ഇത്രയും ഫീച്ചറുകൾ വാട്സ്ആപ്പിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ? ഇതെന്താ നമ്മൾ അറിയാതെ പോയത്
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ആപ്പുകളിൽ ഒന്നായിരിക്കും ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ലോകത്തുള്ള ഭൂരിഭാഗം രാജ്യങ്ങളിലും വാട്സ്ആപ്പ് ജനപ്രിയമാണ്. ഇപ്പോൾ വാട്സ്ആപ്പിന് സമാനമായി നരവധി ആപ്പുകൾ ഉണ്ടെങ്കിലും ആദ്യ കാലങ്ങളിൽ വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ വളരെ ചുരുക്കം ആയിരുന്നു.
ആദ്യകാലങ്ങൾ മുതൽ വാട്സ്ആപ്പ് ഉപയോഗിച്ചവർ ഇപ്പോഴും വാട്സ്ആപ്പിന്റെ ഉപയോക്താക്കൾ ആണ് എന്നതും ഈ ആപ്പിന് അവകാശപ്പെടാൻ സാധിക്കുന്ന ഒരു നേട്ടം ആണ്. എന്നാൽ തുടക്ക കാലത്ത് ലഭിച്ചിരുന്ന ഫീച്ചറുകൾ മാത്രമല്ല ഇപ്പോൾ വാട്സ്ആപ്പിൽ ഉള്ളത്. കാലത്തിന് അനുസരിച്ച് നിരവധി മാറ്റങ്ങളും ഫീച്ചറുകളും എല്ലാം വാട്സ്ആപ്പിന് ഇപ്പോൾ അവകാശപ്പെടാനുണ്ട്. 2023 വർഷത്തിൽ മാത്രം പതിനഞ്ചോളം മാറ്റങ്ങളാണ് വാട്സ്ആപ്പിന് ഉണ്ടായത്. ഇതിൽ കൂടുതലും ഉപയോക്താക്കളുടെ സുരക്ഷയ്ക്കുള്ള അപ്ഡേറ്റുകളായിരുന്നു.

എന്നാൽ ഇതിൽ പല ഫീച്ചറുകളും ഉപയോക്താക്കൾക്ക് ഇപ്പോഴും അപരിചിതമാണ്. വാട്സ്ആപ്പിൽ ഒളിച്ചിരിക്കുന്ന ചില ഫീച്ചറുകളെ പരിജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഒരു ഫീച്ചർ എന്നത് നിങ്ങളുടെ സ്ക്രീൻ ഷെയർ ചെയ്യാൻ സാധിക്കുന്ന ഒരു സംവിധാനം വാട്സ്ആപ്പിൽ ഉണ്ട് എന്നതാണ്. വളരെ കുറച്ചു നാളുകൾ മാത്രമായിട്ടുള്ളു ഈ ഫീച്ചർ വാട്സ്ആപ്പിൽ എത്തിയിട്ട്. വാട്സ്ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ആയിരിക്കും ഈ ഫീച്ചർ ലഭ്യമാകുക.
സൂം, ഗൂഗിൾ മീറ്റ് പോലുള്ള ആപ്പുകൾക്ക് സമാനമായ സർവ്വീസ് ആണ് ഈ ഫീച്ചറിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. ഓൺലൈൻ ഗ്രൂപ്പ് മീറ്റുങ്ങുകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഫീച്ചറുകളിൽ ഒന്നായിരിക്കും ഇത്. വീഡിയോ കോൾ ചെയ്യുമ്പോൾ തന്നെ സ്ക്രീൻ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്താൽ വീഡിയോകോളിൽ ഏർപ്പെട്ടിരിക്കുന്ന ഉപയോക്താവിന്റെ സ്ക്രീൻ ഷെയർ ആകുന്നതാണ്. വാട്സ്ആപ്പിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഫീച്ചറാണ് ഷോർട്ട് വീഡിയോ സന്ദേശങ്ങൾ.

