ഈ വർഷം രാജ്യത്ത് വിറ്റഴിച്ച ഫോണുകളിൽ 99.2 ശതമാനവും ഇന്ത്യൻ നിർമ്മിതം; കയറ്റുമതിയും വർധിച്ചു
രാജ്യത്തെ സ്മാർട്ട് ഫോൺ നിർമ്മാണം വലിയ രീതിയിൽ വർധിച്ചതായി റിപ്പോർട്ടുകൾ. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ രാജ്യത്തെ മൊബൈൽ ഫോൺ വ്യവസായം 20 ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്.
ഇത് വ്യക്തമാക്കുന്ന ട്വീറ്റും മന്ത്രി പുറത്ത് വിട്ടിരുന്നു. 2014ൽ 78 ശതമാനം സ്മാർട്ട് ഫോൺ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന രാജ്യം 2023 എത്തിയപ്പോൾ രാജ്യത്ത് വിറ്റഴിച്ച സ്മാർട്ട് ഫോണുകളിൽ 99.2 ശതമാനവും ഇന്ത്യയിൽ തന്നെ നിർമ്മിച്ചവയായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയിലെ ചില കാര്യങ്ങൾ ചർച്ച ചെയ്യാൻ മുൻനിര വ്യവസായികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം ട്വീറ്റ് ചെയ്തത്.

മന്ത്രി പുറത്തു വിട്ട കണക്കുകൾ പ്രകാരം 2014ൽ രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയിൽ നല്ലൊരു ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചായിരുന്നു. മൊത്തം വിപണിയിലെ 78 ശതമാനവും നിയന്ത്രിച്ചിരുന്നത് ഇറക്കുമതി ചെയ്ത സ്മാർട്ട് ഫോണുകളാണ്. എന്നാൽ നിവലിൽ ഇന്ത്യയിൽ വിറ്റഴിക്കുന്നതിൽ 99.2 ശതമാനം സ്മാർട്ട് ഫോണുകളും ഇന്ത്യയിൽ തന്നെ നിർമ്മിച്ചവയാണ്. രാജ്യത്തിന്റെ വ്യവസായിക മാറ്റത്തിന്റെ ഉയർച്ചയെ എടുത്തു കാണിക്കുന്നതാണ് ഈ കണക്കുകൾ.
നിലവിൽ പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമി, വിവോ, ഓപ്പോ, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളും ഇന്ത്യയിൽ ഫോണുകൾ നിർമ്മിക്കുന്നുണ്ട്. അടുത്തിടെയാണ് ഐഫോൺ 15 സീരീസ് ഫോണുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചത് ചെന്നൈയിലെ പ്ലാന്റിലാണ് ഫോക്‌സ്‌കോൺ ഗ്രൂപ്പ് ഐഫോണുകൾ നിർമ്മിച്ചത്. പുതിയ സീരീസിലെ സ്റ്റാന്റേർഡ് മോഡൽ, പ്ലസ് മോഡൽ എന്നിവയാണ് ഇവർ നിർമ്മിക്കുന്നത്. ഇതിന് പുറമെ ഐഫോൺ 14, 13 മോഡലുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്.

അതേ സമയം ടാറ്റാ ഗ്രൂപ്പും ഇത്തരത്തിൽ ഐഫോണുകളുടെ നിർമ്മാണം ഏറ്റെടുക്കുന്നു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇത്തരത്തിൽ സംഭവിച്ചാൽ ഇന്ത്യയിലെ ഐഫോണുകളുടെ നിർമ്മാണം വലിയ രീതിയിൽ ഉയർന്നേക്കാം. മാത്രമല്ല ഗൂഗിളിന്റെ പുതിയ ഫോണായ പിക്സൽ 8 സീരീസ് ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കും എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതും രാജ്യത്തെ വ്യവസായ രംഗത്തിന് ഗുണം ചെയ്യുന്ന ഒരു വാർത്തയാണ്.
ഏകദേശം രണ്ടര വർഷത്തിനുള്ളിൽ തന്നെ ടാറ്റാ ഗ്രൂപ്പ് നിർമ്മിക്കുന്ന ഐഫോണുകൾ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഈ ഫോണുകൾ എത്തുന്നതായിരിക്കും. ഇതു വഴി രാജ്യത്തിന്റെ കയറ്റുമതി വർധിക്കാനും സഹായിക്കുന്നതാണ്. മാത്രമല്ല ഫോണുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുമ്പോൾ ഇറക്കുമതി തീരുവ നൽകേണ്ടതില്ലാത്തതിനാൽ വിലക്കുറവിൽ ഫോണുകൾ ഉപയോക്താക്കൾക്ക് ലഭിക്കാനും ഇത് കാരണമായേക്കാം.
അതേ സമയം ആപ്പിൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡൽഹിയിലും മുംബൈയിലും ആപ്പിൾ തങ്ങളുടെ സ്റ്റോറുകൾ ആരംഭിച്ചു. മാത്രമല്ല ഏഷ്യയിൽ ചൈനയിൽ മാത്രമായിരുന്നു ആപ്പിൾ തങ്ങളുടെ ഉത്പന്നങ്ങൾ നിർമ്മിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിലും നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവിൽ ഇന്ത്യൻ മാർക്കറ്റിൽ ഏക്കാലത്തെയും മികച്ച വിൽപന ആയിരുന്നു ആപ്പിൾ കാഴ്ച വെച്ചത്.
നിലവിൽ ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് സാംസങ് ആണ്. ഷവോമിയാണ് രണ്ടാം സ്ഥാനത്ത്. വിപണിയിലെ 20 ശതമാനത്തോളം വിഹിതം ആണ് സാംസങ്ങിന് അവകാശപ്പെടാനുള്ളത്. ആഗോള വിപയണിയിലും സാംസങ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ആപ്പിൾ ഇവിടെ രണ്ടാം സ്ഥാനത്താണ്. ആഗോള വിപണിയുടെ 17 ശതമാനത്തോളം ആണ് നിലവിൽ സാംസങ്ങിന് അവകാശപ്പെടാനുള്ളത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








