എസ്24 അൾട്രയെ തുരത്താനുള്ള ആപ്പിളിന്റെ വജ്രായുധം ഒരുങ്ങുന്നു; അടിമുടി അപ്ഗ്രേഡുമായി ഐഫോൺ 16 പ്രോ മാക്സ്
ജനുവരി 17ന് ആണ് സാംസങ് തങ്ങളുടെ ഈ വർഷത്തെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായ ഗാലക്സി എസ് 24 അൾട്ര പുറത്തിറക്കിയത്. എസ് 24 സീരീസിൽ എസ് 24, എസ് 24 അൾട്ര എന്നീ രണ്ട് ഫോണുകളും സാംസങ് അവതരിപ്പിച്ചിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്.
എഐ സവിശേഷതകയാണ് ഈ ഫോണുകളുടെ എടുത്ത് പറയേണ്ട സവിശേഷതകൾ, ഐഫോണുകൾക്ക് അടക്കം കനത്ത വെല്ലുവിളി ഉയർത്തിയ എസ് 23 അൾട്രയുടെ പിൻഗാമി ആയിട്ടാണ് എസ് 24 അൾട്രയെ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ സാംസങ്ങിന്റെ പുതിയ ഫോണിനെ ചെറിയ ഭയത്തോടെയാണ് ആപ്പിൾ നോക്കി കാണുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ആപ്പിൾ തങ്ങളുടെ ഐഫോൺ 15 സീരീസ് പുറത്തിറക്കിയത്.

MOST READ: അയോധ്യയിലെ പ്രസാദമെന്ന പേരിൽ ലഡു വിറ്റ് ആമസോൺ, നടപടി സ്വീകരിച്ച് അധികൃതർ
എസ് 24 അൾട്ര പുറത്തിറങ്ങിയ സാഹചര്യത്തിൽ ഐഫോൺ 15 പ്രോ മാക്സിന്റെ അടക്കം നില പരുങ്ങലിൽ ആണ്. കാരണം അത്രയും മികച്ച ഫീച്ചറുകളാണ് പുതിയ ഫോണിന് സാംസങ് നൽകിയിരിക്കുന്നത്. ജനുവരി 31 മുതൽ ഈ ഫോണുകൾ വിൽപനയ്ക്ക് എത്തും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. ഗാലക്സി എസ് 24 അൾട്ര പുറത്തിറങ്ങിയ സാഹചര്യത്തിൽ ഇനി ആപ്പിൾ ആരാധകർ കാത്തിരിക്കുന്നത് ഐഫോൺ 16ന്റെ വരവിന് വേണ്ടി ആയിരിക്കും.
ഈ വർഷവും സെപ്റ്റംബർ മാസം തന്നെ ആപ്പിൾ തങ്ങളുടെ പുതിയ ഫോണുകൾ അവതരിപ്പിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേ സമയം ഐഫോൺ 16ന്റെ ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. പുറത്തിറങ്ങാനിരിക്കുന്ന പുതിയ പ്രോ മോഡലുകളിൽ ആപ്പിൾ 2ടിബി വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്തേക്കാം എന്നാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 3D സ്പേഷ്യൽ വീഡിയോകൾ ഷൂട്ട് ചെയ്യാനുള്ള ഫീച്ചറും ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്.

ഫോണിലെ ക്യാമറ നിയന്ത്രിക്കാനായി ഒരു പ്രത്യേക ബട്ടൺ ഇതിന്റെ പ്രോ മോഡലുകളിൽ ഉണ്ടാകും എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. മുൻപ് പുറത്തിറങ്ങിയ മോഡലുകൾക്ക് വിപരീതമായി ഒരു പുതിയ ബട്ടൺ ഇതിനായി ചേർക്കാൻ ആണ് ആപ്പിൾ പദ്ധതിയിട്ടിരിക്കുന്നത്. ഐഫോൺ 16 പ്രോ മാക്സിൽ ആയിരിക്കും ആപ്പിൾ ഈ ബട്ടൺ നൽകുക. പഴയ നോക്കിയ ലൂമിയ, സോണി എക്സ്പീരിയ ഫോണുകൾക്ക് സമാനമായിരിക്കും ഈ ബട്ടൺ.
ക്യാമറ ഫോക്കസ് ചെയ്യാനും ക്ലിക്ക് ചെയ്യാനും ഈ ബട്ടൺ ഉപയോഗിക്കാവുന്നതാണ്. ആപ്പുകൾ പെട്ടെന്ന് ആക്സസ് ചെയ്യാനും ഒരുപക്ഷെ ഈ ബട്ടൺ ഉപകരിച്ചേക്കാം. അതേ സമയം പ്രോ മോഡലുകളിലെ ക്യാമറകൾ പരിശോധിക്കുമ്പോൾ 5x ടെലിഫോട്ടോ സൂം ലെൻസ് നൽകാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ടിപ്സ്റ്റർ മിംഗ് ചി കുവോ അവകാശപ്പെടുന്നു. ഉയർന്ന റെസല്യൂഷനിൽ 48 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഈ ഫോണുകളിൽ സ്ഥാനം പിടിച്ചേക്കാം.
ഫോണുകളുടെ പ്രൈമറി ലെൻസും 48 എംപി ആയിരിക്കും. 12 എംപി ആയിരിക്കും ഫോണിന്റെ സെൽഫി ക്യാമറ എന്നും റിപ്പോർട്ടുകൾ ഉണ്ട്. വെളിച്ചം കുറഞ്ഞ സാഹചര്യത്തിൽ മികച്ച വെളിച്ചത്തോടെ ചിത്രങ്ങളെടുക്കാൻ സാധിക്കുന്ന ലോ-ലൈറ്റ് പെർഫോമൻസും ഈ ക്യാമറയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ഫോണുകൾക്ക് പഴയ മോഡലിനെ അപേക്ഷിച്ച് വലിയ ഡിസ്പ്ലേ നൽകാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്. പ്രോ മോഡലുകൾക്ക് 6.9 ഇഞ്ച് സ്‌ക്രീൻ ആണ് പ്രതീക്ഷിക്കുന്നത്.
മാത്രമല്ല ഫോണിലെ ബാറ്ററിയുടെ വലുപ്പത്തിലും അപ്ഗ്രേഡുകൾ പ്രതീക്ഷിക്കുന്നുണ്ട്. ഐഫോൺ 16 സീരീസിലെ എല്ലാ ഫോണുകൾക്കും A18 ചിപ്പ് നൽകും എന്നാണ് മാക് റൂമേഴ്സിന്റെ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രോ മോഡലുകളിൽ മികച്ച സിപിയു ക്ലോക്ക് സ്പീഡും കൂടുതൽ സിപിയു കോറുകളും ഉള്ള സ്പീഡ് ബിൻഡ് ചിപ്പുകൾ നൽകാനും സാധ്യതയുണ്ട്. സ്റ്റോറേജ് വർധിപ്പിക്കുന്നതിന് സമാനമായി ഉയർന്ന റാമും പുതിയ ഫോണിൽ നൽകാൻ ആപ്പിൾ പദ്ധയിടുന്നുണ്ട്.


Click it and Unblock the Notifications