60 സെക്കന്റിന് താഴെയുള്ള വീഡിയോകളാണ് ഇത്തരത്തിൽ അയയ്ക്കാൻ സാധിക്കുന്നത്. അധികം ഇന്റർനെറ്റ് ചിലവില്ലാതെ വീഡിയോകൾ അയയ്ക്കാൻ ഈ ഫീച്ചർ ഉപകാരപ്പെടുന്നതാണ്. എന്നാൽ മുമ്പ് റെക്കോർഡ് ചെയ്ത് വെച്ച വീഡിയോകൾ ഇത്തരത്തിൽ അയയ്ക്കാൻ സാധിക്കില്ല. തത്സമയമായി എടുക്കുന്ന വീഡിയോകൾ മാത്രമെ ഇത്തരത്തിൽ അയയ്ക്കാൻ സാധിക്കു. വോയിസ് സന്ദേശം അയയ്ക്കുന്ന ബട്ടണിൽ രണ്ട് തവണ ക്ലിക്ക് ചെയ്താൽ ഇത്തരത്തിൽ വീഡിയോ എടുക്കാനുള്ള ഓപ്ഷൻ പ്രത്യക്ഷപ്പെടുന്നതാണ്.
ഇവയ്ക്ക് പുറമെ ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കുന്ന ചില ഫീച്ചറുകളും വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇത് വളരെ എളുപ്പത്തിൽ തന്നെ ആക്സസ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പുതിയ മാറ്റങ്ങൾ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പ് മെനുവിലെ സെറ്റിങ്സ് ടാബിൽ ഈ സുരക്ഷയ്ക്കായുള്ള നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ഇപ്പോൾ നൽകിയിരിക്കുന്നത്. മെസേജുകൾ ഓട്ടോമാറ്റിക് ആയി ഡിലിറ്റ് ആകുന്നത് മുതൽ ഡാറ്റകൾ നിയന്ത്രിക്കുന്നത് വരെയുള്ള ഓപ്ഷനുകൾ ഇവിടെ ലഭ്യമാണ്.
മാത്രമല്ല വാട്സ്ആപ്പ് മൊത്തത്തിലും ഓരോ ചാറ്റുകളായും ലോക്ക് ചെയ്ത് സംരക്ഷിക്കാൻ സാധിക്കുന്ന ഫീച്ചറുകളും ഇപ്പോൾ വാട്സ്ആപ്പിൽ ഉണ്ട്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനാണ് ഈ ഫീച്ചർ വാട്സ്ആപ്പ് നൽകിയിരിക്കുന്നത്. ആവിശ്യമെങ്കിൽ ഫിംഗർപ്രിന്റ് ഉപയോഗിച്ച് ലോക്ക് ചെയ്യാനും ഈ ഫീച്ചർ ഉപയോക്താക്കൾക്ക് അനുവാദം നൽകുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഫിംഗർപ്രിന്റ് ഉപയോഗിച്ച് ലോക്ക് ചെയ്യാനുള്ള സൗകര്യം ഉള്ളത്. ഐഫോൺ ഉപയോക്താക്കൾക്ക് ആകട്ടെ ഫെയ്സ് ഐഡി ഉപയോഗിച്ച് ചാറ്റുകൾ ലോക്ക് ചെയ്യാൻ സാധിക്കുന്നതായിരിക്കും.
നിങ്ങളുടെ സുരക്ഷ വർധിപ്പിക്കാനുള്ള മറ്റൊരു മാർഗമാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്ന ഓപ്ഷൻ പ്രവർത്തിപ്പിക്കുന്നത്. ഈ ഓപ്ഷൻ ഓഫ് ആയിരിക്കുമ്പോൾ നിങ്ങളുടെ ചാറ്റുകൾ ഐക്ലൗഡ്, ഗൂഗിൾ ഡ്രൈവ് എന്നിവ പോലുള്ള ക്ലൗഡ് സ്റ്റോറേജ് ദാതാക്കൾക്ക് ആക്‌സസ് ചെയ്യാൻ സാധിക്കും എന്നാൽ ഈ ഓപ്ഷൻ ഓൺ ആക്കുന്നതോടെ ഇവ തിരച്ചും സ്വകാര്യമായി തന്നെ ഇരിക്കുന്നതാണ്. സെറ്റിങ്സിലെ ചാറ്റ് തുറന്നാൽ ഇതിനായുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും.


Click it and Unblock the Notifications








