ചന്ദ്രന് പിന്നാലെ സൂര്യനെ കീഴടക്കി ഇന്ത്യ; ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്ത് എത്തി, ഇനി എന്ത്?
ഇന്ത്യയുടെ ആദ്യത്തെ സൂര്യ ദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്ത് എത്തി. 127 ദിവസത്തോളം സഞ്ചരിച്ചാണ് ദൗത്യത്തിന്റെ ഭാഗമായ സാറ്റ്ലൈറ്റ് ലക്ഷ്യസ്ഥാനമായ ആദിത്യ ലാഗ്രാഞ്ച് പോയിന്റ് 1 (L1)-ൽ എത്തിയത്. ഹാലോ ഓർബിറ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഐഎസ്ആർഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സൂര്യനെക്കുറിച്ച് പഠിക്കാനായി ഇസ്രോ വിക്ഷേപിച്ച ആദ്യത്തെ സാറ്റ്ലൈറ്റ് ആണ് ആദിത്യ എൽ-1. ദൗത്യം ഏറെക്കുറെ വിജയമായി എന്നാണ് ഇതിൽ നിന്ന് ലഭിക്കുന്ന സൂചന. അധികം വൈകാതെ തന്നെ ഈ സാറ്റ്ലൈറ്റിലെ പെലോഡുകൾ പ്രവർത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആണ് ആദിത്യ എൽ-1 ലക്ഷ്യസ്ഥാനമായ ഹാലോ ഓർബിറ്റിൽ എത്തിയത്. അടുത്ത അഞ്ച് വർഷം സാറ്റ്ലൈറ്റ് ഇവിടെ തന്നെ സ്ഥിതി ചെയ്യും എന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്.

ഇക്കാലയളവിൽ സൂര്യനെക്കുറിച്ചുള്ള പ്രധാന പഠനങ്ങളും ആദിത്യ എൽ-1 നടത്തുന്നതായിരിക്കും. പേടകത്തിലെ ത്രസ്റ്ററുകളെ നിയന്ത്രിച്ചാണ് ഇവയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇസ്രോയ്ക്ക് സാധിച്ചത്. മറ്റ് തടസങ്ങൾ ഇല്ലാതെ സൂര്യനെ അടുത്ത് നിന്ന് നിരീക്ഷിക്കാൻ സാധിക്കുന്ന സ്ഥലം ആയതുകൊണ്ട് ആണ് ഹാലോ ഓർബിറ്റിനെ ലക്ഷ്യസ്ഥാനമാക്കി ഇസ്രോ തിരഞ്ഞെടുത്തത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ജവാൻ സ്പൈസ് സെന്ററിൽ നിന്നും ഇസ്രോ ആദിത്യ എൽ-1 വിക്ഷേപിച്ചത്. ആകെ ഏഴ് പെലോഡ് ആണ് ആദിത്യ എൽ-1ൽ ഇസ്രോ നൽകിയിരിക്കുന്നത്. ഇതിൽ രണ്ട് പെലോഡുകൾ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചതിയാ ഇസ്രോ അറിയിച്ചിട്ടുണ്ട്. സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപായ SUIT, സോളാർ വിൻഡ് കണികാ പരീക്ഷണത്തിന്റെ (ASPEX) എന്നിവയാണ് പ്രവർത്തനം ആരംഭിച്ച പെലോഡുകൾ.

മറ്റുള്ള പെലോഡുകൾ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സാറ്റ്ലൈറ്റ് ഇപ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്ന സാഹചര്യത്തിൽ മറ്റ് പെലോഡുകൾ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരിക്കും ഇനി ഇസ്രോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന പെലോഡുകൾ എല്ലാം തന്നെ ഇന്ത്യയിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ദൗത്യത്തിന് ഉണ്ട്. ഇതിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നിർമ്മിച്ച പെലോഡുകളും സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA) എന്ന പെലോഡ് ആണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. അതേ സമയം ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ച പെലോഡുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങൾ പകർത്താൻ വേണ്ടി നിർമ്മിച്ച SUIT എന്ന പെലോഡ് ആണ് ഇതിൽ ഒന്ന്. ഇത് പകർത്തിയ സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ ഇസ്രോ തങ്ങളുടെ ഔദ്യോഗിക എക്സ് പേജ് വഴി പുറത്ത് വിട്ടിരുന്നു.
200- 400 നാനോമീറ്റർ തരംഗ ദൈർഘ്യത്തിലാണ് SUIT ഈ ചിത്രങ്ങൾ പകർത്തിയത്. പ്രവർത്തനം ആരംഭിച്ച മറ്റൊരു പെലോഡ് ആണ് ASPEX. ഈ പെഡോല് സൗരക്കാറ്റിൽ നിന്നുള്ള സിഗ്നലുകൾ വിജയകരമായി തിരിച്ചറിഞ്ഞതായി ഡിസംബർ 2ന് ഇസ്രോ അറിയിച്ചിരുന്നു. സൂര്യനിലെ കണികകളുടെ ഒഴുക്ക്, കാന്തിക ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ പഠനത്തിലൂടെ ശേഖരിക്കാൻ സാധിക്കും എന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. 1,750 കിലോഗ്രാം ആണ് ആദിത്യ എൽ-1ന്റെ ഭാരം.
ലോകത്തിന് മുന്നിൽ നിർണ്ണായകമായ പല വിവരങ്ങൾ എത്തിക്കാനും ഈ ദൗത്യത്തിലൂടെ ഇന്ത്യയ്ക്ക് സാധിക്കുന്നതാണ്. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ നിരവധി വിവരങ്ങൾ ഈ ദൗത്യത്തിന്റെ പഠനത്തിൽ ഉൾപ്പെടുന്നുണ്ട്. സൂര്യന്റെ പ്രവർത്തനങ്ങൾ എങ്ങനെ ഭൂമിയുടെ കാലവസ്ഥയെ ബാധിക്കും എന്നും ഈ ദൗത്യം പഠിക്കും. ചന്ദ്രയാൻ 3ന്റെ വിജയത്തിന് ശേഷം ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന പ്രധാനപ്പെട്ട ദൗത്യങ്ങളിൽ ഒന്നാണ് ആദിത്യ എൽ 1.


Click it and Unblock the Notifications








