മനുഷ്യനെ യന്തിരൻ ആക്കുമോ? തലയോട്ടി തുരക്കുന്നത് പ്രശ്നമല്ല, മസ്കിന്റെ ചിപ്പിനായി ആയിരങ്ങൾ ക്യൂവിൽ
തമിഴിൽ മാത്രമല്ല ഇന്ത്യൻ ബോക്സ്ഓഫീൽ ആകെമാനം വളരെ മികച്ച കളക്ഷനോടെ വിജയം നേടിയ ചിത്രമായിരുന്നു രജനികാന്ത് അഭിനയിച്ച് ശങ്കർ സംവിധാനം ചെയ്ത യന്തിരൻ. സിനിമ ബോക്സ് ഓഫീസിൽ കോടികൾ വാരിയപ്പോൾ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരിൽ ഭൂരിഭാഗം ആളുകളും ചിന്തിച്ച കാര്യങ്ങളിൽ ഒന്നാണ് യഥാർത്ഥത്തിൽ ഇങ്ങനെയെല്ലാം സംഭവിക്കുമോ എന്ന്?
എന്നാൽ ഈ ചിന്തകളെ എല്ലാം തള്ളിക്കളയാൻ വരട്ടെ. ഒരു ചിപ്പ് ഉപയോഗിച്ചാലാണ് സിനിമയിൽ ചിട്ടി എന്ന റോബോട്ടിനെ പ്രവർത്തിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു ചിപ്പ് മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിക്കാനുള്ള പരീക്ഷണത്തിന് തയ്യാറെടുത്തുകൊണ്ട് ഇരിക്കുകയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് എന്ന കമ്പനി. എന്നാൽ രജനികാന്തിന് ലഭിച്ചപോലെ സൂപ്പർ പവർ ഒന്നും ഇതിലൂടെ ലഭിക്കില്ലെങ്കിലും ഒരുപാട് നേട്ടങ്ങൾ നമ്മുടെ സമൂഹത്തിന് ഉണ്ടാകുന്നതായിരിക്കും.

ഈ പരീക്ഷണം വിജയകരമായാൽ ഇത് മനുഷ്യ പരമ്പരയുടെ തന്നെ വലിയ മാറ്റത്തിന് കാരണമായേക്കാം. മനുഷ്യന്റെ തലയോട്ടിയിൽ ചെറിയ ദ്വാരമിട്ട് ഇവിടെ ആയിരിക്കും ചിപ്പ് സ്ഥാപിക്കുക. ശേഷം ഇത് കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കും. ആദ്യ ഘട്ടത്തിൽ ശരീരം തളർന്നവർക്കും കാഴ്ചാ പരിമിതി ഉള്ളവർക്കും ആയിരിക്കും ഈ സേവനം ലഭ്യമാകുക. നിലവിൽ ഇതിന്റെ പരീക്ഷണത്തിനായി കമ്പനി നിരവധി ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് മികച്ച പ്രതികരണമാണ് കമ്പനിയ്ക്ക് ലഭിക്കുന്നത്.
ആയിരക്കണക്കിന് ആളുകൾ ഇതിനോടകം തന്നെ ഈ പരീക്ഷണത്തിന് തയ്യാറാണെന്നും കമ്പനിയെ അറിയിച്ചു. നേരത്തെ സൂചിപ്പിച്ചത് പോലെ അംഗപരിമിതി സംഭവിച്ചവരെ സഹായിക്കാൻ എന്ന രീതിയിലാണ് ന്യൂറാലിങ്ക് ഇത്തരം ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഈ പരീക്ഷണം വിജയകരമായാൽ ഇത് വലിയ ഒരു നാഴികക്കല്ല് ആകും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. നിലവിൽ പന്നി, കുരങ്ങ് എന്നീ ജീവികളിൽ ഈ പരീക്ഷണം ന്യൂറാലിങ്ക് ഇതിനോടകം തന്നെ വിജയകരമായി പൂർത്തിയാക്കി.

