കണക്കുകൾ കണ്ട് അമ്പരക്കേണ്ട; ഏറ്റവും കൂടുതൽ വിറ്റുപോയ റെക്കോർഡ് സ്വന്തമാക്കി ഐഫോണിന്റെ പ്രോ മാക്സ് മോഡലുകൾ
ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട് ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ച് ആപ്പിളിന്റെ ഐഫോൺ പ്രോ മാക്സ് മോഡലുകൾ. ഐഫോൺ 15 പ്രോ മാക്സ്, 14 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 2023ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ ഫോണുകൾ വിൽപനയിൽ മുൻപന്തിയിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആഗോള ഷിപ്മെന്റ് നടത്തിയത് ഐഫോണിന്റ 15 പ്രോ മാക്സ്, 14 പ്രോ മാക്സ് എന്നീ മോഡലുകൾ ആണെന്നാണ് കനാലിസിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2022 സെപ്റ്റംബർ മാസത്തിൽ ആയിരുന്നു ആപ്പിൾ ഐഫോൺ 14 സീരീസുകൾ പുറത്തിറക്കിയത്. കൃത്യം ഒരു വർഷത്തിന് ശേഷം 2023 സെപ്റ്റംബർ മാസത്തിൽ ഈ ഫോണുകളുടെ പിൻഗാമികൾ ആയി ആപ്പിൾ ഐഫോൺ 15 സീരീസ് ഫോണുകളും പുറത്തിറക്കി.

MOST READ: വെറും 42 രൂപ വീതം അടച്ചാൽ മതി മാസം 5000 രൂപ വരെ പെൻഷൻ; അടൽ പെൻഷൻ യോജനയിൽ എങ്ങനെ അംഗമാകാം
പ്രീമിയം സെഗ്മെന്റുകളിൽ ആണ് ഈ രണ്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നത്. ആഗോള കയറ്റുമതിയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഏഴ് സ്ഥാനവും ആപ്പിളിന്റെ ഉത്പന്നങ്ങളാണ് കൈയ്യടക്കി വെച്ചിരിക്കുന്നത് എന്നും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. സാംസങ് കനത്ത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും തങ്ങളുടെ വിപണി സുരക്ഷിതമായി കൊണ്ടുപോകാൻ ആപ്പിളിന് സാധിക്കുന്നുണ്ട്. നിലവിൽ ഐഫോണിന്റെ സ്റ്റാന്റേർഡ്, പ്രോ മോഡലുകളേക്കാൾ ഡിമാന്റ് പ്രോ മാക്സ് വേരിയന്റുകൾക്ക് ആണ്.
തന്റെ മുൻഗാമിയിൽ നിന്ന് മികച്ച അപ്ഡേറ്റുകളുമായിട്ടാണ് ഐഫോൺ 15 പ്രോ മാക്സ് എത്തിയിരിക്കുന്നത്. 5 x ഒപ്റ്റിക്കൽ സൂം, മികച്ച ബാറ്ററി ലൈഫ്, കൂടുതൽ സ്റ്റോറേജ് എന്നിവ പുതിയ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രകടനം മെച്ചപ്പെടുത്താനും പ്രത്യേകം സൗകര്യങ്ങൾ ആപ്പിൾ ഈ ഫോണിന് നൽകിയിരിക്കുന്നു. കൂടുതൽ ഫീച്ചറുകൾ ഉള്ള ആൻഡ്രോയിഡ് ഫോണുകൾ നിരവധി ഉണ്ടായിരുന്നിട്ടും ആപ്പിൾ ഫോണുകളുടെ ഈ ആധിപത്യം അതിശയകരമാണ് എന്നാണ് ടെക് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

അതേ സമയം നിലവിൽ ഐഫോൺ 16 സീരീസ് ഫോണുകളുടെ പണിപ്പുരയിലാണ് ആപ്പിൾ. സാംസങ് എസ് 24 സീരീസ് പുറത്തിറങ്ങിയ സാഹചര്യത്തിൽ ഈ ഫോണിനെ പ്രധാന എതിരാളിയായി കണ്ട് ആയിരിക്കും ആപ്പിൾ ഐഫോൺ 16 സീരീസ് ഫോണുകൾ പുറത്തിറക്കുക. എഐ സംവിധാനങ്ങൾ അടക്കം നിരവധി മികച്ച ഫീച്ചറുകളുമായിട്ടാണ് സാംസങ് എസ് 24 സീരീസ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് ഫോണുകളാണ് ഈ സീരീസിൽ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്.
അതിനിടെ ഐഫോൺ 15 പ്രോ മാക്സ് ഐഫോൺ 14 പ്രോ മാക്സ് എന്നീ ഫോണുകൾക്കെല്ലാം മികച്ച ഓഫറുകൾ വാലന്റൈൻസ് ദിനം പ്രമാണിച്ച് വിവിധ ഇ കൊമേഴ്സ് വെബ്സൈറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 15 പ്രോ മാക്സിന് ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് ആമസോൺ ആണ്. ഈ ഓഫർ പരിശോധിക്കുമ്പോൾ 1,59,900 രൂപയ്ക്കാണ് ഈ ഫോൺ ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഇത് 1,48,900 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതായത് 11,000 രൂപയുടെ ഡിസ്കൗണ്ട്. ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും കൂടി ചേരുന്നതോടെ ഈ ഫോണിന്റെ വില വീണ്ടും ഗണ്യമായി കുറയുന്നത് ആയിരിക്കും. ഐഫോൺ 14 പ്രോ മാക്സിന് മികച്ച ഓഫർ ലഭിക്കുന്നയിടം ഫ്ലിപ്പ്കാർട്ട് ആണ്. 1,34,900 രൂപയ്ക്കാണ് ഈ ഫോണിന്റെ 128 ജിബി പതിപ്പ് ആപ്പിൾ ഇന്ത്യയിൽ എത്തിച്ചത്. എന്നാൽ ഇപ്പോൾ ഈ ഫോൺ 1,27,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ലോഞ്ച് വിലയിൽ നിന്ന് 5 ശതമാനം ഡിസ്കൗണ്ട് ആണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അതേ സമയം നേരത്തെ പറഞ്ഞത് പോലുള്ള ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്പ്കാർട്ടും ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകൾ കൂടി ചേരുന്നതോടെ ഐഫോൺ 14 പ്രോ മാക്സിന്റെ വില വീണ്ടും കുറയുന്നതായിരിക്കും. പുതിയ ഐഫോണിന്റെ ടോപ് എൻഡ് മോഡൽ സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതൊരു സുവർണ്ണാവസരം ആണ്.


Click it and Unblock the Notifications








