യുദ്ധത്തിൽ ആളെ കൊല്ലാനും എഐ; ഹമാസിനെ നേരിടാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇസ്രയേൽ
ഇസ്രയേൽ ഗാസ യുദ്ധം വർഷങ്ങളായി നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പ്രശ്നമാണ്. പുതിയതായി വരുന്ന ടെക്നോളജികളും ഈ യുദ്ധത്തിന്റെ ഭാഗമാകാറുണ്ട്. ഇത്തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സും (എഐ) ഇപ്പോൾ ഈ യുദ്ധത്തിന്റെ ഭാഗമായിരിക്കുകയാണ്. ഗാസയിൽ എഐയുടെ സഹായത്താൽ ഇസ്രയേൽ ആക്രമികളെ തിരഞ്ഞുപിടിച്ച് വധിക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
+972 മാഗസീൻ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ലാവെൻഡർ എന്ന AI പ്രോഗ്രാം ഉപയോഗിച്ച് ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് 37,000 ഹമാസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഹമാസ്, ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളെ തിരിച്ചറിയാനും ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വേണ്ടി ഇസ്രയേൽ ഉപയോഗിക്കുന്ന എഐ ടൂൾ ആണ് ലാവെൻഡർ.

മനുഷ്യർ ഇടപെടുമ്പോൾ ധാരാളം സമയമെടുത്തേക്കാവുന്ന ദൗത്യങ്ങൾ ഈ എഐയുടെ സഹാത്താൽ വളരെ പെട്ടെന്ന് തീർക്കാൻ സാധിക്കുന്നുണ്ട് എന്ന് ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ദി ഗാർഡിയൻ എന്ന മാധ്യമത്തോട് വെളിപ്പെടുത്തി. ലാവൻഡറിന് പുറമെ ഗോസ്പെൽ എന്ന മറ്റൊരു എഐ സംവിധാനവും ഈ യുദ്ധത്തിൽ ഇസ്രയേൽ ഉപയോഗിക്കുന്നുണ്ട്. മുനഷ്യർക്ക് പുറമെ കെട്ടിടങ്ങൾ പോലുള്ള വലിയ വസ്തുക്കൾ തകർക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
ദൗത്യം നിറവേറ്റുന്നതിൽ ലാവൻഡർ 90 ശതമാനം കൃത്യത കൈവരിച്ചു എന്നാണ് +972 മാഗസിൻ വെളിപ്പെടുത്തുന്നത്. ഗാസയിലെ വലിയ കൂട്ടം ജനങ്ങളെ നിരീക്ഷിച്ച് ഇതിൽ നിന്ന് ഹമാസിലെയോ ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദിലെയോ അംഗങ്ങളെ തിരിച്ചറിയുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. ഇതിന്റെ കീഴിൽ വരുന്ന എല്ലാ ജനങ്ങളെയും ലാൻഡർ ഇത്തരത്തിൽ നിരീക്ഷിച്ച് റേറ്റിങ് നൽകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേൽ സൈന്യം നടപടി സ്വീകരിക്കുന്നത്.

എന്നാൽ ഈ എഐയുടെ പ്രവർത്തനത്തിൽ ആശങ്ക അറിയിച്ച് ചില രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്. സാങ്കേതിക തകരാറുകൾ സംഭവിച്ചാൽ നിരപരാധികളായ നിരവധി ആളുകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ട് എന്നാണ് വിദഗ്ദർ പറയുന്നത്. അതേ സമയം ഹമാസ്, ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ട്രാക്ക് ചെയ്യാനായി വേർ ഈസ് ഡാഡി എന്ന ഒരു എഐ സംവിധാനവും ഇസ്രായേൽ ഉപയോഗിക്കുന്നുണ്ട്. ഇവരുടെ വീട്ടിലെ വിവരങ്ങൾ വരെ ഇതിലൂടെ ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ സാധാരണക്കാരായ ആളുകളും നിരവധിയായി മരണപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ചിലതരം ലക്ഷ്യങ്ങളിൽ ആക്രമണത്തിന് അംഗീകാരം നൽകുന്നതിന് മുമ്പ് സാധാരണക്കാരെ കൊല്ലാം എന്നതിന് നിയമം നടപ്പിലാക്കിയിരുന്നു. താഴ്ന്ന റാങ്കിലുള്ള തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിൽ 20 ഓളം സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഐഡിഎഫ് ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു.
രഹസ്യാന്വേഷണ സ്രോതസ്സുകളെ ക്രോസ്-റഫറൻസ് ചെയ്യാൻ മാത്രമാണ് എഐ സിസ്റ്റങ്ങൾ ഉപയോഗിക്കുന്നത് എന്നാണ് ഐഡിഎഫ് അറിയിച്ചിരിക്കുന്നത്. ഒരാൾ തീവ്രവാദിയാണോ എന്ന് അറിയാൻ വേണ്ടി എഐ ഉപയോഗിക്കാറില്ല എന്നുമായിരുന്നു ഐഡിഎഫിന്റെ പ്രതികരണം. വെർ ഈസ് ഡാഡി എന്ന എഐ ഉപയോഗിക്കുമ്പോൾ ഹമാസ് പ്രവർത്തകർ വീടിനുള്ളിൽ ആണെങ്കിൽ ആക്രമണം നടത്താൻ നിർദേശം നൽകും. ഇതോടെ നിരപരാധികാളായ വീട്ടുകാരും മരണപ്പെടുന്നതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എഐയുടെ പുതിയ സാധ്യതകളാണ് ഈ റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത്. വരുന്ന കാലങ്ങളിൽ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഒരു പക്ഷെ എഐയെ ഉപയോഗിച്ചേക്കാം. നിലവിൽ വിവിധ മേഖലകളിൽ എഐ ഉപയോഗിക്കുന്നുണ്ട്. അതേ സമയം എഐ വിലിയ രീതിയിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്ന് വിദഗ്ദർ തന്നെ പല തവണ അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ പാർലമെന്റ് ഇലക്ഷൻ അടുത്തിരിക്കുന്ന സാഹചര്യത്തിൽ എഐയുടെ പ്രവർത്തനം വളരെ സൂക്ഷ്മതയോടെയാണ് നോക്കി കാണുന്നത്.


Click it and Unblock the Notifications








