ടർബോ ഈ മാസം തന്നെ പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ; പക്ഷെ മമ്മൂട്ടിയല്ല ഹീറോ ഐക്യൂവാണ്
മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ മാസത്തിൽ ഈ ചിത്രം പുറത്തിറങ്ങും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിടുന്ന വിവരം.
ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രതീക്ഷ കൂട്ടുന്നത്. ഇതിന് പുറമെ മിധുൻ മാനുവൽ തോമസ് ആണ് ഈ ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമാ ലോകത്ത് പുതിയ ടർബോ എത്തുമ്പോൾ ടെക് ലോകത്ത് പുറത്തിറങ്ങുന്നത് രണ്ട് ടർബോകളാണ്. ഒന്ന് റെഡ്മിയുടെ ടർബോ 3യും ഐക്യൂവിന്റെ ഇസെഡ് 9 ടർബോയും.

MOST READ: 25,000 രൂപയ്ക്ക് താഴെ ഇത്രയും മികച്ച ഫോണുകളോ? അതും ഒന്നും രണ്ടുമല്ല അഞ്ചെണ്ണം
ഈ സിനിമയ്ക്കായി മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്നത് പോലെ തന്നെയാണ് ടെക് പ്രേമികളും പുതിയ ഫോണുകളുടെ വരവിനായി കാത്തിരിക്കുന്നത്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ആരാധകരുടെ മനസിൽ ഇടം പിടിച്ച ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. ഇപ്പോൾ ഇതാ തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഐക്യൂ ഇസെഡ് 9 ടർബോയുടെ ലോഞ്ച് തിയതി പുറത്ത് വിട്ടിരിക്കുകയാണ് ഐക്യൂ. ഫോൺ ഈ മാസം 24ന് പുറത്തിറക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ചൈനയിൽ ആയിരിക്കും ഈ ഫോൺ ആദ്യമെത്തുക. ഇതിന് ശേഷം ഒരു മാസം എങ്കിലും കാത്തിരുന്നതിന് ശേഷം ആയിരിക്കും ഐക്യൂ ഇസെഡ് 9 ടർബോ ഇന്ത്യയിൽ എത്തു. ഇസെഡ് 9 സീരീസിലെ ഏറ്റവും പുതിയ ഫോൺ ആയിട്ടാണ് ഐക്യൂ ഇസെഡ് 9 ടർബോയെ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്. ഫോണിന്റെ ചിത്രങ്ങളും ചില വിവങ്ങളും ഐക്യൂ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഐക്യൂ 12നോട് സാമ്യമുള്ള ഡിസൈൻ ആണ് പുതിയ ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്.

ഫോണിന്റെ പിൻഭാഗത്ത് നൽകിയിരിക്കുന്ന ഡ്യുവൽ ക്യാമറ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നതാണ്. മറ്റ് ഇസെഡ് 9 സീരീസ് ഫോണുകൾ പോലെ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്സെറ്റ് തന്നെ ആയിരിക്കും പുതിയ ഫോണിനും ഐക്യൂ നൽകാനുള്ള സാധ്യത. എന്നാൽ ഈ ഫോണിന് മാത്രമായി ഒരു പ്രത്യേക ഗ്രാഫിക്സ് ചിപ്പും സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് ഐക്യൂവിന്റെ വൈസ് പ്രസിഡന്റ് ജിയ ജിംഗ്‌ഡോംഗ് അവകാശപ്പെടുന്നത്.
ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനുള്ള സാങ്കേതികവിദ്യയും ഈ ഫോണിന് നൽകിയിട്ടുണ്ട് എന്ന് ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഫോണിന്റെ മുൻഗാമിയോട് സാമ്യമുള്ള വില തന്നെ ആയിരിക്കും ഐക്യൂ ഇസെഡ് 9 ടർബോയ്ക്കും നൽകാൻ സാധ്യത. 6000mAh ബാറ്ററിയാണ് ഈ ഫോണിൽ പായ്ക്ക് ചെയ്യുക എന്ന് ഐക്യൂ സ്ഥിരീകരിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ മികച്ച ബാറ്ററി ലൈഫ് ഈ ഫോണിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഫോണിനെ കുറിച്ച് ചില ലീക്കഡ് റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
ഇതനുസരിച്ച് ഈ ഫോണിന് 1.5K 144Hz OLED ഫ്ലാറ്റ് സ്‌ക്രീൻ ഉണ്ടാകും എന്നാണ് സൂചന. ഇതിന് 7.98mm കട്ടി ഉണ്ടായിരിക്കും എന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫോണിന്റെ കൂടുതൽ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ ഐക്യൂ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം റെഡ്മിയുടെ ടർബോ 3 ഇതിനോടകം തന്നെ ചൈനയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഏപ്രിൽ 10ന് ആയിരുന്നു ഈ ഫോൺ ചൈനയിൽ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് ആണ് റെഡ്മി ടർബോ 3യ്ക്കായി കമ്പനി നൽകിയിരിക്കുന്നത്. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ഇതിലുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫോണും ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ. എന്നാൽ പോക്കോ എഫ്6 എന്ന മോഡലായിട്ടാകും ഈ ഫോൺ ഇന്ത്യയിൽ എത്തുക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








