അങ്ങനെ അക്കാര്യത്തിൽ തീരുമാനമായി; എസ്24 സീരീസ് ലോഞ്ച് തിയതിയും സമയവും ഔദ്യോഗികമായി അറിയിച്ച് സാംസങ്
ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകളാണ് സാംസങ്ങിന്റെ ഗാലക്സി എസ് 24 സീരീസ് ഫോണുകൾ. ഈ ഫോണുകൾ ജനുവരി മാസം തന്നെ പുറത്തിറങ്ങും എന്ന് സൂചിപ്പിച്ച് പല തരത്തിലുള്ള ചോർച്ചാ റിപ്പോർട്ടുകൾ നേരത്തെ മുതൽ തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സാംസങ്ങിന്റെ ഔദ്യോഗിക പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ല.
എന്നാൽ ഇപ്പോൾ ഇതാ ഔദ്യോഗികമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സാംസങ്. ജനുവരി 17ന് തങ്ങളുടെ അൺപാക്കിങ് ഇവന്റ് നടക്കും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. ഈ ഇവന്റിൽ തന്നെ സാംസങ്ങിന്റെ ഏറ്റവും പ്രതീക്ഷയോടെ എത്തുന്ന ഗാലക്സി എസ് 24 സീരീസുകൾ അവതരിപ്പിക്കുന്നതായിരിക്കും. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരിക്കുക.

നിരവധി ചോർച്ചാ റിപ്പോർട്ടുകളിൽ ജനുവരി 17ന് സാംസങ് ഈ ഫോണുകൾ അവതരിപ്പിക്കും എന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ലഭിക്കുന്നത് ആദ്യമായാണ്. കാലിഫോർണിയയിലെ സാൻ ജോസിൽ ആയിരിക്കും സാംസങ്ങിന്റെ അൺപാക്കിങ് ഇവന്റ് നടക്കുക. ഇവന്റിന്റെ ഔദ്യോഗിക ദൃശ്യങ്ങൾ തത്സമയമായി സാംസങ് പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. ലോകമെമ്പാടുമുള്ള ടെക് പ്രേമികൾക്ക് ഇത് ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സാംസങ് എസ് 23 സീരീസുകൾ അവതരിപ്പിച്ചത്.
ഈ സീരീസിലെ എസ് 23 അൾട്ര എന്ന ഫോൺ ക്യാമറ രംഗത്ത് ഏറെ വിപ്ലവകരമായ മാറ്റങ്ങൾ ആണ് കൊണ്ടുവന്നത്. ഫോണിന്റെ സൂമിങ് കപ്പാസിറ്റി തന്നെയാണ് ഉപയോക്താക്കളെ അതിശയിപ്പിച്ചത്. ആപ്പിളിന്റെ ഐഫോണുകൾക്ക് വരെ മികച്ച വെല്ലുവിളി നടത്താൻ എസ് 23 അൾട്രയ്ക്ക് സാധിച്ചിരുന്നു. ഇതിന്റെ പിൻഗാമിയായി എസ് 24 അൾട്ര വരുമ്പോൾ ആരാധകർക്ക് ഇതിലുള്ള പ്രതീക്ഷ വളരെ വലുതാണ്. ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമായിരിക്കും എന്ന ആകാംഷയിലാണ് ആരാധകർ.

എന്നാൽ അൺപാക്കിങ് ഇവന്റിൽ എസ് 24 സീരീസ് ഫോണുകൾ അവതരിപ്പിക്കുമോ എന്ന് സാംസങ് വ്യക്തത വരുത്തിയിട്ടില്ല. എന്നിരുന്നാലും ഈ വർഷത്തെ സാംസങ്ങിന്റെ ഏറ്റവും വലിയ ചടങ്ങാണ് ജനുവരി 17ന് നടക്കുന്നത് ആയതിനാൽ തന്നെ ഈ വർഷം ഏറ്റവും പ്രതീക്ഷയുള്ള എസ് 24 അൾട്ര അടക്കമുള്ള ഫോണുകൾ ഈ ഇവന്റിൽ അവതരിപ്പിക്കാനാണ് സാധ്യത കൂടുതൽ. സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോൺ ആയിരിക്കും എസ് 24 സീരീസ് ഫോണുകൾ എന്നും സൂചനയുണ്ട്.
അതേ സമയം ജനുവരി 17ന് രാത്രി 11.30ന് ആയിരിക്കും അൺപാക്കിങ് ഇവന്റ് നടക്കുക. സാംസങ്ങിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ചടങ്ങുകൾ തത്സമയം പ്രദർശിപ്പിക്കുന്നതായിരിക്കും. നേരത്തെ വാൾമാർട്ടിന്റെ വെബ്സൈറ്റിൽ അടക്കം എസ് 24 സീരീസ് ഫോണുകൾ ലിസ്റ്റ് ചെയ്തതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഉടൻ തന്നെ ഈ ഫോണുകളുടെ ലോഞ്ച് ഉണ്ടാകും എന്നതിന്റെ സൂചനയുടെ ഭാഗമായാണ് ഇത്തരത്തിൽ വാൾമാർട്ടിന്റെ വെബ്സൈറ്റിൽ ഫോണുകൾ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ ഇന്ത്യയിലെ ചില വെബ്സൈറ്റുകളിലും ഗാലക്സി എസ് 24ന് ആയിട്ടുള്ള പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫോൺ ആദ്യം ലഭിക്കാനായി 1,999 രൂപ നൽകി വിഐപി പാസ് എടുക്കാനുള്ള സൗകര്യം ആണ് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. അതേ സമയം പുതിയ ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമായിരിക്കും എന്ന് പരിശോധിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6.1-ൽ ആയിരിക്കും ഈ ഫോണുകൾ പ്രവർത്തിക്കുക.
AMOLED LTPO ഡിസ്‌പ്ലേകൾ ഈ ഫോണുകൾക്കായി സാംസങ് നൽകും എന്നാണ് പ്രതീക്ഷ. ടോപ് എൻഡ് മോഡലിന് 200 എംപി ക്വാഡ് ക്യാമറ സജ്ജീകരണവും സാംസങ് നൽകിയേക്കാം. സ്റ്റാന്റേർഡ് മോഡലിൽ 50 എംപി ട്രിപ്പിൾ ക്യാമറ യൂണിറ്റുകൾ ആയിരിക്കും അവതരിപ്പിക്കാൻ സാധ്യത. എക്‌സിനോസ് 2400 ചിപ്പായിരിക്കും കാനഡ, യുഎസ് ഒഴികെയുള്ള രാജ്യങ്ങളിൽ ഫോണിനായി സാംസങ് നൽകുക. കാനഡയിലും യുഎസിലും സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC നൽകാനാണ് സാധ്യത.


Click it and Unblock the Notifications








