ആപ്പിൾ ഉപകരണങ്ങളിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
മറ്റ് കമ്പനികളുടെ ഉപകരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സുരക്ഷ നൽകുന്നു എന്നതാണ് ആപ്പിൾ ഉപകരണങ്ങളുടെ പ്രത്യേകതയായി പലരും എടുത്ത് പറയാറ്. എന്നാൽ വേണ്ട വിധത്തിൽ അപ്ഡേറ്റുകളും മറ്റും ചെയ്തില്ലെങ്കിൽ ആപ്പിൾ എന്നല്ല എത്ര സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഉപകരണങ്ങൾ ആണെങ്കിലും സുരക്ഷാ ഭീഷണി നേരിടുന്നതായിരിക്കും.
ഇത്തരത്തിൽ ഒരു മുന്നറിയിപ്പുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). രാജ്യത്തെ നിരവധി ആപ്പിൾ ഉപകരണങ്ങൾ വലിയ രീതിയിൽ സുരക്ഷാ ഭീഷണി നേരിടുന്നു എന്നാണ് ഈ മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. വിദൂരമായി ഇരിക്കുന്ന ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും വളരെ എളുപ്പത്തിൽ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കും വിധത്തിലാണ് ഈ സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

17.4.1 വേര്‍ഷന് മുമ്പുള്ള ഐഒഎസ്, ഐപാഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് പ്രധാനമായും ഈ സുരക്ഷാ പ്രശ്നം നേരിടുന്നത്. ഇതിൽ ഐപാഡുകളും ഐഫോണുകളും ഐമാക്കുകളും എല്ലാം ഉൾപ്പെടുന്നുണ്ട്. ഐഫോണ്‍ ടെന്‍എസ്, ഐപാഡ് പ്രോ 12.9 രണ്ടാം തലമുറ , ഐപാഡ് പ്രോ10.5 ഇഞ്ച്, ഐപാഡ് പ്രോ11 ഇഞ്ച് ഒന്നാം തലമുറ, ഐപാഡ് എയര്‍ ജെന്‍3, ഐപാഡ് ജെന്‍6 , ഐപാഡ് മിനി എന്നിവയാണ് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുക.
ഇവയ്ക്ക് മുമ്പ് പുറത്തിറങ്ങിയ ആപ്പിൾ ഉത്പന്നങ്ങളും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. 16.7.7 മുമ്പുള്ള ഐഒസ്, ഐപാഡ് ഒഎസ് വേര്‍ഷനുകളിലെ ഉപകരണങ്ങൾ, 17.4.1 വേര്‍ഷന് മുമ്പുള്ള ആപ്പിള്‍ സഫാരി എന്നിവയും വെല്ലുവിളി നേരിടുന്നുണ്ട് എന്നാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്. ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ചില ലിങ്കുകൾ ഹാക്കർമാർ അയയ്ക്കുന്നതായിരിക്കും.

MOST READ: റിയൽമി സി 65 പുറത്തിറക്കി; വെറും 12000 രൂപയക്ക് എഐ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ
ഇതിൽ ക്ലിക്ക് ചെയ്താൽ പിന്നീട് ഉപയോക്താക്കളുടെ ഉപകരണത്തിൽ മാൽവെയറുകൾ പോലുള്ള ക്ഷുദ്ര വൈറസുകൾ പ്രവേശിക്കുന്നതായിരിക്കും. ഇങ്ങനെ സംഭവിച്ചാൽ വിദൂരമായി തന്നെ സൈബർ ക്രിമിനലുകൾക്ക് നിങ്ങളുടെ ഫോൺ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ഉപകരണത്തിൽ നിന്ന് വിലപ്പെട്ട വിവരങ്ങളും സെൻസിറ്റീവ് ഫയലുകളും എല്ലാം ഇത്തരത്തിൽ ഹാക്കർമാർക്ക് മോഷ്ടിക്കാൻ സാധിക്കുന്നതാണ്. ഏത്രയും പെട്ടെന്ന് ഇവരുടെ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഈ അപകടം ഒഴിവാക്കാനുള്ള വഴി.
പുതിയ അപ്ഡേറ്റുകളിൽ പല തരത്തിലുള്ള സുരക്ഷാ പാച്ചുകൾ നൽകിയിട്ടുണ്ടാകും അവയുടെ സഹായത്താൽ ബാഹ്യമായി വരുന്ന ആക്രമണങ്ങൾ തടയാൻ സാധിക്കുന്നതാണ്. ഉപകരണങ്ങൾക്ക് പുറമെ നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളും കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യണം എന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. മാത്രമല്ല അജ്ഞാതമായി വരുന്ന സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും എപികെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത് എന്നും വിദഗ്ദർ പറയുന്നു.
ആപ്പുകൾ ആവിശ്യമായി വരുമ്പോൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയ ശ്രോതസുകളിൽ നിന്ന് മാത്രമെ ഇവ ഇൻസ്റ്റാൾ ചെയ്യാവു. വെബ്സൈറ്റുകളിൽ നിന്നും ടെലിഗ്രാമിൽ നിന്നുമെല്ലാം ലഭിക്കുന്ന എപികെ ആപ്പുകളിലും ഇത്തരത്തിലുള്ള ക്ഷുദ്ര വൈറസുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവ ഇൻസ്റ്റാൾ ചെയ്താലും സമാനമായ ഭീഷണി ഉപയോക്താക്കൾ നേരിടേണ്ടി വന്നേക്കാം. ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ മാത്രമാണ് സൈബർ ലോകത്ത് ഉപയോക്താക്കൾക്ക് സുരക്ഷിതമായി സ്ഥാനം പിടിയ്ക്കാൻ സാധിക്കു.


Click it and Unblock the Notifications








