ലോക സ്മാർട്ട് ഫോൺ വിപണിയെ ഇനി ഇന്ത്യൻ ബ്രാൻഡുകൾ നിയന്ത്രിക്കും; പദ്ധതി ആവിഷ്ക്കരിച്ച് സർക്കാർ
ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ഉപകരണമാണ് സ്മാർട്ട് ഫോണുകൾ. ഇന്ന് എല്ലാവരുടെയും പക്കൽ സ്മാർട്ട് ഫോണുകൾ ഉണ്ട് എന്ന് വേണം പറയാൻ. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഗാഡ്ജറ്റും സ്മാർട്ട് ഫോൺ തന്നെയാണ്.
ഒരു പക്ഷെ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റുപോകന്ന രാജ്യം നമ്മുടെ ഇന്ത്യ ആയിരിക്കാം. ഉയർന്ന ജനസംഖ്യ തന്നെയാണ് ഇതിന് കാരണം. പുതിയ കണക്കുകൾ പ്രകാരം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നു എന്നാണ് സൂചന. ഏകദേശം 140 കോടിയോളം ജനങ്ങൾ ഇന്ത്യയിൽ ഉണ്ട് എന്നാണ് കണക്കാക്കുന്നത്. ഇത്രയും വലിയ വിപണി ആയതിനാൽ തന്നെ എല്ലാ സാധനങ്ങൾക്കും ഇന്ത്യയിൽ ആവിശ്യക്കാർ ഉണ്ട്.

ഭൂരിഭാഗം വരുന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്കും ഇന്ത്യയിൽ സ്മാർട്ട് ഫോൺ നിർമ്മാണ യൂണിറ്റും ഉണ്ട്. അടുത്തിടെയാണ് ആപ്പിൾ തങ്ങളുടെ ഐഫോണുകൾ ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചത്. ഗൂഗിൾ പിക്സൽ ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. സ്മാർട്ട് ഫോൺ വിപണിയിലെ ഏറ്റവും പുതിയ ബ്രാൻഡായാ നത്തിങ്ങും തങ്ങളുടെ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. സ്മാർട്ട് ഫോണുകളുടെ ഈ ഡിമാന്റ് കണക്കിലെടുത്ത് അവസരം മുതലെടുക്കാൻ ഒരുങ്ങുകയാണ് സർക്കാരും.
ഇന്ത്യൻ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾക്ക് കൂടുതൽ ഊന്നൽ നൽകാൻ പുതിയ പദ്ധതി ആവിഷ്ക്കരിക്കുകയാണ് സർക്കാർ എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മികച്ച ഫോണുകൾ നിർമ്മിച്ചാൽ സ്വന്തം വിപണിയിൽ നിന്ന് കോടികൾ ലാഭം ലഭിക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ടെക്നോളജിയും വളരെയധികം പുരോഗമിച്ചിട്ടുണ്ട്. വളരെ എളുപ്പത്തിൽ തന്നെ സ്മാർട്ട് ഫോണുകളും മറ്റ് ഇലക്ട്രിക്കൽ ഗാഡ്ജറ്റുകളും നിർമ്മിക്കാനുള്ള സൗകര്യങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് ഉണ്ട്.

സ്മാർട്ട്ഫോൺ നിർമ്മാണത്തിൽ ഏറെ പ്രധാനമുള്ള ഒരു ഘടകമാണ് സെമി കൺടക്ടറുകൾ. ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ടേർസുമായി (OEM) സഹകരിച്ചായിരിക്കും സർക്കാർ സെമി കൺടക്ടറുകൾ തേടുക. ഇതിനായി സാംസങ്ങിന്റെയോ തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനി (TSMC)യുടെയോ സഹായം ചിലപ്പോൾ സർക്കാർ തേടിയേക്കാം. പല കമ്പനികൾക്കും സെമി കൺടക്ടറുകൾ നൽകുന്നത് സാംസങ് ആണ്. എന്നിരുന്നാലും ഇവ സ്വന്തമാക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ആയതിനാൽ തന്നെ സ്വന്തമായി സെമി കൺടക്ടറുകൾ നിർമ്മിക്കാനും രാജ്യം ശ്രമിച്ചേക്കാം.
രാജ്യത്ത് ഉടൻ തന്നെ 2 മുതൽ 3 വരെ സെമി കൺടക്ടർ പ്ലാന്റുകൾക്ക് അംഗികാരം നൽകുമെന്ന് രാജ്യത്തിന്റെ ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഫോൺപേയുടെ ഇൻഡസ് ആപ്പ് സ്റ്റോർ ലോഞ്ച് ഇവൻ്റിൽ ആയിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി തന്നെയാണ് ഇന്ത്യൻ ബ്രാൻഡുകൾക്ക് കൂടുതൽ ശക്തി നൽകും എന്ന വാർത്തയും പുറത്ത് വിട്ടത്. രാജ്യത്ത് ആകെമാനമായി ഇതിന്റെ ഇക്കോസിസ്റ്റം വ്യാപിപ്പിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.
പിടിഐ എന്ന വാർത്താ ഏജൻസി ഇതിന്റെ വിശദമായ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം ഉടൻ തന്നെ കേന്ദ്ര സർക്കാർ രാജ്യത്തിനകത്ത് സെമി കൺടക്ടർ പ്ലാന്റുകൾ നിർമ്മിക്കാൻ അനുമതി നൽകും എന്നാണ് പറഞ്ഞിരിക്കുന്നത്. മൈക്രോൺ എന്ന അമേരിക്കൻ ടെക് ഭീമനുമായി സഹകരിച്ചായിരിക്കും സർക്കാർ ഈ പ്ലാന്റ് ഇന്ത്യയിൽ നിർമ്മിക്കുക. എത്രയും പെട്ടെന്ന് തന്നെ രണ്ടോ മൂന്നോ പ്ലാന്റുകൾ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തന്നെ സർക്കാരിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ മറ്റ് ഗാഡ്ജറ്റുകളും സർക്കാർ പുറത്തിറക്കിയേക്കും. ഇതിനായി ഹൈ വോളിയം ഫാബ്രിക്കേഷൻ പ്ലാൻ്റുകളും നിർമ്മിക്കുന്നതായിരിക്കും. നിലവിൽ ഇന്ത്യൻ നിർമ്മിത സ്മാർട്ട് ഫോൺ ബ്രാൻുകളായ ലാവ, മൈക്രോമാക്സ് എന്നിവ ഉണ്ടെങ്കിലും വിദേശ മാർക്കറ്റുകളിൽ ഇവയ്ക്ക് വലിയ ചലനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ അവസ്ഥയിൽ മാറ്റം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.


Click it and Unblock the Notifications








