വെറും 6299 രൂപയ്ക്ക് രണ്ട് എഐ ക്യാമറകൾ, 12 ജിബി റാം; സ്വപ്നതുല്യമായ ഫോൺ ഇന്ത്യയിലെത്തിച്ച് ഐടെൽ
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഐടെൽ തങ്ങളുടെ പുതിയ സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഐടെലിന്റെ ഭൂരിഭാഗം സ്മാർട്ട് ഫോണുകൾ പോലെ കുറഞ്ഞ വിലയിൽ നിരവധി ഫീച്ചറുകൾ സമ്മാനിക്കുന്ന പുതിയ ഫോൺ ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഐടെൽ എ70 എന്നാണ് പുതിയ ഫോണിന്റെ പേര്.
വെറും 7,500 രൂപയിൽ കുറവായിരിക്കും ഈ ഫോണിന്റെ വില. എന്നിരുന്നാലും ഒരു മിഡ് ബഡ്ജറ്റ് ഫോണുകളിൽ ലഭിക്കുന്ന ഫീച്ചറുകൾ ഐടെൽ എ70ൽ കൊണ്ടുവരാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. 7,500 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 12 ജിബി റാമുള്ള ഫോൺ ആയിരിക്കും ഐടെൽ എ70 എന്ന് കമ്പനി അറിയിച്ചു. 4 ജിബിയാണ് ഫോണിന്റെ റാം എങ്കിലും 8 ജിബി വെർച്വൽ റാമും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

256 ജിബി വരെയാണ് ഫോണിന്റെ സ്റ്റോറേജ്. സവിശേഷതകൾ പരിശോധിക്കുമ്പോൾ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിനായി ഐടെൽ ഒരുക്കിയിരിക്കുന്നത്. 120Hz റീഫ്രഷ് റെയ്റ്റും 500 നീറ്റ്സ് തെളിച്ചവും ഈ സ്ക്രീൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാക്ക് ക്യാമറ ഫ്രണ്ട് ക്യാമറ എന്നിങ്ങനെ ആകെ രണ്ട് ക്യാമറയാണ് ഫോണിൽ ഉള്ളത്. ഇതിൽ രണ്ട് ക്യാമറയ്ക്കും എഐ ഫീച്ചറുകൾ നൽകാൻ ഐടെൽ ശ്രമിട്ടിച്ചുണ്ട്. 13 എംപിയാണ് ഫോണിന്റെ മെയിൻ സെൻസർ.
ഈ സെൻസറിന് എഐ സവിശേഷത നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായിട്ടുള്ള ഫ്രണ്ട് ക്യാമറയ്ക്കും എഐ സവിശേഷതയുണ്ട്. 8 എംപിയാണ് ഐടെൽ എ70ന്റെ എഐ പോർട്രെയ്‌റ്റ് സെൽഫി ക്യാമറ. മറ്റൊരു ക്യാമറ കൂടി ഫോണിന്റെ പിൻവശത്ത് ഉണ്ടാകും എന്ന് ഐടെൽ അവകാശപ്പെടുമ്പോളും ഇതിന്റെ വിവരങ്ങൾ ഒന്നും തന്നെ ഇവർ പുറത്ത് വിട്ടിട്ടില്ല. ഡിസ്പ്ലേയുടെ മുകളിലായി ഡൈനാമിക് ബാർ സാങ്കേതികവിദ്യയുള്ള ഒരു ഡ്യൂഡ്രോപ്പ് നോച്ച് ഈ ഫോണിനായി ഐടെൽ നൽകിയിരിക്കുന്നു.

നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ്, നോട്ടിഫിക്കേഷനുകൾ എന്നിവയെല്ലാം ഈ നോച്ചിലൂടെ അറിയാൻ സാധിക്കുന്നതാണ്. വളരെ മെലിഞ്ഞ രൂപത്തിൽ ആണ് ഐടെൽ ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നതും ഈ ഫോണിന്റെ പ്രത്യേകതയാണ്. പ്രധാനമായും നാല് നിറങ്ങളിലാണ് ഐടെൽ എ70 പുറത്തിറക്കിയിരിക്കുന്നത്. ബ്രില്യന്റ് ഗോൾഡ്, സ്റ്റൈലിഷ് ബ്ലാക്ക്, ഫീൽഡ് ഗ്രീൻ, അസൂർ ബ്ലൂ എന്നിവയാണ് ഈ നിറങ്ങൾ. Android 13 (Go എഡിഷൻ)-ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.
T603 ഒക്ടാ കോർ പ്രോസസറാണ് ഐടെൽ എ70ന് വേണ്ടി കമ്പനി നൽകിയിരിക്കുന്നത്. നെറ്റ്വർക്ക് കവറേജുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ വാർത്താ വിനിമയം സാധ്യമാക്കാൻ വേണ്ടി സ്മാർട്ട് ലിങ്ക് പ്ലസ് എന്ന സാങ്കേതിക വിദ്യയും ഈ ഫോണിൽ ഐടെൽ നൽകിയിട്ടുണ്ട്. 4G VoLTE, ഡ്യുവൽ 4G VoLTE, Wi-Fi 802.11 b/g/n, Bluetooth 5.0, GPS + GLONASS, USB Type-C എന്നിവയാണ് ഈ ഫോണിന് നൽകിയിരിക്കുന്ന കണക്ടിവിറ്റികൾ.
ഫോണിന്റെ വില പരിശോധിക്കുമ്പോൾ 6299 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഫോണിന്റെ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 6799 രൂപയാണ്. ഇതിന് പുറമെ 4 ജിബി റാം 256 ജിബി സ്റ്റോറേജിന്റെ മറ്റൊരു വേരിയന്റ് കൂടി ഐടെൽ പുറത്തിറക്കിയിട്ടുണ്ട് 7,299 രൂപയാണ് ഈ വേരിയന്റിന്റെ വില.
ജനുവരി അഞ്ചാം തിയതി മുതൽ പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ നിന്നും വിവിധ സ്റ്റോറുകളിൽ നിന്നും ഈ ഫോണുകൾ ഉപയോക്താക്കൾക്ക് വാങ്ങാൻ സാധിക്കും എന്നാണ് ഐടെൽ അറിയിച്ചിരിക്കുന്നത്. സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഫോണുകളിൽ ഒന്നായിരിക്കും ഐടെൽ എ70 എന്നാണ് വിലയിരുത്തുന്നത്. ഇതിന് മുമ്പും നിരവധി ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ഇന്ത്യയിൽ എത്തിച്ച ഫോൺ നിർമ്മാതാക്കളാണ് ഐടെൽ.


Click it and Unblock the Notifications








