, കോൺടാക്ട് നമ്പറുകൾ, ബിഎസ്എൻഎൽ കണക്ഷൻ എടുക്കാൻ സമർപ്പിച്ചിരിക്കുന്ന രേഖകൾ എന്ന് തുടങ്ങിയ നിരവധി വിവരങ്ങൾ ചോർന്ന കൂട്ടത്തിൽ ഉണ്ട് എന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഉപയോക്താക്കളുടെ മൊബൈൽ സർവീസ് ഔട്ടേജ് റെക്കോർഡുകൾ, നെറ്റ്വർക്ക് വിവരങ്ങൾ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ എന്നിവയും ചോർന്നിട്ടുണ്ട്.
വലിയ രീതിയിൽ നിയമലംഘനങ്ങൾ നടക്കുന്ന സ്ഥലമാണ് ഡാർക്ക് വെബ്. പ്രധാനമായും നിരോധിച്ച ആയുധങ്ങൾ മയക്കു മരുന്നുകൾ എന്നിവയുടെ വാങ്ങലും വിൽപനയും നടക്കുന്ന സ്ഥലമാണ് ഡാർക്ക് വെബ്. ഇവരുടെ ഇടയിലേക്ക് സാധാരണക്കാരായ ഉപയോക്താക്കളുടെ ഡേറ്റകൾ എത്തുന്നതോടെ ഇവരെ ലക്ഷ്യം വെച്ച് വിവധ തട്ടിപ്പുകൾ നടത്താൻ ഹാക്കർമാർക്ക് സാധിക്കുന്നതാണ്. ഇവിടെ വിൽപനയ്ക്ക് വെച്ചിരിക്കുന്ന വിവരങ്ങൾ മറ്റ് ഹാക്കർമാർ വാങ്ങുന്നതാണ്. ശേഷം ഇവരെ ലക്ഷ്യം വെച്ച് സൈബർ ക്രിമിനലുകൾ വിവധ സ്കാമുകൾ നടപ്പിലാക്കും.

ഏകദേശം 32,000ത്തോളം ബിഎസ്എൻഎൽ ഉപയോക്താക്കളുടെ വിവരങ്ങൾ ഇത്തരത്തിൽ ഡാർക്ക് വെബിൽ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഉപയോക്താക്കളുടെ ജില്ല തിരിച്ചുള്ള ലിസ്റ്റും ഇവിടെ പ്രചരിക്കുന്നുണ്ട് എന്നും സൂചനയുണ്ട്. ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ സുരക്ഷാ ഭീഷണിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എങ്ങനെയാണ് ഈ ഡാറ്റകൾ ചോർന്നിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ ഉടൻ അന്വേഷണം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
സംഭവത്തിൽ ബിഎസ്എൻഎൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസിയായ Cert-In ജാഗ്രത പാലിക്കണം എന്ന് അറിയിച്ചിട്ടുണ്ട്. സംഭവം ആശങ്ക ജനകമാണെന്ന് സൈബർ സുരക്ഷാ വിദഗ്ധനും ഇന്ത്യ ഫ്യൂച്ചർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ കനിഷ്‌ക് ഗൗർ വെളിപ്പെടുത്തി. ഇത്തരമൊരു സംഭവം ബിഎസ്എൻഎല്ലിനും അതിന്റെ ഉപയോക്താക്കൾക്കും വലിയ രീതിയിലുള്ള പ്രത്യാഘാതം ഉണ്ടാക്കും എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കൾ വലിയ രീതിയിൽ ആക്രമണം നേരിടാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ രാജ്യത്തെ കോവിഡ് വെബ്സൈറ്റുകളിൽ നിന്ന് വലിയ രീതിയിൽ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ഇത്തരത്തിൽ ഡാർക്ക് വെബിലേക്ക് ചോർത്തപ്പെട്ടിരുന്നു. ഇതിന്റെ അന്വേഷണം നടന്നുകൊണ്ട് ഇരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ബിഎസ്‍എൻഎലിൽ നിന്നും വിവരങ്ങൾ ചോർന്നിരിക്കുന്നത്. 81.5 കോടി ആളുകളുടെ ആധാർ വിവരങ്ങൾ ആയിരുന്നു അന്ന് ചോർത്തപ്പെട്ടത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസെക്യൂരിറ്റി സ്ഥാപനമായിരുന്നു ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ആധാർ വിവരങ്ങൾക്ക് പുറമെ ഇന്ത്യക്കാരുടെ പാസ്പോർട്ട് വിവരങ്ങളും ചോർന്നിരുന്നു.
സാധാരണഗതിയിൽ നമ്മൾ ഗൂഗിളിൽ സർച്ച് ചെയ്യുന്നത് പോലെ ചെയ്താൽ ഡാർക്ക് വെബിൽ എത്താൻ സാധിക്കില്ല. ഇതിന് മാത്രമായി ചില പ്രത്യേക കോഡുകളും സോഫ്റ്റുവെയറുകളും ആവിശ്യമാണ്. പല തരത്തിൽ ഹാക്കർമാർ നമ്മുടെ ഡാറ്റകൾ മോഷ്ടിക്കുന്നതാണ്. അപരിജിതമായി എത്തുന്ന സന്ദേശങ്ങൾ അവഗണിക്കുക, ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയവയാണ് ഇത് പ്രതിരോധിക്കാനുള്ള മികച്ച മാർഗം.


Click it and Unblock the Notifications