MOST READ: ജിയോയുടെ പുതിയ പ്ലാനിൽ മനസും നിറയും വയറും നിറയും; പങ്കാളികളായി സ്വിഗ്ഗി
ഇതിന് പിന്നാലെയാണ് മനുഷ്യനിൽ പരീക്ഷിക്കാൻ കമ്പനി തയ്യാറായിരിക്കുന്നത്. തുടർന്ന് പരീക്ഷണവുമായി സഹകരിക്കാൻ താൽപര്യം ഉള്ളവരെ ക്ഷണിച്ചുകൊണ്ട് കമ്പനി പരസ്യം ചെയ്തു. നിലവിൽ നിരവധി ആളുകൾ ഈ പരീക്ഷണത്തിന് തയ്യാറാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുന്നത്. മനുഷ്യരുടെ തലച്ചോറിൽ ഉണ്ടാകുന്ന ചിന്തകളെ സിഗ്നൽ ഉപയോഗിച്ച് കോപ്പി ചെയ്ത് ഇത് ബ്ലൂട്ടൂത്ത് വഴി കമ്പ്യൂട്ടറിലേക്ക് എത്തിക്കുന്ന ജോലി ആയിരിക്കും ചിപ്പ് ചെയ്യുക.
ഇത്തരത്തിൽ ചിന്തകൾ മാത്രം ഉപയോഗിച്ച് കമ്പ്യൂട്ടർ നിയന്ത്രിക്കാൻ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമോ എന്ന് അറിയാനാണ് ഈ പരീക്ഷണം കമ്പനി ചെയ്യുന്നത്. ഇത് വിജയം കണ്ടാൽ കാഴ്ചാ പരിമിതർക്കും, ശരീരം തളർന്നവർക്കുമെല്ലാം ഇത് വലിയ ആശ്വാസമായിരിക്കും. അതേ സമയം 2016ൽ ആണ് ഈ സാങ്കേതിക വിദ്യയ്ക്കായുള്ള പഠനങ്ങൾ ന്യൂറാലിങ്ക് ആരംഭിച്ചത്. വളരെ നാളുകൾ പിന്നിട്ട പഠനത്തിന് ശേഷമാണ് ഇപ്പോൾ ഇത് മനുഷ്യനിൽ പരീക്ഷിക്കാൻ ഇവർ തയ്യാറാകുന്നത്.
ഈ പരീക്ഷണം വിജയം കണ്ടാൽ ടെക്നോളജിയുടെ വളർച്ച അതിവേഗം രേഖപ്പെടുത്തിയേക്കാം. ഇത്തരത്തിലുള്ള നിരവധി ചിപ്പുകൾ പ്രോഗ്രാം ചെയ്ത് മനുഷ്യന്റെ ചിന്തകൾ കൊണ്ട് തന്നെ പ്രവർത്തികൾ ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യയായി ഇത് വളർന്നേക്കാം. ഉദാഹരണത്തിന് ആർക്കെങ്കിലും ഒരു മെയിൽ അയയ്ക്കണം എന്ന് ചിന്തിക്കുമ്പോൾ ഓട്ടോമാറ്റിക്ക് ആയി തന്നെ കമ്പ്യൂട്ടറിൽ നിന്ന് മെയിൽ പോകുന്ന സംവിധാമായി ഇവ മാറിയേക്കാം.
അടുത്ത വർഷം മാത്രം പതിനൊന്നോളം ആളുകളിൽ ഇതിന്റെ പരീക്ഷണം നടത്തണം എന്നാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പഠനഫലങ്ങൾ ഉൾപ്പെടുത്തി അടുത്ത ഘട്ട പരീക്ഷണവും നടത്തും. ഇത്തരത്തിൽ വിവിധ ഘട്ടങ്ങളായി 2030ന് ഉള്ളിൽ തന്നെ 22,000 ആളുകളിൽ പരീക്ഷണം നടത്തണം എന്നാണ് ന്യൂറാലിങ്ക് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഈ പരീക്ഷണത്തിന് ആരെയും നിർബന്ധിക്കില്ലെന്നും സ്വമേധയാ എത്തുന്നവരെ മാത്രമെ പരീക്ഷണത്തിനായി പരിഗണിക്കു എന്നും കമ്പനി കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications







