ഇനി സ്ക്രീൻഷോട്ട് വച്ചും സെർച്ച് ചെയ്യാം, സ്മാർട്ട് സ്ക്രീൻഷോട്ടിൻറെ പണിപ്പുരയിൽ ഗൂഗിൾ
ഇൻറർനെറ്റ് ഭീമന്മാരായ ഗൂഗിൾ തങ്ങളുടെ പുതിയ ആശയമായ സ്മാർട്ട്സ്ക്രീൻഷോട്ട് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഗൂഗിൾ ലെൻസും ടൂൾബാറിൽ സ്ക്രീൻഷോട്ട് എഡിറ്റിങ്ങും ചേർത്ത് വരുന്ന പുതിയ സംവിധാനത്തിലൂടെ സാധാരണ ഇമേജുകളിൽ ചെയ്യുന്ന എല്ലാ എഡിറ്റിങും ചെയ്യാൻ സാധിക്കും. ഇതുകൂടാതെ നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളിൽ ഷെയർ ചെയ്യാനും സാധിക്കും.

പുതുതായി കൊണ്ടുവന്ന ലെൻസ് ഓപ്ഷൻ സ്ക്രീൻഷോട്ടുകൾ വച്ച് സെർച്ച് ചെയ്യാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിലൂടെ സ്ക്രീൻഷോട്ടിലെ അക്ഷരങ്ങൾക്ക് സമാനമായ അക്ഷരങ്ങളെ കണ്ടെത്തൽ, കാഴ്ച്ചയ്ക്ക് സാമ്യമുള്ള ഇമേജുകളെ കണ്ടെത്തൽ എന്നീ പ്രവർത്തികളെല്ലാം നടക്കും. ഇതിലൂടെ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട റിസൾട്ടുകൾ സെർച്ചിൽ നിന്നും ലഭിക്കുകയും ചെയ്യും.

ഗൂഗിൾ ആപ്പ് 10.61 ബെറ്റാ റിലീസിലാണ് ഈ സ്മാർട്ട്സ്ക്രീൻഷോട്ട് ഫീച്ചർ ഉൾപ്പെട്ടിട്ടുള്ളത്. ബെറ്റാ APK ഫയലിനൊപ്പം ഉണ്ടായിരുന്ന ഈ ഫീച്ചറിൻറെ കോഡിങ്ങാണ് ടെക്നോളജി വിദഗ്ദരുടെ ശ്രദ്ധയിൽപ്പെട്ടത്. പല ലൈനുകളിലെയും കോഡുകൾ ഗൂഗിളിൻറെ പുതിയ സ്മ്ർട്ട് സ്ക്രീൻഷോട്ടിലെ സവിശേഷതകൾ വെളിവാക്കുന്നതായിരുന്നു. ഗൂഗിൾ ഈ ഫീച്ചർ പുറത്തിറക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ഉണ്ടായിട്ടില്ല.

സ്മാർട്ട് സ്ക്രീൻ ഷോട്ട് സവിശേഷത എല്ലാ സ്ക്രീൻ ഷോട്ടുകളിലും ഒരുപോലെ പ്രവർത്തിക്കുമോ എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ചിലപ്പോൾ ഈ സവിശേഷത ഗൂഗിൾ സെർച്ചിൽ നിന്നും എടുക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ മാത്രം പ്രവർത്തിക്കുന്നവയാവാനും സാധ്യതയുണ്ട്. സ്മാർട്ട് സ്ക്രീൻഷോട്ടുകൾ സിസ്റ്റത്തിൽ മുഴുവനായാണോ പ്രവർത്തിക്കുക അതോ ഗൂഗിൾ ആപ്പിൽ മാത്രമാണോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല.

സ്മാർട്ട് സ്ക്രീൻഷോട്ടുകളെ കൂടാതെ ഗൂഗിൾപെഡ്കാസ്റ്റ് എപ്പിസോഡുകൾ കേൾക്കുന്നതിനിടെ ബുക്ക് മാർക്കുകൾ ആഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറും ഗൂഗിൾ ഉണ്ടാക്കുന്നുണ്ട്. എന്തായാലും പുറത്ത് വരികയാണെങ്കിൽ മികച്ച സവിശേഷതകൾ തന്നെയാണ് ഗൂഗിൾ സ്മാർട്ട് സ്ക്രീൻ ഷോട്ട്.


Click it and Unblock the Notifications








